ഡോ. ഇ.എം. തോമസിനു ബ്രദര്‍ മഞ്ഞളി അവാര്‍ഡ്
ഡോ. ഇ.എം. തോമസിനു ബ്രദര്‍ മഞ്ഞളി അവാര്‍ഡ്
Wednesday, November 26, 2014 1:11 AM IST
തൃശൂര്‍: ബ്രദര്‍ ളൂയീസ് മഞ്ഞളി സ്മാരകസമിതിയുടെ മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള ബ്രദര്‍ ളൂയീസ് മഞ്ഞളി സ്മാരക അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ് കോളജിലെ ഡോ. ഇ.എം. തോമസിനു സമ്മാനിക്കും. 'ഡോ. പി.ജെ. തോമസ്: കേരളത്തിന്റെ കെയ്ന്‍സ്' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്. അയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ബ്രദര്‍ മഞ്ഞളിയുടെ മൂന്നാം ചരമ വാര്‍ഷികദിനമായ ഇന്നു 11 ന് ഒല്ലൂര്‍ ചീരാച്ചി വിദ്യ പി.പി.ടി.ടി.ഐ. ഹാളില്‍ നടക്കുന്ന യോഗത്തില്‍ അവാര്‍ഡ് സമ്മാനിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, മാര്‍ അപ്രേം മെത്രാപ്പോലീത്ത, പ്രഫ. ജോര്‍ജ് മേനാച്ചേരി, ടോം ജോസ് അങ്കമാലി, ദീപിക ന്യൂസ് എഡിറ്റര്‍ ഡേവീസ് പൈനാടത്ത്, ബ്രദര്‍ ടോം, ജോര്‍ജ് ഇമ്മട്ടി, തോമസ് കൊള്ളന്നൂര്‍, പ്രഫ. വി.എ. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കുമെന്നു സ്മാരകസമിതി ചെയര്‍മാന്‍ ബേബി മൂക്കനും സെക്രട്ടറി ജോയ് പോളും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.