മലിനീകരണം തടയാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്െടന്നു കമ്മീഷന്‍
മലിനീകരണം തടയാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്െടന്നു കമ്മീഷന്‍
Wednesday, November 26, 2014 12:49 AM IST
തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണം തടയാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്െടന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി. വ്യവസായങ്ങള്‍ സംസ്ഥാന വളര്‍ച്ചയ്ക്ക് അനിവാര്യമാണെങ്കിലും അപകടമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം അനുവദിക്കാനാവില്ലെന്നും നടപടിക്രമത്തില്‍ പറയുന്നു.

കൊച്ചിന്‍ റിഫൈനറീസ് സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരേ കുഴിക്കാട് റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ടി.കെ. രവി സമര്‍പ്പിച്ച പരാതിയിലാണു നടപടി. കൊച്ചിന്‍ റിഫൈനറീസിന്റെ എല്‍പിജി ബോട്ടിലിംഗ് പ്ളാന്റിനോട് ചേര്‍ന്ന് താമസിക്കുന്ന 130 കുടുംബങ്ങളാണ് കമ്പനിയുടെ പരിസ്ഥിതി മലിനീകരണത്തിന് ഇരയായി തീര്‍ന്നിരിക്കുന്നത്.

അപകട സാധ്യതയുള്ള കമ്പനി നിര്‍ബന്ധമായും പാലിക്കേണ്ട ഗ്രീന്‍ബല്‍റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. പുകക്കുഴലില്‍ നിന്നു തള്ളുന്ന സള്‍ഫറും കരിയും നിറഞ്ഞ വാതകങ്ങള്‍ സമീപവാസികള്‍ക്ക് ശ്വാസകോശ രോഗങ്ങളും കാന്‍സറുമുണ്ടാകുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും ആംഗന്‍വാടിയും കമ്പനി മതിലിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. 84-ല്‍ കമ്പനിയില്‍ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായി. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.


കൊച്ചിന്‍ റിഫൈനറിയിലെ പരിസര മലിനീകരണം സമീപവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു എന്ന കാര്യം പരാതിയില്‍ നിന്നും വ്യക്തമാണെന്ന് ജസ്റീസ് ജെ.ബി. കോശി നടപടിക്രമത്തില്‍ പറഞ്ഞു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എണ്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍, വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കൊച്ചിന്‍ റിഫൈനറീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ പരാതിയെക്കുറിച്ച് ഡിസംബര്‍ 20 നകം വിശദീകരണം സമര്‍പ്പിക്കണം. കേസ് ഡിസംബര്‍ 24 ന് എറണാകുളം കളക്ടറേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.