വാഹനാപകടത്തില്‍ ബാങ്ക് അസി. മാനേജര്‍ മരിച്ചു
വാഹനാപകടത്തില്‍ ബാങ്ക് അസി. മാനേജര്‍ മരിച്ചു
Tuesday, November 25, 2014 1:29 AM IST
ആലുവ: തോട്ടയ്ക്കാട്ടുകരയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസ് ഐടി വിഭാഗം അസിസ്റന്റ് മാനേജര്‍ ദീപുരാജ് (28) മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട ദിവ്യ കോട്ടേജില്‍ ജയചന്ദ്രന്റെ മകനാണ്. കാര്‍ ഓടിച്ചിരുന്ന ഫെഡറല്‍ ബാങ്ക് ബാംഗളൂര്‍ ശാഖയില്‍ ഐടി ഔട്ട്സോഴ്സിംഗ് വിഭാഗത്തില്‍ ജീവനക്കാരനായ കോതമംഗലം മാതിരപ്പിള്ളി സ്വദേശി പുളിക്കല്‍ വീട്ടില്‍ ചാള്‍സ് (28) ഗുരുതരമായ പരിക്കുകളോടെ എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരുടെയും സുഹൃത്തിന്റെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. രാത്രി 11.30 ഓടെ ആലുവ പറവൂര്‍ കവല തോട്ടക്കാട്ടുകരയിലാണ് അപകടമുണ്ടായത്. ദീപുരാജും ചാള്‍സും സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നില്‍ ഇവരുടെ സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു ഗുരുതര പരിക്കുപറ്റിയ ദിപുരാജ് മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ചികിത്സയിലായിരിരുന്നു. ഞായറാഴ്ച രാത്രി 11.30നാണ് മരിച്ചത്. കാറിന്റെ പിന്നിലിടിച്ചതിനെ തുടര്‍ന്നു നിയന്ത്രണംവിട്ട ജീപ്പ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ജീപ്പില്‍ സഞ്ചരിച്ചിരുന്ന ആര്‍ക്കും പരിക്കില്ല.


തോട്ടയ്ക്കാട്ടുകര പീടികപ്പറമ്പില്‍ ചന്ദ്രിക ചന്ദ്രന്റെ വീട്ടിലേക്കാണു വാഹനം ഇടിച്ചുകയറിയത്. വീടിന്റെ ഒരു ഭാഗം തകര്‍ത്ത് ജീപ്പ് ഇടിച്ചുകയറിയെങ്കിലും വീടിനകത്തു മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മയും മകളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ദീപുരാജിന്റെ വിവാഹം അടുത്ത മേയില്‍ നടത്താന്‍ നിശ്ചിയിച്ചിരുന്നതാണ്. പോലീസ് ഇന്‍ക്വസ്റ് തയാറാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.