അംഗപരിമിതരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്: മന്ത്രി മുനീര്‍
അംഗപരിമിതരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്: മന്ത്രി മുനീര്‍
Monday, November 24, 2014 12:27 AM IST
കാസര്‍ഗോഡ്: സംസ്ഥാനത്തെ അംഗപരിമിതരുടെ പ്രശ്നങ്ങള്‍ പഠിച്ചു പ്രത്യേക നയവും വകുപ്പും ആവിഷ്കരിക്കുമെന്നു സാമൂഹ്യക്ഷേമമന്ത്രി എം.കെ.മുനീര്‍. കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനിയില്‍ കഴിഞ്ഞ മൂന്നുദിവസമായി നടന്നു വന്ന സാമൂഹികനീതി ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നുദിവസമായി നടന്ന മേളയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു നീതി ലഭ്യമാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റിനും തിരിച്ചറിയല്‍ കാര്‍ഡിനുമായി രജിസ്റര്‍ ചെയ്ത 760 പേരില്‍ 542 പേര്‍ക്കു അതു ലഭ്യമാക്കി. വികലാംഗക്ഷേമ കോര്‍പറേഷന്‍ ഇടപെട്ട് 200 പേര്‍ക്ക് ഉപകരണങ്ങള്‍ വിതരണംചെയ്തു. മേളയോടനുബന്ധിച്ചു സംഘടിപ്പിച്ച ജോബ് ഫെയറില്‍ 80നും നൂറിനും ഇടയില്‍ ആളുകള്‍ക്കു വിവിധ സംരംഭകര്‍ തൊഴില്‍ വാഗ്ദാനം ചെയ്തു. ഇതില്‍ 50 പേര്‍ ഇന്നു ജോലിക്കു ഹാജരാകുമെന്നു മന്ത്രി അറിയിച്ചു. വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ വഴിയാണ് ഇവര്‍ക്കു ജോലി ലഭ്യമാക്കിയത്.


വീടുകളില്‍ അവശതമൂലം കിടപ്പിലായവരുടെ സംരക്ഷണത്തിനായി ഒരു ലക്ഷം വോളണ്ടിയര്‍മാരുടെ വീ കെയര്‍ പദ്ധതി നടപ്പാക്കും. ഇവരുടെ സാമ്പത്തിക സുരക്ഷയ്ക്കായി പ്രത്യേക ഫണ്ടും ആവിഷ്കരിക്കും. അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഈ ഫണ്ടില്‍ നിന്നു സഹായം നല്‍കും. ആയിരം കോടിയുടെ ഫണ്ടാണ് ഉദ്ദേശിക്കുന്നത്. ആംഗന്‍വാടികളെ പ്രീ മെട്രിക് സ്കൂളുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതോടെ ആംഗന്‍വാടി ടീച്ചര്‍മാരുടെ തസ്തിക പ്രീപ്രൈമറി ടീച്ചര്‍മാര്‍ എന്ന നിലയിലേക്ക് ഉയരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

അംഗവൈകല്യമുള്ളവര്‍ക്കായുള്ള സെന്‍സസ് ജോലികള്‍ അഞ്ചുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ആംഗന്‍വാടി ജീവനക്കാര്‍ക്കു രണ്ടുപെന്‍ഷനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത ബജറ്റില്‍ ന്യായമായ വേതന വര്‍ധന ഉണ്ടാകുമെന്നം മന്ത്രി പറഞ്ഞു. അടുത്ത സാമൂഹികനീതി ദിനാഘോഷം കോഴിക്കോട് നടത്തുമെന്നു പ്രഖ്യാപിച്ച മന്ത്രി അതിന്റെ ലോഗോ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി.പി.സാറാമ്മയ്ക്കു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.