വിശുദ്ധരും ആധ്യാത്മിക പിതാക്കന്മാരും സമൂഹത്തിന്റെ മുതല്‍ക്കൂട്ട്: മുഖ്യമന്ത്രി
വിശുദ്ധരും ആധ്യാത്മിക പിതാക്കന്മാരും സമൂഹത്തിന്റെ മുതല്‍ക്കൂട്ട്: മുഖ്യമന്ത്രി
Monday, November 24, 2014 12:21 AM IST
മാന്നാനം: ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലെത്തിയത് ക്രൈസ്തവ സഭയ്ക്കു മാത്രമല്ല കേരള സമൂഹത്തിന്റെ ആകെ നേട്ടമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി ആഘോഷങ്ങളുടെ ഭാഗമായി മാന്നാനം ആശ്രമ ദേവാലയാങ്കണത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധരും ആധ്യാത്മിക പിതാക്കന്മാരും എന്നും നമുക്കു മുതല്‍കൂട്ടാണ്, ശക്തിയാണ്, ആത്മവിശ്വാസമാണ്. വിദ്യാഭ്യാസരംഗത്ത് കേരളം ബഹുദൂരം മുന്നിലെത്താന്‍ ചാവറയച്ചന്റെ പള്ളിക്കൊരു പള്ളിക്കൂടം എന്ന വിജയമന്ത്രം സഹായിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. വളരെയേറെ നന്മകള്‍ പ്രദാനം ചെയ്ത ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ശക്തി സമൂഹത്തിനാകെ നന്മകള്‍ പകര്‍ന്നു നല്‍കാന്‍ കഴിയുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളത്തില്‍ അധ്യക്ഷത വഹിച്ചു. ഭാരത സമൂഹത്തിന്റെ മണ്ണില്‍ ദൈവാനുഭവത്തിന്റെ ചരിത്രം രചിച്ചവരാണു ചാവറയച്ചനും എവുപ്രാസ്യാമ്മയുമെന്നു മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

വിശുദ്ധിയുടെ ഒന്നാംപാഠം അല്‍ഫോന്‍സാമ്മയാണെങ്കില്‍ രണ്ടും മൂന്നും പാഠം ചാവറയച്ചനും എവുപ്രാസ്യമ്മയുമാണ്. ലോകത്തിന്റെ മുമ്പില്‍ ഈശോയുടെ വഴികള്‍ തുറക്കാനും ഭാരതത്തിന്റെ ആധ്യാത്മികതയെ കാച്ചിക്കുറുക്കിയെടുക്കാനും ചാവറയച്ചനു കഴിഞ്ഞു. വ്യക്തിയുടെ, കുടുംബത്തിന്റെ, രാജ്യത്തിന്റെ ആധ്യാത്മിക സുകൃതത്തിലേക്കുള്ള അന്വേഷണമാണ് ചാവറയച്ചന്റെ ജീവിതമെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

ലോക ഭൂപടത്തില്‍ മാന്നാനംകുന്ന് സ്ഥാനം പിടിച്ചെന്നും മാന്നാനത്തേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും തീര്‍ഥാടകര്‍ ഇനി ഒഴുകിയെത്തുമെന്നും ചാവറ ഭവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിച്ച മന്ത്രി കെ.എം. മാണി പറഞ്ഞു. വിശുദ്ധ ജീവിതത്തിനു പുറമേ സാംസ്കാരിക, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ എന്ന നിലയിലാണു ചാവറയച്ചന്‍ ശ്രദ്ധിക്കപ്പെട്ടതെന്നും അംശവിലക്കിനു കീഴില്‍ കല്പന നല്‍കി പള്ളിക്കൊരു പള്ളിക്കുടം സ്ഥാപിച്ച ചാവറയച്ചന്റെ പ്രവര്‍ത്തനം കേരള വിദ്യാഭ്യാസ ചരിത്രത്തിലെ മഹത്തരമായ സംഭാവനയാണെന്നും കെ.എം. മാണി പറഞ്ഞു.


ആധ്യാത്മികതയും ഭൌതികതയും ഒരുമിച്ചുകൊണ്ടുപോകുന്നതോടൊപ്പം ചരിത്രത്തിനു മുമ്പേ നടന്ന മഹാനാണ് ചാവറയച്ചനെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാന്നാനം ആശ്രമത്തില്‍ സ്ഥാപിക്കാനുള്ള കേരളീയ വിശുദ്ധരുടെ ഛായാചിത്രം മന്ത്രി രമേശ് ചെന്നിത്തല അനാച്ഛാദനം ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചാവറ പുസ്തക പ്രകാശനം നിര്‍വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. തീര്‍ഥാടക റിഫ്രഷ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിര്‍വഹിച്ചു. വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ പൂവത്തുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ വികാര്‍ ഫാ. സെബാസ്റ്യന്‍ അട്ടിച്ചിറ, എംപിമാരായ ആന്റോ ആന്റണി, ജോയി ഏബ്രഹാം, ജോയിസ് ജോര്‍ജ്, എംഎല്‍എമാരായ അഡ്വ. കെ. സുരേഷ് കുറുപ്പ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, സെന്‍ട്രല്‍ വെയര്‍ ഹൌസിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സി.വി. ആനന്ദബോസ്, ഡോ. ബി. ഇക്ബാല്‍, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ജില്ല പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോയിസ് ചിറയില്‍, കെ.എം. സന്തോഷ്കുമാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റേയ്ച്ചല്‍ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം സാലി ജോര്‍ജ്, മോളി ലൂയിസ്, ഷാജി ജോസഫ്, ആലീസ് തോമസ്, ജിം അലക്സ്, മാന്നാനം ഇടവക വികാരി ഫാ. ജേക്കബ് മീനപ്പള്ളി സിഎംഐ, സലിന്‍ ജേക്കബ്, ബേബിച്ചന്‍ ചാവറ, ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. മാന്നാനം ആശ്രമം വൈസ് പ്രിയോര്‍ ഫാ. സജി പാറക്കടവില്‍ സിഎംഐ ഉപഹാര സമര്‍പ്പണം നടത്തി. ഫാ. ജയിംസ് മുല്ലശേരി സിഎംഐ സ്വാഗതവും ഫാ.ആന്റണി കാഞ്ഞിരത്തിങ്കല്‍ സിഎംഐ നന്ദിയും പറഞ്ഞു. മാന്നാനം കെഇ സ്കൂളിലെ കുട്ടികള്‍ പ്രാര്‍ഥനാഗാനം ആലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.