മുഖപ്രസംഗം: ഭീതി അകറ്റണം; ജാഗ്രത തെല്ലും കുറയരുത്
Wednesday, November 26, 2014 12:43 AM IST
കുട്ടനാട്ടില്‍ വ്യാപകമായും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മറ്റു ചില പ്രദേശങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ മാത്രമല്ല, കേരളത്തിലാകമാനം വലിയ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആ പ്രദേശങ്ങളില്‍ താറാവ്, കോഴി തുടങ്ങി ഭക്ഷ്യാവശ്യത്തിനുള്ള പക്ഷികളെ വളര്‍ത്തിവിറ്റു ജീവിക്കുന്നവര്‍ക്കാകട്ടെ തങ്ങളുടെ ജീവിതായോധനമാര്‍ഗംതന്നെ അടഞ്ഞിരിക്കുന്നു. ഒപ്പം വലിയ ധനനഷ്ടം നേരിടുകയും ചെയ്തു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണു രോഗം പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടിയെന്നാണു ഡോക്ടര്‍മാരും ബന്ധപ്പെട്ട വിദഗ്ധരും നിര്‍ദേശിക്കുന്നത്. ഇതോടെ കര്‍ഷകര്‍ വലിയ വിഷമസന്ധിയിലായിരിക്കയാണ്.

താറാവുകളിലാണു കൂടുതല്‍ വ്യാപകമായി പക്ഷിപ്പനി കണ്െടത്തിയത്. തുടക്കത്തില്‍ത്തന്നെ ഇതു കണ്െടത്തിയിരുന്നെങ്കിലും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസീസ് ലബോറട്ടറിയില്‍നിന്നുള്ള പരിശോധനാഫലം എത്തിയതിനെത്തുടര്‍ന്നാണു സ്ഥിരീകരണം ലഭിച്ചത്. രോഗബാധയുള്ള പ്രദേശത്തെ താറാവുകളെ ഇന്നലെത്തന്നെ നശിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും കര്‍ഷകരുടെ എതിര്‍പ്പിനെത്തുടര്‍ന്നും രോഗപ്രതിരോധ ക്രമീകരണങ്ങള്‍ വൈകിയതുമൂലവും തീരുമാനം അടുത്ത ദിവസത്തേക്കു മാറ്റിവച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്തു നടന്ന യോഗം താറാവ് കര്‍ഷകരുടെ നഷ്ടം നികത്തുന്നതിനുള്ള പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. രണ്ടു മാസത്തില്‍താഴെ പ്രായമുള്ള ഓരോ താറാവിനും 75 രൂപവീതവും അതില്‍ കൂടുതല്‍ പ്രായമുള്ളതിന് 150 രൂപയുമാണു നഷ്ടപരിഹാരം ലഭിക്കുക. ഇത് അപര്യാപ്തമാണെന്നാണു കര്‍ഷകരുടെ നിലപാട്. വളര്‍ച്ചയെത്തിയ താറാവിന് ഇരുനുറ്റമ്പതു മുതല്‍ മുന്നൂറുവരെ രൂപ വിപണിവിലയുണ്ട്. താറാവിന്‍കുഞ്ഞുങ്ങളുടെ വിലയും കച്ചവടം ചെയ്യുന്നതുവരെയുള്ള പരിപാലനച്ചെലവുമൊക്കെ കണക്കാക്കിയാല്‍ വളരെ തുച്ഛമായ ലാഭമേ താറാവു കര്‍ഷകര്‍ക്കു കിട്ടാറുള്ളൂ. വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത അവര്‍ക്ക് ഈ പ്രതിസന്ധിഘട്ടത്തില്‍ ന്യായമായ നഷ്ടപരിഹാരം നല്‍കേണ്ടതാണ്. ഒരുപാടു കോടികളൊന്നും സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കേണ്ടതില്ല. വലിയ വരുമാനമൊന്നുമില്ലാത്ത ആ കര്‍ഷകര്‍ക്കായി അല്പം പണം കൂടുതല്‍ കണ്െടത്താനുള്ള സന്മനസ് സര്‍ക്കാര്‍ കാണിക്കുകതന്നെ വേണം.

ആയിരക്കണക്കിനു വളര്‍ത്തു പക്ഷികളെ ഒറ്റയടിക്കു നശിപ്പിക്കുകയെന്നതു കര്‍ഷകര്‍ക്കു വലിയ മാനസികവിഷമമുണ്ടാക്കുന്ന കാര്യംതന്നെയാണ്. എന്നാല്‍ അത്തരമൊരു നടപടി ഈ സാഹചര്യത്തില്‍ അനിവാര്യമാണെന്നു കര്‍ഷകര്‍ മനസിലാക്കണം. പക്ഷിപ്പനി മനുഷ്യര്‍ക്കു മാരകമായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ലെങ്കിലും ജാഗ്രതയില്ലായ്മ മനുഷ്യരിലേക്കും ഈ രോഗം പകരാന്‍ സാഹചര്യമൊരുക്കുമെന്നു മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധമരുന്നുകള്‍ ഏഴു ദിവസംവരെ കഴിക്കേണ്ടതാണ്.


ഒരു പ്രദേശത്തു പക്ഷിപ്പനി കണ്െടത്തിയാല്‍ അവിടെയുള്ള പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നതാണു ലോകാരോഗ്യസംഘടന നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശമെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നു. ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഈ യത്നം വിജയിക്കൂ. രോഗവ്യാപനം തടയുന്നതിന് ഇത്തരമൊരു നടപടി അനിവാര്യമെങ്കില്‍ എത്ര വിഷമകരമാണെങ്കിലും അതിനു തയാറാവുക എന്നതാണു കരണീയം. അതോടൊപ്പം രോഗബാധ പടര്‍ന്നു പിടിച്ചിട്ടില്ലാത്ത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.

രോഗം ബാധിച്ച താറാവുകളെയും കോഴികളെയും മറ്റു പക്ഷികളെയും മരുന്നുനല്‍കി രക്ഷിക്കാനുള്ള സാധ്യത തീര്‍ത്തും ഇല്ലാതിരിക്കേ ഇവയെ നശിപ്പിക്കാതിരുന്നാല്‍ രോഗം വളരെവേഗം മറ്റു പക്ഷികളിലേക്കും പകരുകയാവും ചെയ്യുക. തര്‍ക്കിച്ചിരിക്കാനോ അലംഭാവം കാട്ടാനോ ഈ സന്ദര്‍ഭത്തില്‍ സാധിക്കില്ല. രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിലെ താറാവുകളെ നശിപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. അതോടൊപ്പംതന്നെ പക്ഷിപ്പനിയുടെ പേരില്‍ അനാവശ്യ ഭീതി വേണ്ടതില്ലെന്നും ഐഎംഎ വ്യക്തമാക്കിയിട്ടുണ്ട്.

ഏതായാലും ജാഗ്രത ഒട്ടും കുറയരുതെന്നതു സുപ്രധാനമാണ്. ജനങ്ങളില്‍ ഭീതി പരത്തുന്ന സംശയങ്ങള്‍ ദൂരീകരിക്കപ്പെടണം. രോഗം ബാധിച്ച പക്ഷികളുമായി നിരന്തരം സംസര്‍ഗത്തിലേര്‍പ്പെടുന്നവരാണു കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടത്. നശിപ്പിക്കുന്ന താറാവുകളുടെയും കോഴികളുടെയുമൊക്കെ അവശിഷ്ടങ്ങള്‍ വെള്ളത്തിലും മറ്റും കലരാതെ സൂക്ഷിക്കുകയെന്നതും വളരെ പ്രധാനം തന്നെ. ചത്ത പക്ഷികളെയും താറാവുകളെയും പുഴയിലും തോട്ടിലുമൊക്കെ ഒഴുക്കിക്കളയുന്ന സാഹചര്യം ഒരിക്കലുമുണ്ടാകരുത്. വൈറസുകള്‍ പടരുന്നതിനു വളരെ എളുപ്പമുള്ള അത്തരം മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കരുത്.

ഇതൊരു വലിയ മുന്നറിയിപ്പായി നാം കാണേണ്ടതുണ്ട്. കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഇരുവശങ്ങളിലും നിരവധി താറാവു വിപണന കേന്ദ്രങ്ങളുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും കോഴിക്കടകളുമുണ്ട്. അവിടെയൊക്കെനിന്നുള്ള അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ ഇപ്പോള്‍ യാതൊരു മാര്‍ഗവുമില്ല. ജലാശയങ്ങളിലേക്ക് ഇവ തള്ളിവിടുന്നത് അപൂര്‍പവമല്ല. ഇത്തരം കാര്യങ്ങളില്‍ക്കൂടി ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഈ അവസരം സഹായകമാകണം. താറാവ്, കോഴി കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കി, അത് ഉടന്‍ വിതരണംചെയ്തുകൊണ്ടു രോഗബാധിതമായ പക്ഷികളെ കഴിവതുംവേഗം ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ട കാര്യം. നീണ്ട ചര്‍ച്ചകളിലൂടെ സമയം കളയാനാവില്ല. ജാഗ്രതാപൂര്‍ണമായ കര്‍മപദ്ധതികളാണു വേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.