പക്ഷിപ്പനി: ആശങ്ക, മുന്‍കരുതല്‍
പക്ഷിപ്പനി: ആശങ്ക, മുന്‍കരുതല്‍
Tuesday, November 25, 2014 1:22 AM IST
രണ്ടാഴ്ചയ്ക്കുള്ളില്‍ ചത്തൊടുങ്ങിയതു കാല്‍ ലക്ഷത്തോളം താറാവുകള്‍

എടത്വ: പക്ഷിപ്പനി ബാധിച്ചു കുട്ടനാട്ടില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ചത്തൊടുങ്ങിയതു കാല്‍ ലക്ഷത്തോളം താറാവുകള്‍. ചത്ത താറാവുകളെ കേരളത്തിലെ രണ്ടു ലാബുകളില്‍ പരിശോധിച്ചെങ്കിലും മരണകാരണം എന്താണെന്നു കണ്െടത്താന്‍ സാധിച്ചിരുന്നില്ല. തീറ്റ കിട്ടാത്ത താറാവുകള്‍ പെട്ടെന്നു തീറ്റ കിട്ടിയപ്പോള്‍ ആര്‍ത്തിയോടെ തിന്നതാണു കാരണമെന്നായിരുന്നു ആദ്യവിശദീകരണം. കഴിഞ്ഞയാഴ്ച താറാവുകള്‍ വീണ്ടും കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു ലാബുകളില്‍ നടത്തിയ പരിശോധനയില്‍ അണുബാധയാണു കാരണമെന്നു കണ്െടത്തി.

എടത്വ തലവടി തെക്ക് വേഴപ്പുറത്ത് കെ.പി. കുട്ടപ്പന്റെ 84 ദിവസം പ്രായമായ 15000 ത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തതോടെയാണു സാമ്പിളുകള്‍ പരിശോധനയ്ക്കായി ബംഗളൂരുവിലേക്ക് അയച്ചത്. നെടുമുടി പൂപ്പള്ളി ജംഗ്ഷനു സമീപം പൊങ്ങ പാടത്താണു കുട്ടപ്പന്റെ താറാവുകള്‍ ചത്തൊടുങ്ങിയത്. ഒരു ദിവസം പ്രായമായ താറാവിന്‍കുഞ്ഞുങ്ങളെ ചെന്നിത്തലയില്‍ നിന്നും വാങ്ങിയ കര്‍ഷകന്‍ 30 ദിവസം കഴിഞ്ഞപ്പോള്‍ പ്ളേഗിനും 45 ദിവസം കഴിഞ്ഞപ്പോള്‍ ഹൃദയാഘാതത്തിനും 62 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പ്ളേഗിനും പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. ഇവയാണു തീറ്റയ്ക്കിടെ തൂങ്ങിനില്‍ക്കുകയും ചുണ്ട് വിറപ്പിച്ചു തലതല്ലി വീണു ചാകുകയും ചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീണ്ടും കുത്തിവയ്പ് എടുത്തെങ്കിലും താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുകയായിരുന്നു. വേറെ ആയിരത്തോളം താറാവുകളുടെ കാഴ്ചശക്തി നശിച്ചെന്നും കര്‍ഷകന്‍ പറയുന്നു.

എടത്വ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വേളശേരി തോട്ടില്‍ തീറ്റയ്ക്കിറക്കിയ രണ്ടായിരത്തോളം താറാവുകളാണ് ആദ്യം ചത്തത്. കൃഷി മുന്നൊരുക്കങ്ങളുടെ ഭാഗമായി പമ്പിംഗ് നടത്തവേ മടവലയിലൂടെ ലഭിച്ച ചെറിയ മത്സ്യങ്ങള്‍ കരാറുകാരന്‍ തോട്ടില്‍ തള്ളിയിരുന്നു. അഴുകിയ മത്സ്യങ്ങള്‍ താറാവുകള്‍ തിന്നതോ കൃഷിക്കു മുമ്പുപയോഗിച്ചിരുന്ന കീടനാശിനികളുടേയോ രാസവളത്തിന്റെയോ അവശിഷ്ടങ്ങള്‍ പാടത്ത് കിടന്നതോ ആകാം താറാവുകള്‍ ചാകുന്നതിനു കാരണമായതെന്നായിരുന്നു സംശയം.

ഓടിനടക്കുന്ന താറാവുകള്‍ക്കു പെട്ടെന്നു തൂക്കം അനുഭവപ്പെടുകയും മണിക്കൂറുകള്‍ക്കകം ചത്തുവീഴുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷത്തോളം താറാവുകള്‍ ചത്തിരുന്നു. 2014 ജൂണില്‍ ആയിരത്തോളം താറാവുകള്‍ ചത്തിരുന്നെങ്കിലും കാര്യമാക്കിയില്ല.

സമീപവര്‍ഷങ്ങളില്‍ താറാവുകര്‍ഷകരുടെ എണ്ണത്തിലും താറാവിന്റെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിരുന്നു. പരമ്പരാഗത കര്‍ഷകരില്‍ പലര്‍ക്കും 5000 ത്തിനും 20000ത്തിനും ഇടയില്‍ താറാവുകളുണ്ട്. കുട്ടനാടന്‍ താറാവുകള്‍ക്ക് പ്രിയമേറിയതോടെയാണ് കര്‍ഷകരിലും താറാവുകളുടെ എണ്ണത്തിലും വര്‍ധന അനുഭവപ്പെടാന്‍ തുടങ്ങിയത്. വീയപുരം, എടത്വ, തലവടി, ചമ്പക്കുളം, കണ്ടങ്കരി, ചങ്ങംകരി, തായങ്കരി, വെളിയനാട്, കാവാലം, നിരണം, പള്ളിപ്പാട്, ചെന്നിത്തല തുടങ്ങിയ പ്രദേശങ്ങളിലായി വലിയകൂട്ടം താറാവുകളാണുള്ളത്. 15 ലക്ഷത്തോളം താറാവുകളാണു ജില്ലയില്‍ ഉള്ളതെന്നാണു താറാവ് കര്‍ഷകസംഘടനാ ഭാരവാഹികള്‍ പറയുന്നത്.

കോട്ടയത്തു കര്‍ക്കശ നിയന്ത്രണങ്ങള്‍

കോട്ടയം: കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. അയ്മനം, ആര്‍പ്പൂക്കര, കുമരകം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലാണു പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ അയ്മനം പഞ്ചായത്തിലാണു രോഗബാധ കൂടുതലും കണ്െടത്തിയത്.

മനുഷ്യരിലേക്കു രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മൃഗസംരക്ഷണവകുപ്പിനു നിര്‍ദേശം നല്‍കി. മനുഷ്യരിലേക്കു പടരാതിരിക്കാന്‍ രോഗബാധിത മേഖലകളെ രണ്ടായി തിരിച്ചാണു പ്രതിരോധ പ്രവര്‍ത്തനം. രോഗം ബാധിച്ച വളര്‍ത്തു പക്ഷികളെ കണ്െടത്തിയതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നുകളയാനും 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമാണു കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാന്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ താറാവ്, കോഴി തുടങ്ങിയവ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും മാംസവില്പനയും നിരോധിച്ചു കളക്ടര്‍ ഉത്തരവിറക്കി. മുട്ട ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്നതിനും നിരോധനമുണ്ട്. കോട്ടയം, വൈക്കം തഹസീല്‍ദാര്‍മാരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മസേനയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ പ്രത്യേക സെല്‍ ആരംഭിച്ചിട്ടുണ്ട്.

ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്നു ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതേസമയം, താറാവുകളെ കൊന്നൊടുക്കുന്നതു സംബന്ധിച്ച് വ്യക്തത ആയില്ല. പക്ഷികളെ കൊന്നൊടുക്കുന്നവര്‍ക്കു മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ പ്രതിരോധ മരുന്നുകള്‍ ലഭ്യമല്ലാത്തതാണു താറാവുകളെ കൊല്ലുന്ന കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

പക്ഷിപ്പനി തടയാന്‍ എന്താണു പക്ഷിപ്പനി?

പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ പക്ഷികളില്‍ പടരുന്ന ഒരു വൈറല്‍ രോഗമാണ്. വെള്ളത്തില്‍ കഴിയുന്ന പക്ഷികള്‍ക്കാണു കൂടുതല്‍ രോഗബാധ കാണുന്നത്.

രോഗകാരണം

ഓര്‍ത്തോമിക്സേ വൈറിഡേ കുടുംബത്തില്‍പ്പെട്ട ഇന്‍ഫ്ളുവന്‍സ എ വൈറസുകളാണ് പക്ഷിപ്പനിക്കു കാരണം. ഇതേ വൈറസുകളുടെ വകഭേദങ്ങളാണ് മനുഷ്യരിലും മൃഗങ്ങളിലും മറ്റുമുണ്ടാകുന്ന ഇന്‍ഫ്ളുവന്‍സയ്ക്കു കാരണം.

വകഭേദങ്ങള്‍

പക്ഷിപ്പനിക്കു കാരണമായ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസില്‍ത്തന്നെ നിരവധി വകഭേദങ്ങളുണ്ട്. ഇവയില്‍ എ (എച്ച്5എന്‍1) ഇനമാണ് ഏറ്റവും മാരകം. 1997 ഹോങ്കോംഗില്‍ ഇവ മനുഷ്യരിലേക്കു സംക്രമിച്ചു. 2003ലും 2004ലും ഇവയുടെ ആക്രമണം ഏഷ്യയിലും ആഫ്രിക്കയിലും ഉണ്ടായി.

അപകടകാരിയായ മറ്റൊരു ഇനമാണ് എ (എച്ച് 7 എന്‍ 9). ചൈനയിലാണ് ഇതും ആദ്യം കണ്ടത്- 2003 ല്‍. മറ്റു രോഗങ്ങള്‍ ഉള്ളവരെ പെട്ടെന്ന് അവശരാക്കി മരണത്തിലേക്കു നയിക്കും. ഇതിനകം ചൈനയില്‍ 400ലേറെ പേര്‍ക്ക് ഈയിനം വൈറസ് ബാധിച്ചു. നൂറിലേറെപ്പേര്‍ മരിച്ചു.
കേരളത്തിലെ താറാവുകളില്‍ ബാധിച്ചത് ഏതിനമാണെന്ന് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

വൈറസ് പകരുന്ന രീതി

ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ വൈറസ് പകരാം. കാഷ്ഠം, ജീവികളുടെ മൂക്കില്‍നിന്നും മറ്റുമുള്ള സ്രവങ്ങള്‍ എന്നിവയും വൈറസിനെ പരത്തുന്നു.


പനി ബാധിച്ച ജീവിയുടെ മാംസം/മുട്ട കഴിക്കാമോ?

ഇറച്ചി വേവിച്ചു കഴിച്ചാല്‍ രോഗം പിടിപെടില്ല. പക്ഷേ, ഇറച്ചി കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിച്ചിരിക്കണം.മുട്ട വേവിച്ചു കഴിക്കാം. പച്ചമുട്ടയില്‍ വൈറസുണ്ട്. അതിനാല്‍ മുട്ട പച്ചയ്ക്കു കഴിക്കരുത്.
ഇവ രണ്ടും ഒഴിവാക്കാനാണു സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്.

രോഗബാധയുടെ ഗതി

സാധാരണ ഇന്‍ഫ്ളുവന്‍സ വൈറസ് മനുഷ്യശരീരത്തില്‍ കടന്നാല്‍ രണ്ടു മൂന്നു ദിവസംകൊണ്ടു ലക്ഷണങ്ങള്‍ കാണും. എന്നാല്‍, എ (എച്ച്-5 എന്‍1) രോഗബാധ രണ്ടു മുതല്‍ എട്ടുവരെ ദിവസം കൊണ്േട അറിയൂ. ചിലപ്പോള്‍ 17 ദിവസം വരെ ആകാം. എ (എച്ച്7 എന്‍9) വിഭാഗം ശരാശരി അഞ്ചു ദിവസംകൊണ്ടു ലക്ഷണങ്ങള്‍ കാണിക്കും. എട്ടു ദിവസം വരെ നീളാം.

ലക്ഷണങ്ങള്‍

കടുത്ത പനി, വയറിളക്കം, ഛര്‍ദി, വയറുവേദന ഇവയാണു പ്രാരംഭ ലക്ഷണങ്ങള്‍. ആദ്യലക്ഷണം പ്രത്യക്ഷപ്പെട്ട് അഞ്ചുദിവസമാകുമ്പോഴേക്ക് ശ്വാസതടസമുണ്ടാകാം. ചിലര്‍ക്കു മൂക്കിലും മോണയിലും രക്തസ്രാവമുണ്ടാകും. രോഗം കൂടുമ്പോള്‍ കഫത്തില്‍ രക്തം കാണപ്പെടും. ഇതോടൊപ്പം ന്യൂമോണിയയും ബാധിക്കാറുണ്ട്.

ചികിത്സ

താമിഫ്ളു എന്ന പേരില്‍ ഇറക്കുന്ന ഒസെല്‍ടാമിവിര്‍ ഫോസ്ഫേറ്റാണ് ഇപ്പോള്‍ ഫലപ്രദമായി കാണുന്ന മരുന്ന്. ലക്ഷണം കണ്ടു 48 മണിക്കൂറിനകം ഇതു നല്‍കിയാല്‍ തീവ്രത ഗണ്യമായി കുറയും. കോശങ്ങള്‍ക്കിടയിലുള്ള വൈറസ് പടരല്‍ തടയുന്നതാണ് ഈ മരുന്ന്.

പത്തനംതിട്ടയിലെ മൂന്നു പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവല്ല: കുട്ടനാടന്‍ മേഖലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയിലെ മൂന്നു ഗ്രാമപഞ്ചായത്ത് മേഖലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

തിരുവല്ല താലൂക്കിലെ നിരണം, പെരിങ്ങര, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലാണു ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പക്ഷിപ്പനി കണ്ടതോടെയാണു സമീപ പഞ്ചായത്തുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. സ്ഥലങ്ങള്‍ അടിയന്തരമായി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒയ്ക്കു നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

നിരണം പഞ്ചായത്തില്‍ താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. സമീപ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിരണത്തുളള കര്‍ഷകരും ആശങ്കയിലാണ്. നിരണം പഞ്ചായത്തിലെ ഇരതോട് ഭാഗത്താണു കോഴികള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തത്. തൂമ്പുങ്കല്‍ തോമസിന്റെ 35 കോഴികളാണു കഴിഞ്ഞ ദിവസം ചത്തുവീണത്. കിഴക്കേപറമ്പില്‍ കുഞ്ഞുമോള്‍, കുഞ്ഞുകുട്ടി, മീനടത്തില്‍ ശാന്തമ്മ എന്നിവരുടെയും നിരവധി കോഴികളും ചത്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പ്രതിരോധമരുന്ന് ആവശ്യത്തിനില്ലെന്നു കര്‍ഷകര്‍

എടത്വ: ആലപ്പുഴ ജില്ലയില്‍ താറാവുകളുടെ എണ്ണത്തിനനുസരിച്ചു പ്രതിരോധമരുന്ന് കിട്ടുന്നില്ലെന്നു കര്‍ഷകര്‍. പ്രതിരോധമരുന്നില്ലാത്തതാണു താറാവുകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നാണു പരമ്പരാഗത താറാവു കര്‍ഷകര്‍ പറയുന്നത്.

തിരുവനന്തപുരം ജില്ലയിലെ പാലോടിലാണു താറാവുകള്‍ക്കുള്ള പ്രതിരോധ മരുന്നിന്റെ ഉത്പാദനം നടക്കുന്നത്. പ്രധാനമായും പാസ്റര്‍ലോസ്, ഡക്ക് പ്ളേഗ് വാക്സിന്‍ എന്നിവയാണു പാലോട്ട് ഉത്പാദിപ്പിക്കുന്നത്. താറാവുകളുടെ എണ്ണത്തിനനുസരിച്ച് വാക്സിന്റെ ഉത്പാദനം വര്‍ധിപ്പിക്കണമെങ്കില്‍ രണ്ടു യൂണിറ്റുകള്‍കൂടി ആരംഭിക്കുകയോ നിലവിലുള്ളതിന്റെ ശേഷി പതിന്മടങ്ങ് വര്‍ധിപ്പിക്കുകയോ ചെയ്യണം. ഈ ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹാച്ചറികളില്‍ വിരിയിച്ചെടുക്കുന്ന താറാവിന്‍കുഞ്ഞിന് നാലാഴ്ചയ്ക്കുള്ളില്‍ ആദ്യത്തെ പ്രതിരോധ കുത്തിവയ്പു നല്‍കണം. രണ്ടാമത്തേത് ഒന്നര മാസത്തിനുശേഷവും. ഓരോ കര്‍ഷകനും അതതു പഞ്ചായത്തുകളിലെ മൃഗാശുപത്രികളില്‍ പ്രതിരോധ മരുന്നിനു മുന്‍കൂര്‍ രജിസ്റര്‍ ചെയ്യണം. ഇവിടെനിന്നുള്ള നിര്‍ദേശ പ്രകാരമാണു വാക്സിന്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വാക്സിന്‍ പരിശീലനം സിദ്ധിച്ച വ്യക്തികളെക്കൊണ്ടാണു കുത്തിവയ്പിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള മരുന്ന് ലഭിക്കുന്നില്ല എന്നു മാത്രമല്ല കുത്തിവയ്പെടുക്കേണ്ട അവശ്യസമയങ്ങളില്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നുമില്ല. പാലോട്ടെ സ്ഥാപനത്തില്‍ നിന്ന് ആവശ്യമനുസരിച്ച് ഉത്പാദിപ്പിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിനാവശ്യമായ മരുന്ന് ഉത്പാദിപ്പിച്ചാല്‍ അവ സൂക്ഷിക്കാന്‍ കഴിയില്ല എന്നതാണ് ഒരു കാരണം. തണുത്ത അന്തരീക്ഷത്തിലാണ് മരുന്നു സൂക്ഷിക്കേണ്ടത്. ആറു മാസമാണ് അവയുടെ കാലാവധി. അതിനാല്‍ നിര്‍മിക്കുന്നതിനും സൂക്ഷിക്കുന്നതിനും പരിധിയുണ്െടന്നാണ് ഉത്പാദനകേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന സൂചന.

പക്ഷിപ്പനിയും മുന്‍കരുതലുകളും

പക്ഷിപ്പനി സംസ്ഥാനത്തു പടര്‍ന്നതു ദേശാടനപ്പക്ഷികളിലൂടെ ആവാം.
ഏറെ വേഗത്തില്‍ ഇവ പിടിപെടുന്നത് താറാവ്, കോഴി എന്നിവയ്ക്കാണ്. കോഴി, താറാവ് എന്നിവയുടെ കഴുത്തിനു ചുറ്റും നീരുണ്ടാകുന്നതാണു പ്രധാന രോഗലക്ഷണം.
മുട്ട ഇടുന്ന താറാവാണെങ്കില്‍ അവയുടെ മുട്ടയുടെ എണ്ണത്തിലും പെട്ടെന്നു കുറവുണ്ടാകും.
മൂന്നു മുതല്‍ ഏഴു വരെ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ജീവികളില്‍ വൈറസ് പൂര്‍ണശക്തിയിലെത്തും. തുടര്‍ന്നു വൈറസ് ബാധ ഏറ്റ ജീവികള്‍ ചത്തൊടുങ്ങും

മുന്‍കരുതലുകള്‍

പക്ഷിപ്പനി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ അവയുടെ മുട്ടയോ മാംസമോ കഴിക്കുന്നതു പൂര്‍ണമായും ഉപേക്ഷിക്കണം.

പക്ഷിപ്പനി പിടിപെട്ട മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴി, താറാവ് എന്നിവയെ പൂര്‍ണമായും കൊന്നുകളയണം.

കൊല്ലുന്ന പക്ഷികളെ ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചു കത്തിച്ചുകളയണം. കുഴിച്ചുമൂടിയാല്‍ വൈറസ് ആക്രമണം വീണ്ടും ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണു കത്തിച്ചുകളയുന്നത്.

കോഴിഫാമുകള്‍ അണുനാശിനികള്‍ ഉപയോഗിച്ചു ശുദ്ധീകരിക്കണം.
കോഴി, താറാവ് ഉള്‍പ്പെടെയുള്ളവയെ വളര്‍ത്തുന്നവരില്‍ പനി, ജലദോഷം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ചികിത്സ തേടുക.
മുറിവും മറ്റും ഉള്ളപ്പോള്‍ യാതൊരു കാരണവശാലും ഇവയുമായി സമ്പര്‍ക്കത്തില്‍പ്പെടരുത്

വായുവില്‍ക്കൂടിയും വിസര്‍ജ്യത്തില്‍ക്കൂടിയും ഇവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും രോഗം മനുഷ്യനിലേക്കു പിടിപെടാനുള്ള സാധ്യതയുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ അവയുമായി യാതൊരു തരത്തിലും ഇടപഴകരുത്.
മനുഷ്യര്‍ക്ക് ഈ രോഗം പിടിപെട്ടാല്‍ സാധാരണ പനിയില്‍ തുടങ്ങി ന്യുമോണിയ വരെ ആകാനുള്ള സാധ്യതയുമുണ്ട്.

(വിവരങ്ങള്‍ നല്കിയത് കേരള വെറ്ററിനറി സര്‍വകലാശാലാ കൈക്രോബയോളജി പ്രഫസര്‍ ഡോ. ഷൈജു ജോസഫ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.