തൊഴിലധിഷ്ഠിത വൈദഗ്ധ്യ വികസനത്തിന് അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജും വോള്‍വോ - ഐഷറും കൈകോര്‍ക്കുന്നു
തൊഴിലധിഷ്ഠിത വൈദഗ്ധ്യ വികസനത്തിന് അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജും വോള്‍വോ - ഐഷറും കൈകോര്‍ക്കുന്നു
Saturday, November 22, 2014 12:29 AM IST
കാഞ്ഞിരപ്പള്ളി: മള്‍ട്ടി നാഷണല്‍ രംഗത്ത് പ്രമുഖ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍ കമ്പനിയായ വോള്‍വോ-ഐഷര്‍ ലിമിറ്റഡും കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജും ചേര്‍ന്ന് ഓട്ടോമൊബൈല്‍ മേഖലയില്‍ ലോകോത്തരനിലവാരത്തിലുള്ള തൊഴില്‍ പരിശീലനം നല്‍കാനുതകുന്ന പദ്ധതിക്കുള്ള ധാരണയായി. വോള്‍വോ-ഐഷര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിതമാകുന്ന അമല്‍ജ്യോതി-ഐഷര്‍ സെന്റര്‍ ഫോര്‍ ഓട്ടോ മൊബൈല്‍ ടെക്നോളജി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച ഓട്ടോമൊബൈല്‍ നിര്‍മാതാക്കളുടെ പരിശീലനം കേരളത്തില്‍ ലഭ്യമാകും. മധ്യപ്രദേശില്‍ ഇന്‍ഡോറിന് സമീപം പീതാംപൂരിലുള്ള വോള്‍വോ-ഐഷര്‍ പ്ളാന്റില്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് അഗര്‍വോളും അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസ് കണ്ണമ്പുഴയും കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കേരളത്തില്‍ ഒരു കോളജുമായി കമ്പനി ഒരു സംരംഭത്തിലേര്‍പ്പെടുന്നത് ആദ്യമായിട്ടാണ്.

എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടാതെ 10/12-ക്ളാസ് കഴിഞ്ഞ് തൊഴില്‍ പരിശീലനം ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാം വിധമാണ് ഈ സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഓട്ടോമൊബൈല്‍ മേഖലയില്‍ പരിശീലനം ലഭിച്ച 25 ലക്ഷത്തിലേറെപ്പേരെ ആവശ്യമുണ്ട് എന്നുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ഈ സംരംഭത്തിന്റെ പ്രാധാന്യം ഏറെ വര്‍ധിപ്പിക്കുന്നു.

ഓട്ടോമൊബൈല്‍ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന അതിനൂതന സംവിധാനങ്ങള്‍ നേരില്‍ കാണാനും അഭ്യസിക്കാനുമുള്ള അവസരമാണ് അമല്‍ജ്യോതിയില്‍ സാധിതമാകുന്നത്. കൊമേഴ്സ്യല്‍ വാഹനങ്ങളുടെ റിപ്പയര്‍, മെയിന്റനന്‍സ്, ഓവറോളിംഗ് തുടങ്ങിയവയാണ് ഇവിടെ മുഖ്യമായും പരിശീലിപ്പിക്കുന്നത്. തുടര്‍ച്ചയായ ഫോളോഅപ് പ്രോഗ്രാമുകളും ഓട്ടോമൊബൈല്‍ മേഖലയിലെ പുതിയ കാല്‍വയ്പ്പുകളും പരിശീലനത്തിന്റെ ഭാഗമായി കമ്പനി ഈ സെന്ററില്‍ നടപ്പിലാക്കും. ഇതിനാവശ്യമായ പഠനസാമഗ്രികള്‍, ഉപകരണങ്ങള്‍, എന്‍ജിനുകള്‍, കട്ട്മോഡലുകള്‍, വാഹനങ്ങള്‍ തുടങ്ങിയവ വൈകാതെ അമല്‍ജ്യോതിയിലെത്തും. അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ക്ളാസ്മുറികള്‍, വര്‍ക്ക്ഷോപ്പ്, ലൈബ്രറി എന്നിവയ്ക്കായി കോളേജില്‍ 9000 ചതുരശ്ര അടി സ്ഥലമാണ് ഒരുങ്ങിയിരിക്കുന്നത്. അമല്‍ജ്യോതിയിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കും ലാബ് സ്റാഫിനുമുള്ള പരിശീലനം അടുത്ത ആഴ്ച പീതാംപൂരില്‍ ആരംഭിക്കും.


തിയറിയും പ്രാക്ടിക്കലും തുല്യപ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന പ്രത്യേക സിലബസ് തയാറായിക്കഴിഞ്ഞു. ഒമ്പതു മാസം കോളേജില്‍ ലഭിക്കുന്ന പരിശീലനത്തിന് ശേഷം മൂന്നു മാസത്തെ ഇന്റേഷിപ്പാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളാ, കര്‍ണാടക ഐഷര്‍ ഹോള്‍സെയില്‍ ഡീലര്‍ പി. എസ്. എന്‍ ഓട്ടോമൊബൈല്‍സ് ഇതിനായി സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിശീലനം ലഭിക്കുന്നവരില്‍ ഏറിയപങ്കിനും വോള്‍വോ-ഐഷര്‍ കമ്പനിയും പ്രമുഖ ഡീലേഴ്സും ജോലി നല്‍കാന്‍ സദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

അമല്‍ജ്യോതി-ഐഷര്‍ സെന്റര്‍ ഫോര്‍ ഓട്ടോമൊബൈല്‍ ടെക്നോളജിയില്‍ ധാരണാപത്രപ്രകാരം ഐഷര്‍ കമ്പനി മള്‍ട്ടി ആക്സില്‍ ഹെവി ഡ്യൂട്ടി വെഹിക്കിള്‍, വാഹന ഭാഗങ്ങളുടെ കട്ട് സെക്ഷന്‍ മോഡലുകള്‍, പ്രാക്ടീസ് യൂണിറ്റുകള്‍, ഗ്യരേജ് എക്വിപ്മെന്റ്, മെഷറിംഗ് ഇന്‍സ്ട്രമെന്റ്സ്, കൊമേഴ്സ്യല്‍ ടൂള്‍സ്, ട്രോളികള്‍, ഫിക്ചറുകള്‍, ചാര്‍ട്ടുകള്‍, പോസ്റ്ററുകള്‍, ട്രെയിനിംഗ് ടെക്സ്റുകള്‍ മുതലായവ ഐഷര്‍ കമ്പനി ഉടനെ എത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.