ജര്‍മന്‍ ആഡംബരക്കപ്പല്‍ ഐഡസോള്‍ കൊച്ചിയില്‍
ജര്‍മന്‍ ആഡംബരക്കപ്പല്‍ ഐഡസോള്‍ കൊച്ചിയില്‍
Tuesday, November 25, 2014 1:21 AM IST
നെടുമ്പാശേരി: ടേണ്‍ എറൌണ്ട് ടൂറിസം പാക്കേജ് അനുസരിച്ചു കൊച്ചി വിമാനത്താവളത്തില്‍ ഇന്നലെ 4,450 വിദേശ വിനോദസഞ്ചാരികളെത്തി. ജര്‍മനിയില്‍നിന്നുള്ളവരാണ് എല്ലാ യാത്രക്കാരും. ഐഡസോള്‍ എന്ന ആഡംബര കപ്പലിലെ സമുദ്രസഞ്ചാരം പൂര്‍ത്തിയാക്കി കൊച്ചി തുറമുഖത്തുനിന്നു നാട്ടിലേക്കു മടങ്ങിയത് 2,650 പേരാണ്. ഇതില്‍ 2,100 യാത്രക്കാരും 550 കപ്പല്‍ജീവനക്കാരുമായിരുന്നു. കൊച്ചിയില്‍നിന്ന് ഐഡസോളില്‍ സമുദ്രയാത്ര തുടങ്ങാന്‍ വിദേശത്തുനിന്ന് എത്തിയത് 1,800 പേരാണ്.

കപ്പലില്‍ വന്നിറങ്ങി നാട്ടിലേക്കു മടങ്ങുന്നവര്‍ക്കും കൊച്ചിയില്‍നിന്നു കപ്പല്‍യാത്ര തുടങ്ങാനായി എത്തുന്നവര്‍ക്കുമായി മൂന്നു ചാര്‍ട്ടേഡ് വിമാനങ്ങളും മൂന്ന് ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുമാണ് ഒരുക്കിയിരുന്നത്. ജര്‍മനിയുടെ ഐഡ കോണ്ടൂര്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേഡ് വിമാനങ്ങളും എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വെയ്സ് എന്നിവയുടെ ഫ്ളൈറ്റുകളും ഈ ദൌത്യത്തില്‍ പങ്കെടുത്തു.

മുംബൈ, ഗോവ തുറമുഖങ്ങളിലടുത്തശേഷം ഞായറാഴ്ച കൊച്ചിയിലെത്തിയ ഐഡസോള്‍ മൂന്നു ദിവസമാണ് ഇവിടെ തങ്ങുന്നത്.

വിനോദസഞ്ചാരികള്‍ക്കു കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി കരയിലെ കൌതുകക്കാഴ്ചകള്‍ കാണാനും ചരിത്രപ്രധാനമായ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും കായലില്‍ ബോട്ടിലും കെട്ടുവള്ളത്തിലും മറ്റും സഞ്ചരിക്കാനും ഗ്രാമീണജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ആസ്വദിക്കാനും അവസരം ഒരുക്കിയിരുന്നു. കൊച്ചിയില്‍ നിന്നു പുതുതായി യാത്രയില്‍ പങ്കുചേരുന്നവരെയും കൂട്ടി കപ്പല്‍ ശ്രീലങ്കയിലേക്കാണ് ഇവിടെനിന്നു തിരിക്കുന്നത്. തുടര്‍ന്നു തായ്ലന്‍ഡിലേക്കു പോകും.


ഈ സീസണില്‍ കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായാണു വിനോദസഞ്ചാരികളുടെ ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ വരുന്നത്. ഇവര്‍ക്കു വന്നുപോകാനുള്ള എല്ലാ സൌകര്യവും എയര്‍പോര്‍ട്ട് ഡയറക്ടര്‍ എം.സി.കെ. നായരുടെ നിര്‍ദേശാനുസരണം ക്രമീകരിച്ചിരുന്നു. കസ്റംസ്, എമിഗ്രേഷന്‍ ക്ളിയറന്‍സുകള്‍ എളുപ്പത്തിലാക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടായിരുന്നു.

യാത്രക്കാരുടെ വാഹനങ്ങള്‍ ക്രമീകരിച്ചു കയറ്റിവിടുന്നതിനും കൊച്ചി തുറമുഖത്തുനിന്നു വന്നവരെ എയര്‍പോര്‍ട്ടിനകത്തേക്കു കൊണ്ടുപോകുന്നതിനും ഐഡസോള്‍ കപ്പലിന്റെ ഗ്രൌണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ ലോട്ടസ് ഡിഎംസി ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.