സംസ്ഥാന സ്കൂള്‍ കലോത്സവം: മാനാഞ്ചിറ മൈതാനം വിട്ടുകൊടുക്കാനാവില്ലെന്നു മേയര്‍
സംസ്ഥാന സ്കൂള്‍ കലോത്സവം: മാനാഞ്ചിറ മൈതാനം വിട്ടുകൊടുക്കാനാവില്ലെന്നു മേയര്‍
Wednesday, November 26, 2014 12:47 AM IST
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയെ ചൊല്ലി തര്‍ക്കം രൂക്ഷം. മുഖ്യവേദിയാക്കാന്‍ മാനാഞ്ചിറ മൈതാനം വിട്ടുകൊടുക്കാനാവില്ലെന്ന് മേയര്‍ പ്രഫ.എ.കെ.പ്രേമജം പറഞ്ഞു. എംഎല്‍എമാരുടെ മണ്ഡലം നോക്കി വേദി നിശ്ചയിക്കുന്നത് ശരിയല്ലെന്നും സംഘാടക സമിതി യോഗത്തില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും മേയര്‍ പറഞ്ഞു.

കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള മാനാഞ്ചിറ സ്ക്വയര്‍ ഇത്തരം പരിപാടികള്‍ക്ക് വിട്ടുനല്‍കാനാകില്ലെന്ന് മന്ത്രി എം.കെ. മുനീറിനെ നേരത്തെ തന്നെ അറിയിച്ചിട്ടും ഇത്തരമൊരു പ്രഖ്യാപനമുണ്ടായത് അംഗീകരിക്കാനാകില്ല. 65 ലക്ഷം രൂപ ചെലവഴിച്ച് അടുത്തിടെയാണ ്മാനാഞ്ചിറ മൈതാനം നവീകരിച്ചത്. സ്കൂള്‍ കലോത്സവത്തിനെന്നല്ല ഒരു പരിപാടിക്കും മാനാഞ്ചിറ വിട്ടുകൊടുക്കാനാവില്ലെന്ന് മേയര്‍ പറഞ്ഞു.

അതേസമയം മാനാഞ്ചിറയ്ക്കുവേണ്ടി നിര്‍ബന്ധം പിടിക്കുന്നതെന്തിനാണെന്ന് എ.പ്രദീപ്കുമാര്‍ എംഎല്‍എ ചോദിച്ചു. കലോത്സവത്തിന് കോഴിക്കോട് നഗരത്തില്‍ മറ്റു വേദികള്‍ ഉണ്ട്. പ്രധാനവേദി എരഞ്ഞിപ്പാലത്തെ സ്വപ്ന നഗരിയിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെയാണ് മാനാഞ്ചിറ മൈതാനം മുഖ്യവേദിയായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അതേസമയം മുഖ്യവേദി തെരഞ്ഞെടുക്കുന്നതിന് രാഷ്ട്രീയനീക്കങ്ങളും സിപിഎമ്മും മുസ്ലീം ലീഗും നടത്തുന്നുണ്ട്. 2010ല്‍ കോഴിക്കോട് നടന്ന സ്കൂള്‍ കലോത്സവത്തില്‍ മേയറായിരുന്നു സ്വാഗതസംഘം ചെയര്‍മാന്‍. കലോത്സവത്തിന്റെ പരിഷ്കരിച്ച മാന്വല്‍ പ്രകാരം മുഖ്യവേദി സ്ഥിതി ചെയ്യുന്ന മണ്ഡലത്തിന്റെ എംഎല്‍എയാണ് സംഘാടകസമിതി ചെയര്‍മാന്‍. മാനാഞ്ചിറ സ്ക്വയര്‍ മുഖ്യവേദിയായാല്‍ സംഘാടകസമിതി ചെയര്‍മാന്‍ മന്ത്രി ഡോ.എം.കെ. മുനീറാകും. നിലവില്‍ ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു.


സ്വപ്നനഗരി മുഖ്യവേദിയായാല്‍ സ്ഥലം എംഎല്‍എ എ. പ്രദീപ്കുമാര്‍ സംഘാടകസമിതി ചെയര്‍മാനാകും. ഈ വിഷയത്തിലാണ് രാഷ്ട്രീയപരമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. അതേസമയം, സ്വപ്നനഗരി വേദിയാക്കിയിട്ട് മന്ത്രി മുനീറിനെ ചെയര്‍മാനാക്കുന്നതില്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് എ. പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു. സ്വപ്നനഗരി മുഖ്യവേദിയാക്കിയാല്‍ യാത്രസൌകര്യം പ്രശ്നമാണെന്ന് വിദ്യാഭ്യാസ വകുപ്പധികൃതര്‍ പറയുന്നു.

അതേസമയം, മുഖ്യവേദിസംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. എറണാകുളത്ത് നടത്താനിരുന്ന സ്കൂള്‍ കലോത്സവം മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. അതുകൊണ്ടുതന്നെ ഒരുക്കങ്ങള്‍ക്ക് വളരെ കുറഞ്ഞ സമയമേ കിട്ടിയിട്ടുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.