മെക്കിട്ടുകയറരുതെന്നു സിപിഐക്കു പിണറായിയുടെ താക്കീത്
മെക്കിട്ടുകയറരുതെന്നു സിപിഐക്കു പിണറായിയുടെ താക്കീത്
Saturday, November 22, 2014 12:07 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സിപിഎമ്മിനോടു മെക്കിട്ടുകയറുന്നതു സിപിഐക്കു ഗുണകരമാകില്ലെന്നു പിണറായി വിജയന്റെ താക്കീത്. പാര്‍ട്ടി രൂപീകരിച്ചശേഷം സിപിഎമ്മിനു തെറ്റുതിരുത്തേണ്ടി വന്നിട്ടില്ലെന്നും ദേശീയ ബൂര്‍ഷ്വാസിയെ ശക്തിപ്പെടുത്താന്‍ നിലകൊണ്ട സിപിഐക്കാണു തെറ്റുതിരുത്തേണ്ടിവന്നതെന്നും പിണറായി വിജയന്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രനു മറുപടി നല്‍കി.

മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മി ല്‍ വലുപ്പചെറുപ്പമില്ല. എന്നാല്‍, പുറത്തിറങ്ങിയാല്‍ അങ്ങനെയല്ല. ഏറ്റവും ബഹുജനപിന്തുണയുള്ള പാര്‍ട്ടി സിപിഎമ്മാണെന്നും ശത്രുക്കള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. പുറത്തെ ഈ വ്യത്യാസം സിപിഎം അകത്തു കാണിക്കാറില്ലെന്നു പറഞ്ഞ പിണറായി, ബംഗാളില്‍ സിപിഎമ്മുകാര്‍ കൂട്ടമായി കൊലചെയ്യപ്പെട്ടപ്പോള്‍ കൈയും കെട്ടി നോക്കിനിന്ന പാര്‍ട്ടിയാണു സിപിഐയെന്നും വിമര്‍ശിച്ചു.

സിപിഎമ്മുമായുള്ള ആശയസമരം തുടരുമെന്ന പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനം വന്നു മണിക്കൂറുകള്‍ക്കകം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രന്‍ സിപിഎമ്മിനെ പ്രകോപിപ്പിക്കുന്ന പ്രസംഗം ഒറ്റപ്പാലത്തു നടത്തിയിരുന്നു. കാനത്തിനും സിപിഐക്കും ശക്തമായ മറുപടിയാണ് ഇന്നലെ പി. ഗോവിന്ദപ്പിള്ള അനുസ്മരണവേളയില്‍ പിണറായി വിജയന്‍ നല്‍കിയത്. കോണ്‍ഗ്രസുമായി മാത്രമല്ല, ആര്‍എസ്എസുമായും ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകൂടിയ ചരിത്രം സിപിഎമ്മിനുണ്െട ന്നും ഇതൊന്നും പിന്നീടു തെറ്റായിപ്പോയെന്നു പറയാതെ ന്യായീകരിക്കുന്ന നിലപാടാണു ഇഎംഎസ് സ്വീകരിച്ചതെന്നുമായിരുന്നു കാനത്തിന്റെ പ്രധാന വിമര്‍ശനം. മുന്നണിയിലെ ഏതെങ്കിലും ഒരു കക്ഷി പറയുന്നതാണു ശരിയെന്നു സമ്മതിച്ച് അതിനു താഴെ ഒപ്പിടാന്‍ സിപിഐയെ ഇനി കിട്ടില്ലെന്നും ഘടകകക്ഷി എന്നു വച്ചു മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയുടെ നിലപാടിനെ ചോദ്യം ചെയ്തുകൂടാ എന്നില്ലെന്നുമായിരുന്നു കാനത്തിന്റെ മറ്റൊരു വിമര്‍ശനം.

ഇതിനു പിണറായിയുടെ മറുപടി ഇങ്ങനെയായിരുന്നു: അടിയന്തരാവസ്ഥക്കാലത്തു താനടക്കം ജയിലില്‍ കിടന്നിട്ടുണ്ട്. ആ സമയത്തു കെ.ജി. മാരാര്‍ അടക്കമുള്ള ആര്‍എസ്എസ് നേതാക്കള്‍ ജയിലിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരേ എല്ലാ പേരും ഒരുമിച്ചു പ്രതികരിച്ചിരുന്നു. ഇതിനെയാണു പിന്നീടു ആര്‍എസ്എസ് ബന്ധമായി വ്യാഖ്യാനിച്ചത്. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കിയെന്ന പരാമര്‍ശം അസംബന്ധമാണ്. സിപിഎമ്മിനെ ആക്ഷേപിക്കാന്‍ കാനം ഇക്കാര്യം പറഞ്ഞതാണെങ്കിലും നാട് ഇതംഗീകരിക്കില്ലെന്നും പിണറായി പറ ഞ്ഞു.


1964ല്‍ സിപിഎം രൂപവത്കരിക്കപ്പെട്ടശേഷം സംഭവിച്ച ഒരു തെറ്റും തിരുത്തിയില്ലെന്നും ഒന്നാം യുപിഎ സര്‍ക്കാരില്‍ അംഗമാകേണ്ടതില്ലെന്ന് ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍ സോമനാഥ് ചാറ്റര്‍ജിയെ ലോക്സഭാ സ്പീക്കറാക്കിയ പാര്‍ട്ടിയാണു സിപിഎം എന്നുമുള്ളതായിരുന്നു കാനത്തിന്റെ മറ്റൊരു വിമര്‍ശനം.

1980 വരെ കോണ്‍ഗ്രസുമായി കേരളത്തില്‍ കൂട്ടുഭരണം നടത്തിയ പാര്‍ട്ടിയാണു സിപിഐയെന്നും പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമായുള്ള സ്ഥാനങ്ങള്‍ സിപിഎം സ്വീകരിക്കാറുണ്െടന്നും അതുവലിയ കാര്യമല്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി.

ബംഗാളില്‍ നാലു പതിറ്റാണ്ടു ഭരിച്ച സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച കാനം രാജേന്ദ്രനു ശക്തമായ മറുപടിയാണു പിണറായി നല്‍കിയത്. സിപിഎമ്മുകാരെ കോണ്‍ഗ്രസുകാര്‍ കൂട്ടക്കൊല ചെയ്യുമ്പോള്‍ ദേശീയ തലത്തില്‍ അധികാരവും പറ്റി സിപിഐ നോക്കിനില്‍ക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ അതിനുശേഷം 34 വര്‍ഷം സിപിഎം ബംഗാള്‍ ഭരിച്ചു. ആ ഭരണത്തിന്റെ നല്ല ഫലങ്ങള്‍ കൂടെനിന്ന് അനുഭവിച്ചവരാണ് ഇപ്പോള്‍ ബംഗാളില്‍ പാര്‍ട്ടിക്കേറ്റ താത്കാലിക തിരിച്ചടിയുടെ പേരില്‍ സിപിഎമ്മിനെ പുറകില്‍നിന്നു കുത്തുന്നതെന്നും പിണറായി പറഞ്ഞു. സിപിഎമ്മിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നുനിന്നു പാര്‍ട്ടിക്കെതിരേ വിമര്‍ശനം നടത്തുമ്പോള്‍ കാനം രാജേന്ദ്രന് എന്തുകിട്ടുമെന്നു പറയണമെന്നും പിണറായി ആവശ്യപ്പെട്ടു. ഇങ്ങനെയൊക്കെ ഇപ്പോള്‍ പറയാനുണ്ടായ സിപിഐ നേതാവിന്റെ വികാരം മനസിലാകുന്നില്ലെന്നു പറഞ്ഞ പിണറായി, വിമര്‍ശനങ്ങളുടെ ലക്ഷ്യം എന്താണെന്നു പറയാന്‍ സിപിഐ നേതാക്കള്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.

കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെച്ചൊല്ലിയും ബാര്‍ കോഴ കേസിലെ അന്വേഷണത്തെ സംബന്ധിച്ചും സിപിഎമ്മും സിപിഐയുമായുള്ള തര്‍ക്കത്തിനു താത്കാലിക ശമനം ഉണ്ടായെന്നു കരുതിയ സാഹചര്യത്തിലാണു വീണ്ടും ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക്പോര് മൂര്‍ച്ഛിച്ചിരിക്കുന്നത്. സിപിഎം-സിപിഐ തര്‍ക്കത്തില്‍ ഇതുവരെയും പ്രത്യക്ഷത്തില്‍ എത്താതിരുന്ന കാനം രാജേന്ദ്രന്‍ ഇപ്പോള്‍ സിപിഎമ്മിനെതിരേ വിമര്‍ശനവുമായി എത്തിയെന്നതും ശ്രദ്ധേയമാണ്. സിപിഎമ്മിലാകട്ടെ സിപിഐ നേതാക്കളുടെ കൂട്ടത്തോടെയുള്ള വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നതു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.