ബിനാലെയില്‍ നാലുമാസം നീളുന്ന സാംസ്കാരിക മേള
Sunday, November 23, 2014 12:05 AM IST
കൊച്ചി: ബിനാലെയുടെ രണ്ടാം പതിപ്പില്‍ പങ്കെടുക്കാനെത്തുന്ന കലാ ആസ്വാദകരെ കാത്തിരിക്കുന്നതു ഭാരതത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന കലയുടെ ദൃശ്യവിരുന്ന്. നാലുമാസം നീളുന്ന കലാപ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ രാജ്യമെമ്പാടുമുള്ള 25 സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ 650ഓളം കലാകാരന്മാര്‍ കൊച്ചിയിലെത്തുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാചീന, മധ്യകാല, ആധുനിക കലാരൂപങ്ങള്‍ സാംസ്കാരിക മേളയുടെ ഭാഗമായി അരങ്ങേറും. അടുത്ത ആഴ്ചമുതല്‍ മേളയുടെ ഭാഗമായി നൃത്തം, സംഗീതം, നാടകം, സാഹിത്യം തുടങ്ങി വിവിധ അവതരണ കലാരൂപങ്ങള്‍ ആസ്വാദകര്‍ക്കു മുന്നിലെത്തും.


കഴിഞ്ഞ പതിപ്പില്‍നിന്നു വ്യത്യസ്തമായി സംസ്ഥാനത്തിന്റെ പാരമ്പര്യകലകളെ പ്രതിഫലിപ്പിക്കുകയാണ് ഇക്കുറി സാംസ്കാരിക പരിപാടികളിലൂടെ ലക്ഷ്യമാക്കുന്നതെന്നു ബിനാലെയുടെ പ്രോഗ്രാം ഡയറക്ടര്‍ റിയാസ് കോമു പറഞ്ഞു.

ബിനാലെയിലെത്തുന്ന സന്ദര്‍ശകര്‍ക്കു വ്യത്യസ്തമായ സാംസ്കാരിക ബൌദ്ധിക പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കേണ്ടത് അനിവാര്യമാണെന്നു ബിനാലെ ക്യുറേറ്റര്‍ ജിതീഷ് കല്ലാട്ട് പറഞ്ഞു. പത്രസമ്മേളനത്തില്‍ റിയാസ് കോമു, ഫാ. ഗില്‍ബെര്‍ട്ട് ആന്റണി തച്ചേരി, മിഴാവ് വാദ്യകലാകാരന്‍ വി.കെ.കെ. ഹരിഹരന്‍, ഉഷ നങ്ങ്യാര്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.