മദ്യ വോട്ട്: പറയാനുള്ളതു പറഞ്ഞെന്നു സുധീരന്‍; പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നു രമേശ് ചെന്നിത്തല
മദ്യ വോട്ട്: പറയാനുള്ളതു പറഞ്ഞെന്നു സുധീരന്‍; പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നു രമേശ് ചെന്നിത്തല
Wednesday, November 26, 2014 12:05 AM IST
കൊച്ചി: മദ്യവ്യാപാരികളില്‍നിന്നു കോണ്‍ഗ്രസ് സംഭാവന വാങ്ങിക്കില്ലെന്നും അവരുടെ വോട്ടു വേണ്െടന്നും താന്‍ പറഞ്ഞത് പറഞ്ഞതാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ജനപക്ഷ യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ അവസാന ദിനത്തില്‍ എറണാകുളം ഗസ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച ആവര്‍ത്തിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ തയാറാകാതിരുന്ന സുധീരന്‍ ഇപ്പോള്‍ കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നം പക്ഷിപ്പനി ഉയര്‍ത്തുന്ന വെല്ലുവിളിയാണെന്നും താന്‍ അതില്‍ കേന്ദ്രീകരിക്കുകയാണെന്നും പ്രതികരിച്ചു.

എന്ത് എപ്പോള്‍ എങ്ങനെ പറയണമെന്നു താന്‍ തന്നെ തീരുമാനിക്കുമെന്നായിരുന്നു സുധീരന്റെ വിശദീകരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ജാഥാ പര്യടനത്തില്‍ ആയതിനാല്‍ ചാനല്‍ മാധ്യമ ചര്‍ച്ചകളൊന്നും കണ്ടില്ലെന്നായിരുന്നു മറുപടി.


അതേസമയം, മദ്യവ്യാപാരികളുടെ വോട്ട് വേണ്െടന്നു പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു പിന്നീട്, ഇവിടെ മാധ്യമപ്രവര്‍ത്തകരെ കണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. വ്യക്തികള്‍ക്ക് അവരവരുടെ നിലപാടുകള്‍ ആവാം. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല. ആരുടെയും വോട്ട് വേണ്ട എന്ന അഭിപ്രായം തനിക്കില്ല. ജനാധിപത്യ സംവിധാനത്തില്‍ ആരുടെയും വോട്ട് വേണ്െടന്നുവയ്ക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.