നാഥന്‍ മലക്കംമറിഞ്ഞു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ത്തേണ്ടതില്ല
നാഥന്‍ മലക്കംമറിഞ്ഞു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ത്തേണ്ടതില്ല
Tuesday, November 25, 2014 12:12 AM IST
സ്വന്തം ലേഖകന്‍

കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയില്‍നിന്നു താഴ്ത്തേണ്ട ആവശ്യമില്ലെന്നു മേല്‍നോട്ടസമിതി അധ്യക്ഷന്‍ എല്‍.എ.വി. നാഥന്‍. ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചശേഷം കുമളിയിലെ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണു ജലനിരപ്പ് താഴ്ത്തേണ്െടന്ന് അധ്യക്ഷന്‍ അറിയിച്ചത്. ബേബിഡാമും പ്രധാന ഡാമും സുരക്ഷിതമാണെന്നും ലീക്കേജ് അനുവദനീയമായ നിലയില്‍മാത്രമേയുള്ളൂവെന്നും സമിതി യോഗത്തില്‍ എല്‍.എ.വി. നാഥന്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച ജലനിരപ്പ് 141 അടിയില്‍ കൂടുതലായപ്പോള്‍ ജലനിരപ്പ് താഴ്ത്തണമെന്നും ഉയര്‍ന്നു നില്‍ക്കുന്നത് അപകടമാണെന്നും ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാരിനു നാഥന്‍ കത്തു നല്‍കിയിരുന്നു. ഈ നിലപാടില്‍നിന്നുള്ള അദ്ദേഹത്തിന്റെ മലക്കം മറിച്ചിലാണ് ഇന്നലത്തെ യോഗത്തില്‍ കണ്ടത്.

അണക്കെട്ടിന്റെ സുരക്ഷാചുമതലയ്ക്കായി കേന്ദ്രസേനയെ നിയോഗിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കേരളം അംഗീകരിച്ചില്ല. ക്രമസമാധാനച്ചുമതല സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതില്‍ ഇടപെടാന്‍ തമിഴ്നാടിന് അവകാശമില്ലെന്നും കേരളത്തിന്റെ പ്രതിനിധി വി.ജെ. കുര്യന്‍ പറഞ്ഞു.

അണക്കെട്ട് പ്രദേശത്ത് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചു. ബേബിഡാമിന്റെ ചോര്‍ച്ച പരിശോധിക്കുന്നതിനു വെള്ളമൊഴുകിവരുന്ന ഭാഗത്ത് ഓട നിര്‍മിച്ച് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.


ഇതിനിടെ, അണക്കെട്ടില്‍ പരിശോധനയ്ക്കെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന കേരളത്തിന്റെ ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ വി. ലതികയെ ഡാം ഗാലറിയില്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞതു തര്‍ക്കത്തിനിടയാക്കി. സമിതി യോഗത്തില്‍ പ്രശ്നം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ മേലില്‍ ചീഫ് എന്‍ജിനിയറെ തടയില്ലെന്നു തമിഴ്നാട് പ്രതിനിധികള്‍ ഉറപ്പുനല്‍കി.

ഇ.എസ്. ബിജിമോള്‍ എംഎല്‍എ ഡാമിലെത്തി പ്രശ്നമു ണ്ടാക്കിയെന്നും മാധ്യമപ്രവര്‍ത്തകര്‍ തമിഴ്നാട് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നുമുള്ള തമിഴ്നാടിന്റെ ആരോപണം കേരളം അംഗീകരിച്ചില്ല. സീപ്പേജ് വെള്ളത്തിന്റെ രാസപരിശോധന എറണാകുളത്തും കോയമ്പത്തൂരിലും നടത്താനും തീരുമാനമായി. വൈഗ ഡാമില്‍ ജലനിരപ്പ് 20 ശതമാനം മാത്രമാണെന്നും മുല്ലപ്പെരിയാറിലെ വെള്ളം അവിടെ സംഭരിക്കണമെന്നും കേരളം ആവശ്യപ്പെട്ടപ്പോള്‍ വൈഗ ഡാമിന്റെ കാര്യം ഇവിടെ ചര്‍ച്ചചെയ്യേണ്െടന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്.

ഡാം സന്ദര്‍ശന സംഘത്തിലുണ്ടായിരുന്ന കേരള ഉദ്യോഗസ്ഥരെ കടത്തിവിടുന്നതിനും തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടസംനിന്നു. സംഘത്തില്‍ കേരളത്തിന്റെ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ദാനിയേലും ഉണ്ടായിരുന്നു. ഇന്നലെ ഡാമിലെ ജലനിരപ്പ് 140.7 അടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.