ബാര്‍ കോഴ ആരോപണം: വിജിലന്‍സ് പരിശോധന അവസാനഘട്ടത്തില്‍
Sunday, November 23, 2014 11:47 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടും മൊഴി നല്‍കാന്‍ എത്താത്ത ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അടക്കം 12 ബാറുടമകള്‍ക്കു വിജിലന്‍സ് നോട്ടീസ് നല്‍കി. പട്ടം പൊട്ടക്കുഴിയിലെ വിജിലന്‍സ് ഓഫിസില്‍ നാളെ എത്തി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിലെ ഡിവൈെഎസ്പി എസ്. സുരേഷ്കുമാറാണു നോട്ടീസ് നല്‍കിയത്. ഇവരുടെ മൊഴി കൂടി ലഭിക്കുന്നതോടെ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ പ്രാഥമിക പരിശോധന ഏതാണ്ട് അവസാന ഘട്ടത്തിലേക്കു കടക്കുകയാണെന്നു വിജിലന്‍സ് ഉന്നതര്‍ അറിയിച്ചു.

ധനമന്ത്രി കെ.എം. മാണിക്കു പണം നല്‍കിയെന്നു ബിജു രമേശിന്റെ മൊഴിയില്‍ ആരോപിച്ചിരുന്ന ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി. രാജ്കുമാര്‍ (ഉണ്ണി), ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ്, ട്രഷറര്‍ ജേക്കബ് കുര്യന്‍ എന്നിവരടക്കമുള്ള 12 പേര്‍ക്കാണു നോട്ടീസ് നല്‍കിയത്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം എന്നിവരടങ്ങിയ നാലംഗ സംഘമാണു മന്ത്രിയുടെ വസതിയിലെത്തി പണം കൈമാറിയതെന്നായിരുന്നു ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായ ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കിയത്. ഇവര്‍ തിരുവനന്തപുരത്തെ തന്റെ ഹോട്ടലിലാണു താമസിച്ചതെന്നും ഇതിന്റെ റൂം വാടക ഉള്‍പ്പെടെയുള്ള ബില്ലുകള്‍ അടച്ചതു ബിജു രമേശാണെന്നു ഇദേഹത്തിന്റെ അക്കൌണ്ടന്റ് വിജിലന്‍സിനെ അറിയിച്ചിരുന്നു.


ബിജു ആരോപിച്ചവര്‍ ഉള്‍പ്പെടെയുള്ള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും വിവിധ ആരോപണം നേരിട്ട ബാറുടമകള്‍ക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ 12 പേര്‍ മൊഴി നല്‍കാന്‍ എത്തിയില്ല. തുടര്‍ന്നാണു മൊഴി നല്‍കാത്തവര്‍ക്കു വീണ്ടും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു കൃത്യമായ തെളിവോ മൊഴിയോ ഇല്ലെന്നു വിജിലന്‍സ് അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.