മുഹമ്മദ് ഹനീഷ് പൊതുമരാമത്ത് സെക്രട്ടറിയാകും
Monday, November 24, 2014 12:23 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനത്തിനു സസ്പെന്‍ഷനിലായ ടി.ഒ. സൂരജിനു പകരം മുഹമ്മദ് ഹനീഷിനു പൊതുമരാമത്ത് സെക്രട്ടറിയുടെ ചുമതല നല്‍കും. ഇപ്പോള്‍ നഗരകാര്യ സെക്രട്ടറിയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയുമാണു മുഹമ്മദ് ഹനീഷ്. നിയമന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. സൂരജിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവു കഴിഞ്ഞ ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ സാഹചര്യത്തിലാണു പകരം നിയമനം.

അതേസമയം, സൂരജിന്റെ സ്വത്തു സംബന്ധിച്ച കണക്കെടുപ്പു പുരോഗമിക്കുകയാണ്. വിജിലന്‍സ് നേരത്തേ കണ്െടത്തിയ ആസ്തികള്‍ക്കു പുറമേ നാലിടങ്ങളില്‍ക്കൂടി സ്ഥലം ഉണ്െടന്നു കണ്െടത്തി. ഇതുമായി ബന്ധപ്പെട്ട കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. വിജിലന്‍സ് ഡിവൈഎസ്പി എ.കെ. വേണുഗോപാലിന്റെ നേതൃത്വത്തിലാണു കണക്കെടുപ്പു നടക്കുന്നത്. കൊച്ചി രാജഗിരിയിലെ ഭൂമിക്കും വെയര്‍ഹൌസിനും മാത്രം ഒന്നേകാല്‍ കോടിയോളം രൂപ വില വരുമെന്നു വിജിലന്‍സ് കരുതുന്നു. കൂടാതെ, കൊച്ചിയിലെ ഫ്ളാറ്റിന് 70 ലക്ഷം രൂപയും എറണാകുളത്തെതന്നെ മറ്റൊരു ഫ്ളാറ്റിന് 89 ലക്ഷം രൂപയും വില വരും. ഫോര്‍ട്ട് കൊച്ചിയിലെ കായലോരത്തോടു ചേര്‍ന്നുള്ള 16 സെന്റ് ഭൂമി വാങ്ങാന്‍ അരക്കോടിയോളം രൂപ ചെലവഴിച്ചു.


വെണ്ണലയില്‍ സൂരജ് താമസിക്കുന്ന വീടിന് ഒരു കോടിയിലധികം രൂപ വില മതിക്കും. ഇതിന് 33 ലക്ഷം രൂപയാണു സൂരജ് കണക്കില്‍ കാണിച്ചിരിക്കുന്നത്. ഇതുപോലെ ചെലവും ആസ്തിയും തമ്മില്‍ ഒരു രീതിയിലും പൊരുത്തപ്പെടുന്നില്ല. എന്നാല്‍, വരവിന്റെ കണക്കുകള്‍ ആദായനികുതി വകുപ്പിനു കൊടുത്ത കണക്കുകളുമായി പൊരുത്തപ്പെടുന്നുമുണ്ട്.

വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച എഫ്ഐആറില്‍ 1.83 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണു പറഞ്ഞിരുന്നത്. ഇതു വന്‍തോതില്‍ ഉയരുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.