സൂരജിനെ ഇന്നു സസ്പെന്‍ഡ് ചെയ്യും; വിജിലന്‍സ് ചോദ്യംചെയ്തു
സൂരജിനെ ഇന്നു സസ്പെന്‍ഡ് ചെയ്യും; വിജിലന്‍സ് ചോദ്യംചെയ്തു
Saturday, November 22, 2014 12:16 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്നു പുറത്തിറങ്ങും. അഞ്ചു കോടിയോളം രൂപയുടെ അനധികൃത സ്വത്തുണ്െടന്നു കണ്െടത്തിയ സൂരജിനെതിരേയുള്ള കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. സൂരജിനെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഒപ്പിടും.

സൂരജിനെതിരേ അച്ചടക്ക നട പടി ആവശ്യമാണെന്ന ശിപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനു കൈമാറി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു നല്‍കി. ആഭ്യന്തരമന്ത്രി കൊച്ചിയിലായതിനാല്‍ ഫയല്‍ ഇന്നലെ മുഖ്യമന്ത്രിക്കു കൈമാറാന്‍ കഴിഞ്ഞില്ല.

അതേസമയം, വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തു.

ഇന്നലെ വൈകുന്നേരം കൊച്ചിയിലെ കതൃക്കടവിലുള്ള വിജിലന്‍സ് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യംചെയ്യുകയായിരുന്നു. വൈകുന്നേരം മൂന്നിന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടു വരെ നീണ്ടു. അടിയന്തരമായി ചോദ്യംചെയ്യലിനു ഹാജരാകാന്‍ അന്വേഷണസംഘം സൂരജിന്റെ വീട്ടിലെത്തി ആവശ്യപ്പെടുകയായിരുന്നു. താന്‍ അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നു ചോദ്യംചെയ്യലില്‍ സൂരജ് പറഞ്ഞതായാണു വിവരം. സൂരജിന്റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകളിലും ഓഫീസിലുംനിന്നു കണ്െടത്തിയ അനധികൃത സ്വത്തുക്കള്‍ സംബന്ധിച്ച വിശദാംശങ്ങളാണു പ്രധാനമായും ഡിവൈഎസ്പി കെ.ആര്‍. വേണുഗോപാല്‍ ചോദ്യംചെയ്യലില്‍ തേടിയത്. ഇവ രേഖപ്പെടുത്തിയ വിജിലന്‍സ് സംഘം വരുംദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ നടത്തും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. സ്വത്തുക്കള്‍ സംബന്ധിച്ച സൂരജിന്റെ അവകാശവാദം വിശദമായി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച ചില രേഖകളും സൂരജ് ഹാജരാക്കി.


അന്വേഷണ സംഘത്തിന് അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. രേഖകളുടെ പരിശോധന ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകുമെങ്കിലും സ്വത്തിന്റെ മൂല്യനിര്‍ണയത്തിനു കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് വിജിലന്‍സ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.

330 രേഖകളും പണവും വിജിലന്‍സ് കോടതിയില്‍ എത്തിച്ചു

തൃശൂര്‍: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിലെ പരിശോധനാറിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

പണമുള്‍പ്പെടെയുള്ള 330 രേഖകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

അഞ്ചിടത്ത് അഞ്ചു സംഘങ്ങളായിട്ടാണ് പരിശോധന നടത്തിയതെന്നതിനാല്‍ ഇവര്‍ പ്രത്യേകം കോടതിയിലെത്തിക്കുകയായിരുന്നു. ഉച്ചയ്ക്കുമുമ്പ് രണ്ടു സംഘവും ഉച്ചയ്ക്കു ശേഷം മൂന്നു സംഘവുമെത്തി.

കഴിഞ്ഞദിവസം പരിശോധനയുടെ കരടുറിപ്പോര്‍ട്ട് കോടതിയിലെത്തിച്ചിരുന്നു. പൂര്‍ണറിപ്പോര്‍ട്ടിനു സംഘം സമയം തേടിയിരുന്നുവെങ്കിലും കോടതിയുടെ കര്‍ശനനിര്‍ദേശത്തെതുടര്‍ന്നാണ് ഇന്നലെ ത്തന്നെ റിപ്പോര്‍ട്ട് എത്തിച്ചത്.

എറണാകുളം വിജിലന്‍സ് സ്പെഷല്‍ എസ്പി കെ.എം. ടോമിയുടെ നേതൃത്വത്തില്‍ അഞ്ചു ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തിലാണ് സൂരജിന്റെ തിരുവനന്തപുരത്തെയും എറണാകുളത്തെയും വീടുകള്‍, ഫ്ളാറ്റ്, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.

10 ബാങ്ക് പാസ് ബുക്കുകള്‍, ചെക്ക് ബുക്കുകള്‍, വസ്തു ഇടപാടുരേഖകള്‍, അനധികൃതമായി കൈവശം വച്ചതായി കണ്െടത്തിയ ഫയലുകള്‍, റിലയന്‍സുമായി ബന്ധപ്പെട്ടതെന്നു സംശയിക്കുന്ന സുപ്രധാന രേഖ എന്നിവയും ഇവയുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് കോടതിക്കു കൈമാറിയിട്ടുള്ളത്. അടുത്തദിവസം റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി നടപടികളിലേക്കു കടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.