സൂരജിനു കൂടുതല്‍ സ്വത്തുക്കള്‍; ഭാര്യയെയും ചോദ്യംചെയ്തേക്കും
സൂരജിനു കൂടുതല്‍ സ്വത്തുക്കള്‍; ഭാര്യയെയും ചോദ്യംചെയ്തേക്കും
Sunday, November 23, 2014 11:34 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിലാണു നേരത്തേ സംഘം കണ്െടത്തിയതിനേക്കാള്‍ വ്യാപ്തിയില്‍ സൂരജ് സ്വത്തു സമ്പാദിച്ചിട്ടുണ്െടന്നു വിജിലന്‍സിനു സൂചന ലഭിച്ചതായി പറയുന്നത്. ആലുവ എടത്തല ഭാഗത്ത് രണ്ടു ഗോഡൌണുകള്‍കൂടി ഉള്ളതായി ചോദ്യംചെയ്യല്‍ നടത്തിയ ഡിവൈഎസ്പി കെ.ആര്‍. വേണുഗോപാലിനോടു സൂരജ് സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.

എടത്തലയില്‍ 60,000 ചതുരശ്ര അടിയുള്ള ഒരു ഗോഡൌണും ഇതിന്റെ ഇരട്ടി വലുപ്പമുള്ള മറ്റൊരു ഗോഡൌണുമാണ് കണ്െടത്തിയത്. ഇതില്‍ ചെറിയ ഗോഡൌണ്‍ പ്രതിമാസം 60,000 രൂപയ്ക്കു വാടകയ്ക്കു നല്‍കുന്നുണ്ട്. വലുത് പണി പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഇതും ഇതിരിക്കുന്ന സ്ഥലവും കൂടി ഒന്നര കോടിയില്‍പരം രൂപയുടെ മൂല്യം കണക്കാക്കുന്നു. മകള്‍ റിസാനയുടെ പേരിലുള്ളതാണ് ഈ ഗോഡൌണ്‍. പാലാരിവട്ടം പൈപ്പ്ലൈന്‍ ഭാഗത്തു നേരത്തെ ഒരു ഗോഡൌണ്‍ അന്വേഷണസംഘം കണ്െടത്തിയിരുന്നു. മകള്‍ക്കു റോഡിയോളജിയില്‍ എംഡി പഠനത്തിനായി ഒരു കോടി രൂപ നല്‍കിയാണു സീറ്റു വാങ്ങിയതെന്ന ആരോപണവും വിജിലന്‍സ് സംഘം പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇതിന് ഉപോത്ബലകമായ തെളിവുകള്‍ സംഘത്തിനു ലഭിച്ചിട്ടില്ല.

അതേസമയം, ശനിയാഴ്ച വൈറ്റിലയിലെ ഒരു ബാങ്കിലെ ലോക്കറില്‍ വച്ചിരുന്ന രേഖകള്‍ സൂരജും ഭാര്യ സുമയും ചേര്‍ന്നു മാറ്റിയതായി അന്വേഷണസംഘം പറയുന്നു. രേഖകള്‍ മാറ്റിയെന്നാരോപിച്ചു മറ്റൊരു കേസു കൂടി എടുക്കുമെന്നാണു വിജിലന്‍സ് അധികൃതര്‍ നല്‍കുന്ന വിവരം. സൂരജിന്റെ ഭാര്യയെയും വരും ദിവസങ്ങളില്‍ വിജിലന്‍സ് ചോദ്യംചെയ്യും. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സുമയുടെ പേരില്‍ ഒരേ ദിവസം 90 ലക്ഷം രൂപയുടെ രണ്ടു വായ്പകള്‍ എടുത്തിരുന്നു. ഇതില്‍ ഒരു വായ്പ പൂര്‍ണമായും അടച്ചുതീര്‍ത്തു. മറ്റൊരു വായ്പയില്‍ 78 ലക്ഷം രൂപ അടച്ചുതീര്‍ക്കാനുണ്ട്. മകന്‍ റിസ്വാന്റെ പേരിലും സൂരജ് 75 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്െടന്നു കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കൂടുതലായി ചോദ്യം ചെയ്യുന്നതിനു സൂരജിനെ വീണ്ടും വിളിച്ചുവരുത്തും. സമ്പത്തിന്റെ വ്യാപ്തി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് ആവശ്യമായി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൂരജ് സര്‍ക്കാരിനെ ബ്ളാക്ക്മെയില്‍ചെയ്യുന്നു: ബിജെപി

തിരുവനന്തപുരം: തന്റെ പക്കലുള്ള അഴിമതി വിവരങ്ങള്‍വച്ച് സംസ്ഥാന സര്‍ക്കാരിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് ബ്ളാക്ക്മെയില്‍ ചെയ്യുകയാണെന്ന് ബിജെപി വക്താവ് വി.വി. രാജേഷ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സൂരജ് വെല്ലുവിളി ആരംഭിച്ചതോടെ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ പുനര്‍വിന്യാസം നടത്താന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. മാറിവരുന്ന രണ്ടു സര്‍ക്കാരുകളിലും ഇത്രയും സ്വാധീനം ചെലുത്തിയ ഉദ്യോഗസ്ഥര്‍ വേറെ ഉണ്ടായിട്ടില്ല.എല്‍ഡിഎഫ് ഭരണകാലത്ത് കോഴിക്കോട് വിമാനത്താവളം, കരിപ്പൂര്‍ വിമാനത്താവളം തുടങ്ങി മൂന്നു വിജിലന്‍സ് കേസുകളാണ് എല്‍ഡിഎഫ് പൂഴ്ത്തിവച്ചത്.മാറാട് കലാപത്തിനുശേഷമാണ് സൂരജ് സാമ്പത്തികമായി വന്‍തോതില്‍ ഉയര്‍ച്ചയുണ്ടായത്.


ഉണ്ടയില്ലാവെടി വയ്ക്കരുത്: തങ്കച്ചന്‍

കൊച്ചി: കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നു പറയുന്ന സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് എന്തിനാണ് ഉണ്ടയില്ലാ വെടിവയ്ക്കുന്നതെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. എന്തെങ്കിലും പറയാനുണ്െടങ്കില്‍ അതു വ്യക്തമായി പറയണം. ആളുകളുടെ പേരുകള്‍ അറിയുമെങ്കില്‍ അതു പറയണം. അപ്പോള്‍ അതേക്കുറിച്ചു പ്രതികരിക്കാമെന്നു തങ്കച്ചന്‍ പറഞ്ഞു. എല്‍ഡിഎഫ് മുങ്ങുന്ന കപ്പലാണ്. സിപിഎമ്മിലെ വിഭാഗീയതയും വിവിധ കക്ഷികള്‍ക്കുള്ളിലെ വിഭാഗീയതയും അവരെ വിഷമിപ്പിക്കുകയാണ.് എല്‍ഡിഎഫ് യോജിച്ചൊരു സമരം പോലും നടത്താനാവാത്ത അവസ്ഥയിലാണെന്നും തങ്കച്ചന്‍ പറഞ്ഞു.

മഹാന്മാരായി നടിക്കുന്ന പലരുടെയും കാര്യങ്ങള്‍ വെളിപ്പെടുത്തും: സൂരജ്

കൊച്ചി: മഹാന്മാരായി നടിക്കുന്ന പലരുടെയും പല കാര്യങ്ങളും തനിക്കറിയാമെന്നു സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്. താന്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. സമയം വരുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തും.

സസ്പെന്‍ഷനെ നിയമപരമായി നേരിടും. തെറ്റുകാരനാണെങ്കില്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണ്. മാധ്യമവിചാരണയ്ക്കു തന്നെ വിധേയനാക്കുകയാണെന്നും സൂരജ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഉദ്യോഗസ്ഥരെ മനസിലാക്കുന്നതില്‍ ജാഗ്രത വേണം: ഇബ്രാഹിംകുഞ്ഞ്

കൊച്ചി: ഉദ്യോഗസ്ഥരെ മനസിലാക്കുന്നതില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണു ടി.ഒ. സൂരജ് സംഭവം സൂചിപ്പിക്കുന്നതെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ഒ. സൂരജ് കുറ്റക്കാരനാണോ എന്നതു സംബന്ധിച്ച അന്തിമനിഗമനത്തില്‍ എത്തേണ്ടതു വിജിലന്‍സ് ആണ്. മുഖ്യമന്ത്രിക്കാണു സൂരജിനെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം. ഇതുസംബന്ധിച്ച ഫയല്‍ തന്റെ മുന്നിലെത്തിയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. തന്നെ അറിയിക്കാതെ സൂരജിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതു സംബന്ധിച്ചു കൂടുതല്‍ പറഞ്ഞു വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.