ഭാരത കത്തോലിക്കാ സഭ നല്കിയ സേവനങ്ങള്‍ മഹനീയം: ഗവര്‍ണര്‍
ഭാരത കത്തോലിക്കാ സഭ നല്കിയ സേവനങ്ങള്‍ മഹനീയം: ഗവര്‍ണര്‍
Monday, November 24, 2014 12:20 AM IST
തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭ ഇന്ത്യയിലെ വിവിധ മേഖലകളില്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ മഹനീയമാണെന്നും അവ വിസ്മരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം, ആരോഗ്യം, എന്നീ മേഖലകളില്‍ ലാഭം ലക്ഷ്യമാക്കാതെ കത്തോലിക്കാസഭ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. കൂടാതെ മനുഷ്യത്വപരമായ കാര്യങ്ങളില്‍ സഭ സ്വീകരിച്ച നിലപാടും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിശുദ്ധരായി പ്രഖ്യാപിച്ച ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ചിന്തകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്കു കൂട്ടായിരുന്നു.

ചാവറയച്ചനെക്കുറിച്ചു പറയുകയാണെങ്കില്‍ അദ്ദേഹം ഒരു വിശുദ്ധന്‍ മാത്രമല്ല, ഒരു നവോത്ഥാന നായകന്‍ കൂടിയാണ്. ചാവറയച്ചന്‍ നൂറ്റാണ്ടിനു മുമ്പ് തുടങ്ങിവച്ച പദ്ധതികളാണ് സര്‍ക്കാരുകള്‍ പോലും പിന്നീടുള്ള കാലഘട്ടത്തില്‍ നടപ്പാക്കിയത്. എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ കഴിയുന്ന സംസ്കൃത സ്കൂള്‍ ആദ്യമായി ആരംഭിച്ചതു ചാവറയച്ചനാണ്. കുട്ടികള്‍ക്കു സൌജന്യ ഉച്ചഭക്ഷണം എന്ന ആശയം ആദ്യമായി നടപ്പാക്കിയതും ചാവറയച്ചന്റെ നേതൃത്വത്തിലായിരുന്നു. ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്കും പ്രായമായവര്‍ക്കും താമസിക്കാനായി ചില്‍ഡ്രന്‍സ് ഹോമുകളും ഓള്‍ഡ് ഏജ് ഹോമുകളും ആരംഭിച്ചു. പള്ളിയോട് ചേര്‍ന്ന് ഒരു പള്ളിക്കൂടം എന്ന ആശയം കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തു തന്നെ വന്‍ മാറ്റങ്ങളാണുണ്ടാക്കിയത്.

അച്ചടി പ്രസ് അപൂര്‍വമായിരുന്ന കാലത്തു ചാവറയച്ചന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച അച്ചടി പ്രസ് ഏറെ ശ്രദ്ധേയമാണ്. കന്യാസ്ത്രീകള്‍ക്കായി ഒരു കോണ്‍ഗ്രിഗേഷന്‍ സ്ഥാപിക്കാനും അദ്ദേഹം നേതൃത്വം നല്കി. അസാധ്യമെന്നു കരുതുന്നത് പലതും സാധ്യമാക്കാന്‍ കഴിവുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഹൃദയത്തില്‍ നന്മ സൂക്ഷിച്ച വ്യക്തിയായിരുന്നു വിശുദ്ധ ചാവറയച്ചനെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


നാട്ടുകാര്‍ പ്രാര്‍ഥിക്കുന്ന അമ്മയെന്നു വിളിക്കുന്ന വിശുദ്ധ എവുപ്രാസ്യമ്മ തന്റെ അടുത്തു വരുന്നവരെ എല്ലാം സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചിരുന്നതെന്നു മനസിലാക്കാന്‍ കഴിഞ്ഞതായി ഗവര്‍ണര്‍ പറഞ്ഞു. ധ്യാനവും പ്രാര്‍ഥനയുമായി സന്യാസിനിജീവിതം നയിച്ച വ്യക്തിയാണ് എവുപ്രാസ്യമ്മ. എവുപ്രാസ്യമ്മയുടെ ജീവിതം സഹനത്തിന്റെയും ആത്മീയയതയുടെയും ഉദാഹരണമായിരുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ രണ്ടു മക്കള്‍ ലോകത്തിന്റെ ആദരവ് നേടിയ അസുലഭ മുഹൂര്‍ത്തം എല്ലാവര്‍ക്കും ആഹ്ളാദം പകരുന്നുവെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിലൂടെ സമുദായ സൌഹാര്‍ദം കൂടുതല്‍ ബലപ്പെടുത്താന്‍ നമ്മള്‍ ശ്രമിക്കണം. ഒരു വ്യക്തിയുടേയും ജീവിതം മുഴുവന്‍ പരിശോധിച്ചശേഷമാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. ആത്മീയതയിലും ദൈവികതയിലുമുള്ള ഐക്യം ഏറെ പ്രാധാന്യമാണെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. ഭാരതീയര്‍ അഭിമാനിക്കുന്ന പുണ്യനിമിഷമാണ് ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദ പ്രഖ്യാപന സമയമെന്നു ആശംസാ പ്രസംഗം നടത്തിയ മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഏറെ സാമൂഹിക മാറ്റങ്ങള്‍ക്കു വഴിതെളിക്കാന്‍ ചാവറയച്ചനു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ രണ്ടു പേരെ ഒരേസമയം വിശുദ്ധരായി പ്രഖ്യാപിക്കുന്നത് ഏറെ സന്തോഷകരമാണെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. കെ.മുരളീധരന്‍ എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. മാണി പുതിയിടം, തിരുവനന്തപുരം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ വികാരി മോണ്‍. ഡോ. ജോര്‍ജ് ജെ. ഗോമസ്, ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.