ചാവറയച്ചന്‍ എന്നും ഉള്‍ബലവും മാതൃകയും: ഡോ.അലക്സ് വടക്കുംതല
ചാവറയച്ചന്‍ എന്നും ഉള്‍ബലവും മാതൃകയും: ഡോ.അലക്സ് വടക്കുംതല
Monday, November 24, 2014 12:30 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ എന്നും എല്ലാവര്‍ക്കും ഉള്‍ബലവും മാതൃകയുമാണെന്നു കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല. ചാവറയച്ചന്റെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ ഭാഗമായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ബലിയില്‍ വചനസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കടമകള്‍ ഏറ്റവും ഉത്തരവാദിത്വത്തോടു കൂടിയാണ് അദ്ദേഹം നിര്‍വഹിച്ചിരുന്നത്. എളിമയോടുകൂടി തന്റെ കടമകള്‍ നിര്‍വഹിക്കുകയും മേലധികാരികളോട് അനുസരണ കാണിക്കുകയും ചെയ്തു.

തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച പുണ്യാത്മാവായിരുന്നു ചാവറയച്ചന്‍. സത്യസഭയില്‍നിന്നു വേറിട്ടു പോകാന്‍ ശ്രമിച്ചവരെ അദ്ദേഹം തിരികെ കൊണ്ടുവന്നു. ചാവറയച്ചന്റെ ധീരമായ നിലപാടു കേരളസഭയ്ക്കു പിന്നീട് അനുഗ്രഹവും സംരക്ഷണവുമായി മാറി. തിരുക്കുടുംബത്തിന്റെ കൂട്ടായ്മയ്ക്ക് എന്നും അദ്ദേഹം പ്രാധാന്യം കല്‍പ്പിച്ചിരുന്നു. പരസ്പരം സ്നേഹിക്കാനും കൂട്ടായ്മയില്‍ ജീവിക്കാനുമുള്ള യേശുവിന്റെ ആഹ്വാനം ചാവറയച്ചന്‍ ഏറ്റെടുത്തു പ്രചരിപ്പിച്ചു. കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാകേണ്ടതാണ്.


സ്വന്തം ഹൃദയം കൊണ്ടായിരുന്നു അദ്ദേഹം ദൈവസാക്ഷ്യം നല്‍കിയത്. തികഞ്ഞ ദിവ്യകാരുണ്യ ആരാധകനായിരുന്ന അച്ചന്‍ കൂനമ്മാവില്‍ തുടങ്ങിവച്ച 40 മണി ആരാധന പിന്നീടു കേരളമാകെ ആധ്യാത്മിക നവീകരണത്തിന്റെ ദീപശിഖയായി മാറി. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ധന്യസാന്നിധ്യം നല്ലവണ്ണം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായവരാണു കൂനമ്മാവുകാര്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ സ്നേഹിച്ചും ശുശ്രൂഷിച്ചും കടന്നു പോയ ഇരുവരും വിശുദ്ധരായതോടെ കൂനമ്മാവും ദൈവസ്നേഹത്തിന്റെ അടയാളമായി മാറിയിരിക്കുന്നു. ക്രിസ്തുരാജന്റെ ഉത്തമമാതൃകയായിരുന്ന ഈ വിശുദ്ധരുടെ ജീവിതം ക്രൈസ്തവസഭയ്ക്കും മനുഷ്യരാശിക്കും എന്നും പ്രചോദനമാകുമെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.