കാര്‍ഷിക വാഴ്സിറ്റിയിലെ പീഡനം: അധ്യാപകനെ തിരിച്ചെടുത്തു, നിയമനം സ്വന്തം നാട്ടിലേക്ക്
Wednesday, November 26, 2014 12:56 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ സ്ത്രീപീഡനകേസില്‍ ആരോപിതനായ അധ്യാപകന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുത്തു. സര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള കമ്യൂണിക്കേഷന്‍ സെന്ററില്‍ വകുപ്പുമേധാവിയായിരിക്കേ സഹ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷന്റെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന പ്രഫസറെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.

ആരോപിതനായ അധ്യാപകനു സ്വദേശമായ നീലേശ്വരത്തിനരികിലുള്ള പടന്നക്കാട് കാര്‍ഷിക കോളജില്‍ എന്റമോളജി വകുപ്പിന്റെ മേധാവിയായിട്ടാണ് നിയമനം നല്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകലാശാല രജിസ്ട്രാര്‍ മിന്നല്‍വേഗത്തില്‍ തയാറാക്കിയ ഉത്തരവിന്റെ ബലത്തില്‍ ശനിയാഴ്ചതന്നെ അധ്യാപകന്‍ പടന്നക്കാട്ട് എത്തി ജോലിയില്‍ പ്രവേശിച്ചു. വൈസ് ചാന്‍സലര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അനുമതിക്കു വിധേയമായി എന്ന നിബന്ധനയോടെയാണ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. പി.വി. ബാലചന്ദ്രന്‍ ഉത്തരവിറക്കിയത്.

പീഡനകേസില്‍ പ്രതിയായ അധ്യാപകന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ മറവിലാണ് തിരിച്ചെടുക്കല്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ലൈംഗിക പീഡനകേസില്‍ അന്വേഷണം നടത്തണമെന്നു സംസ്ഥാന വനിതാ കമ്മീഷന്‍ കഴിഞ്ഞ 11 നു പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നു പത്തുദിവസത്തിനകം അറിയിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ഹൈക്കോടതി നവംബര്‍ 13 ന് ഉത്തരവിട്ടു. സര്‍വീസില്‍ തിരിച്ചെടുക്കണമെന്നു കോടതി വിധിച്ചിട്ടില്ലെങ്കിലും ആ ഉത്തരവിന്റെ മറവില്‍ തിരിച്ചെടുക്കുകയായിരുന്നു.


പീഡനക്കേസിലെ പ്രതിയായ അധ്യാപകനെതിരേ നടപടിയെടുക്കണമെന്നു പ്രാഥമികാന്വേഷണം നടത്തിയ സര്‍വകലാശാലയിലെ വനിതാസെല്‍ നല്‍കിയ നിര്‍ദേശം അട്ടിമറിച്ചുകൊണ്ടാണു നിയമനം.

പീഡനത്തിന് ഇരയായ അധ്യാപികയെ അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്കു മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കാത്ത സര്‍വകലാശാല അധികാരികള്‍ ഒരു മാസത്തിനകം മൂന്നു സ്ഥലംമാറ്റം നല്‍കി പീഡിപ്പിക്കുകയായിരുന്നു. 2013 നവംബറില്‍ സംഭവിച്ച പീഡനകേസില്‍ യഥാസമയം ഉചിതമായ നടപടികളെടുക്കാത്ത വൈസ് ചാന്‍സലര്‍ അടക്കമുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സര്‍വകലാശാലയിലെ വനിതാസെല്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് അധ്യാപകനെ സസ്പെന്‍ഡു ചെയ്തത്.

പീഡനക്കേസുകളില്‍ ആരോപിതരാകുന്നവര്‍ക്കെതിരേ യഥാസമയം നടപടിയെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോയി കോടതിയില്‍നിന്ന് അനുകൂല ഉത്തരവുകളിലൂടെ പ്രതികളെ രക്ഷപ്പെടുത്തുന്ന ഒത്തുകളിയാണ് ഏതാനും വര്‍ഷമായി സര്‍വകലാശാ ലയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.