വിശുദ്ധ സ്മരണയില്‍ മാന്നാനം ഭക്തിസാന്ദ്രം
വിശുദ്ധ സ്മരണയില്‍ മാന്നാനം ഭക്തിസാന്ദ്രം
Monday, November 24, 2014 12:29 AM IST
മാന്നാനം: ചാവറയച്ചന്റെ വിശുദ്ധനായി പ്രഖ്യാപിച്ച ഇന്നലെ മാന്നാനം കുന്നിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി. ചാവറയച്ചന്റെ കബറിടം സന്ദര്‍ശിച്ച് അനുഗ്രഹം തേടാനും പുണ്യനിമിഷത്തില്‍ പങ്കാളികളാകാനുമായി ഇന്നലെ പുലര്‍ച്ചെ മുതല്‍ ഇവിടേക്ക് വിശ്വാസ സമൂഹത്തിന്റെ അണമുറിയാത്ത പ്രവാഹമായിരുന്നു. ജനപ്രവാഹം രാത്രി വൈകിയും തുടരുകയായിരുന്നു.

ചാവറയച്ചന്‍ ഏറെ സ്നേഹിച്ചിരുന്ന കുട്ടികളാണ് വിശുദ്ധ ദിനത്തില്‍ ആദ്യമെത്തിയത്. രാവിലെ ഒമ്പതു മുതല്‍ കുടമാളൂര്‍, അതിരമ്പുഴ, കൈപ്പുഴ ഫൊറോനകളില്‍ നിന്നുള്ള കുഞ്ഞു മിഷനറിമാര്‍ ജപമാലറാലിയുമായി വിശുദ്ധന്റെ കബറിടത്തിങ്കലെത്തി. കുടമാളൂര്‍ ഫൊറോനയിലെ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ എത്തിയ ചാവറയച്ചന്റെ തിരുശേഷിപ്പു പ്രയാണത്തിന് ആശ്രമദേവാലയത്തിനു മുമ്പില്‍ വരവേല്‍പ്പും നല്‍കി. തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മാര്‍ സേവേറിയോസ് സന്ദേശം നല്‍കി.

ആധ്യാത്മികതയുടെ മണിവിളക്കാണ് ചാവറയച്ചനെന്നും വാരിക്കൂട്ടാന്‍ വെമ്പല്‍കൊള്ളുന്ന ആധുനിക ലോകത്ത് ഉപേക്ഷിക്കലിന്റെ മഹത്വം കാണിച്ചു തന്ന വ്യക്തിയാണ് ചാവറയച്ചനെന്നും കുറിയാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

തുടര്‍ന്ന് ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലി നേതൃത്വം നല്‍കിയ ആരാധന നടന്നു. ആരാധനയിലും പ്രാര്‍ഥനയിലും ആയിരക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്. ഉച്ചകഴിഞ്ഞ് മൂന്നിനു റോമിലെ വിശുദ്ധ പ്രഖ്യാപന തിരുകര്‍മങ്ങളുടെ തത്സമയ സംപ്രേക്ഷണം നടന്നു. വലിയ സ്ക്രീനില്‍ വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ കാണാനുള്ള ക്രമീകരണങ്ങള്‍ ആശ്രമം അധികൃതര്‍ ഒരുക്കിയിരുന്നു. ചാവറയച്ചന്റെ വിശുദ്ധപദ പ്രഖ്യാപനം മാര്‍പാപ്പ നടത്തിയപ്പോള്‍ വിശ്വാസികള്‍ കരഘോഷം മുഴക്കി. വിശുദ്ധ ചാവറ പിതാവേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ എന്ന് പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ മാന്നാനം കുന്ന് മറ്റൊരു വത്തിക്കാനായി മാറി.


വൈകുന്നേരം 4.30നു 100 വൈദികരുടെ നേതൃത്വത്തില്‍ ആഘോഷമായ കൃതജ്ഞതാ ബലിയും നൊവേനയും നടന്നു. വിശുദ്ധ കുര്‍ബാന മധ്യേ തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് വചനസന്ദേശം നല്‍കി. സാമൂഹ്യ നവോത്ഥാന രംഗത്തെ ചാവറയച്ചന്റെ സേവനങ്ങള്‍ ആര്‍ക്കും മറക്കാനാവില്ലെന്നും സര്‍വ മതസ്ഥര്‍ക്കും പ്രിയപ്പെട്ടവാനായിരുന്നു ചാവറയച്ചനെന്നും മാര്‍ കൂറിലോസ് സന്ദേശത്തില്‍ പറഞ്ഞു.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പ്രൌഢഗംഭീരമായ പൊതുസമ്മേളനത്തിനാണ് മാന്നാനത്തിന്റെ സായാഹ്നം ഇന്നലെ വൈകുന്നേരം സാക്ഷ്യം വഹിച്ചത്. പൊതുസമ്മേളനത്തിനു ശേഷം വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ചാവറയച്ചന്റെ പാദസ്പര്‍ശമേറ്റ അതേ മണ്ണിലൂടെ നടന്ന ആദ്യ പ്രദക്ഷിണത്തിലും പതിനായിരങ്ങള്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.