ബാര്‍ കോഴ: ഉറച്ചുനില്‍ക്കുന്നതു ന്യായത്തോടൊപ്പമെന്നു സുധീരന്‍
ബാര്‍ കോഴ: ഉറച്ചുനില്‍ക്കുന്നതു ന്യായത്തോടൊപ്പമെന്നു സുധീരന്‍
Tuesday, November 25, 2014 1:19 AM IST
കൊച്ചി: ബാര്‍ കോഴ വിഷയത്തില്‍ ന്യായത്തിനൊപ്പം ഉറച്ചുനിന്നാണു കെ.എം. മാണിക്കെതിരായ ആരോപണത്തെ ചെറുക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മാണിക്കെതിരേ ഒരു തെളിവും ഹാജരാക്കാന്‍ ബാറുടമകള്‍ക്കു കഴിഞ്ഞിട്ടില്ല.

അതുകൊണ്ടു തന്നെ ജനങ്ങള്‍ അതു വിശ്വസിക്കുന്നില്ല. മുന്നണിയിലെ ശക്തരായ ആളുകളെ ഉന്നം വയ്ക്കുന്നതിന്റെ ഭാഗമായാണു മാണിക്കെതിരേ ആരോപണമുന്നയിച്ചതെന്നാണു കരുതുന്നത്. ബാറുടമകള്‍ക്കു വരുമാനം നഷ്ടമായതിന്റെ പരിഭ്രാന്തിയാണ്. എന്നാല്‍, ആരോപണം ഉന്നയിക്കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്െടന്ന കാര്യം മറക്കരുതെന്നു സുധീരന്‍ ഓര്‍മിപ്പിച്ചു.

ബാര്‍കോഴ വിവാദം സംബന്ധിച്ചു തെളിവുകളില്ലാതെ ആരോപണത്തിനു പിന്നാലെ പോയതാണ് ഇടതുപക്ഷത്തിനു പ്രശ്നമായത്. എല്‍ഡിഎഫിനകത്തു സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കമായി ഇതു മാറി. രണ്ടു കൂട്ടരും പൂര്‍വചരിത്രം ചികയുകയും നേതാക്കള്‍ തമ്മില്‍ പോരടിക്കുകയും ചെയ്തു. സമരങ്ങളില്‍ അവര്‍ക്കുതന്നെ താല്‍പര്യമില്ലാത്ത സ്ഥിതിയാണ്. അവര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനാണ് ഇപ്പോള്‍ സമരം. നേരത്തെ നടത്തിയ അഡ്ജസ്റ്മെന്റ് സമരങ്ങള്‍ ഏതൊക്കെയാണെന്നു വെളിപ്പെടുത്തണം.

സിപിഎമ്മും സിപിഐയും തമ്മിലുള്ള പരസ്യ പോരിനു താത്കാലിക വിരാമം ഇടാനുള്ള അഡ്ജസ്റ്മെന്റ് മാത്രമാണ് ഇപ്പോള്‍ നടത്തുന്ന സമരം.ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രസ്താവനയോട്, അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നിയമത്തിനു മുന്നിലും ജനത്തിനു മുന്നിലും മറച്ചുവയ്ക്കുന്നതു തെറ്റാണ്; അതു വെളിപ്പെടുത്തുക തന്നെ വേണമെന്നാണു സുധീരന്‍ പ്രതികരിച്ചത്.


ഞായറാഴ്ച ഡ്രൈ ഡേ: റെയ്ഡ് ശക്തമാക്കി

കൊച്ചി: ഞായറാഴ്ചകളില്‍ വിദേശമദ്യഷാപ്പുകളും ബാറുകളും തുറക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയ ശേഷം ശനിയാഴ്ചകളില്‍ അബ്കാരി കേസുകള്‍ ക്രമാതീതമായി കൂടിയതായി എക്സൈസ് വകുപ്പ്. കഴിഞ്ഞ ശനിയാഴ്ച മാത്രം എറണാകുളം ഡിവിഷനില്‍ 16 കേസുകളിലായി 18 പ്രതികളെ അറസ്റ് ചെയ്തു. 9.9 ലിറ്റര്‍ അരിഷ്ടം, 32.450 ലിറ്റര്‍ വിദേശമദ്യം, 40.250 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച നാലു കേസുകളില്‍ നാലു പ്രതികളെ അറസ്റ് ചെയ്തു. പൊതുസ്ഥലത്തുള്ള മദ്യപാനത്തിനു മൂന്നുപേരെ അറസ്റ്ചെയ്തു. 4.830 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 15ന് പത്ത് അബ്കാരി കേസുകളില്‍ പത്തുപേരെ അറസ്റ് ചെയ്യുകയും 34.425 ലിറ്റര്‍ വിദേശമദ്യവും 7.8 ലിറ്റര്‍ ബിയറും പിടികൂടുകയും ചെയ്തു. എക്സൈസ് പിടികൂടുന്നതില്‍ അധികവും ഞായറാഴ്ചകളില്‍ വില്പനയ്ക്കായി സൂക്ഷിച്ചവയാണ്. പിടിയിലായവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.