ചാവറയച്ചന്റെ പുണ്യപാദസ്പര്‍ശമേറ്റ മുത്തോലിക്കും പുളകം
Sunday, November 23, 2014 12:08 AM IST
പാലാ: പുണ്യചരിതനായ ചാവറയച്ചന്റെ ചൈതന്യം മുത്തോലിക്കുന്നിലും നിറഞ്ഞുനില്‍ക്കുകയാണ്. വിശുദ്ധന്റെ പുണ്യപാദസ്പര്‍ശമേറ്റ മുത്തോലിക്ക് ഇത് ഭാഗ്യദിനം. 146 വര്‍ഷങ്ങള്‍ക്കു മുമ്പ് 1869 ലാണ് ചാവറയച്ചന്‍ മുത്തോലിയില്‍ എത്തിയതും ആശ്രമസ്ഥാപനത്തിനു തുടക്കംകുറിച്ചതും.

യാത്രയ്ക്കുതകുന്ന റോഡുകളോ പാലങ്ങളോ ഇല്ലായിരുന്നതിനാല്‍ മീനച്ചിലാറായിരുന്നു പ്രധാന സഞ്ചാരമാര്‍ഗം. പാലാ, ഭരണങ്ങാനം എന്നീ സ്ഥലങ്ങളില്‍ മാത്രമേ ആരാധനയ്ക്കു സൌകര്യം ഉണ്ടായിരുന്നുള്ളൂ. ഈ വിഷമസ്ഥിതിക്കു പരിഹാരം തേടി ഇടവക പട്ടക്കാരും അല്മായരും ചേര്‍ന്നു ലെയോനാര്‍ദ് മെത്രാപ്പോലീത്തയ്ക്ക് അപേക്ഷ നല്‍കി. അപേക്ഷ അദ്ദേഹം ചാവറയച്ചനു കൈമാറി. ചാവറയച്ചന്‍ ജരാര്‍ദ് മിഷനറിയോടൊപ്പം മാന്നാനത്തുനിന്നു മീനച്ചിലാറ്റിലൂടെ പാലായിലെത്തി. അവിടെ താമസിച്ചുകൊണ്ട് ആശ്രമത്തിനു പറ്റിയസ്ഥലം അന്വേഷിച്ചുതുടങ്ങി. മുത്തോലിക്കുന്നാണ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടത്. ഇന്ന് മുത്തോലി ഇടവകപ്പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കുരിശടി ഉണ്ടായിരുന്നു. അവിടെയാണു ചാവറയച്ചന്‍ വിശ്രമിച്ചത്. ആശ്രമസ്ഥാപനത്തിനു കണ്ടുപിടിച്ച സ്ഥലത്തിന്റെ ഉടമസ്ഥരായ പ്ളാക്കാട്ട് ചെറിയത് ഈപ്പന്‍, മാധവപ്പള്ളി ചെറിയത് ചെറിയത്, മണ്ണൂര്‍ തൊമ്മന്‍ ചെറിയത്, തലക്കുളത്തില്‍ മത്തായി ചെറിയത് എന്നിങ്ങനെ നാലു കുടുംബക്കാര്‍ സ്ഥലം നല്‍കുന്നതായുള്ള സമ്മതപത്രം ഒപ്പിട്ട് ചാവറയച്ചനു കൈമാറി. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയശേഷം ചാവറയച്ചന്‍ മാന്നാനത്തിനു മടങ്ങി.


കുര്യാക്കോസ് ഏലീശ്വാ പോരൂക്കരയച്ചന്റെ ശ്രമഫലമായി 1871 ല്‍ താത്കാലിക ആശ്രമമന്ദിരവും 1874-ല്‍ ഒരു കപ്പേളയും ഇവിടെ രൂപംകൊണ്ടു. ഇന്നു കാണുന്ന മനോഹരമായ ദേവാലയം 1945-ല്‍ പുതുക്കിപ്പണിതതാണ്. വിദ്യാഭ്യാസത്തിലൂടെ സാമൂഹികമാറ്റത്തിനു വിളംബരം ചെയ്ത ചാവറയച്ചന്റെ ദര്‍ശനത്തിന്റെ സാക്ഷാത്കാരമാണ് നവതി പിന്നിട്ട സെന്റ് ആന്റണീസ് ഹൈസ്കൂള്‍.

മുത്തോലി-കൊടുങ്ങൂര്‍ റോഡ് അക്കാലത്ത് മുള്‍പ്പടര്‍പ്പുമൂടിയ പ്രദേശമായിരുന്നു. പ്രദേശത്തെ പ്രധാന റോഡുകള്‍ക്ക് സ്ഥലം വിട്ടു നല്‍കാന്‍ നാട്ടുകാരില്‍നിന്നും സമ്മതപത്രം വാങ്ങുന്നതിനും റോഡു വെട്ടുന്നതിനും ആശ്രമത്തിലെ വൈദികരാണു മുന്നിട്ടിറങ്ങിയത്. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ഇന്ന് മുത്തോലി ആശ്രമദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനകളും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.