മുഖപ്രസംഗം: വിശുദ്ധിയുടെ കിരീടധാരണം
Saturday, November 22, 2014 10:19 PM IST
വിശുദ്ധീകരിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ക്കു കത്തോലിക്കാസഭ നല്‍കുന്ന ഔദ്യോഗികാംഗീകാരമാണു വിശുദ്ധപദവി പ്രഖ്യാപനം. ദീര്‍ഘകാലമായി അനേകം പേരുടെ ഹൃദയങ്ങളില്‍ വിശുദ്ധിയുടെ പരിവേഷത്തോടെ തെളിഞ്ഞുനില്‍ക്കുന്ന നാമങ്ങളാണു ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും. ആ ദിവ്യാത്മാക്കളുടെ വിശു ദ്ധി ഇതാ കത്തോലിക്കാ തിരുസഭ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. അനേകം ഭാരത ക്രൈസ്തവര്‍, പ്രത്യേകിച്ചു കേരളസഭാതനയര്‍ ഏറെക്കാലമായി കാത്തിരുന്ന നാമകരണച്ചടങ്ങ് നാളെ വത്തിക്കാനില്‍ നടക്കും.

പ്രാര്‍ഥനാജീവിതത്തിലൂടെ തനിക്കു ചുറ്റും പരിമളം പരത്തിനിന്ന ജീവിതമായിരുന്നു എവുപ്രാസ്യമ്മയുടേതെങ്കില്‍, സ ന്യാസിയുടെ ജീവിതം നയിക്കുമ്പോള്‍ത്തന്നെ സമൂഹത്തിന് ഉത്ക്കര്‍ഷം നേടിക്കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിരതമായ ജീവിതമായിരുന്നു ചാവറയച്ചന്റേത്. കന്യകാലയത്തില്‍ ഒതുങ്ങിനിന്ന ഒരു ജീവിതവും വലിയൊരു സമൂഹ ത്തിലേക്കു പടര്‍ന്നുനിന്ന ജീവിതവും. രണ്ടിനും വിശുദ്ധിയുടെ അസാമാന്യശോഭയുണ്ടായിരുന്നു.

ബഹുമുഖപ്രതിഭയെന്ന് അതിശയോക്തികൂടാതെ വിശേഷിപ്പിക്കാവുന്ന സവിശേഷ വ്യക്തിത്വമായിരുന്നു ചാവറയച്ചന്റേത്. വിശുദ്ധ ജീവിതം നയിക്കുക മാത്രമല്ല, മറ്റുള്ളവരെ വിശുദ്ധിയിലേക്കു കൊണ്ടുവരുന്നതിന് അത്യധ്വാനം ചെയ്യുകയും ചെയ്ത ചാവറയച്ചന്‍ ആധ്യാത്മികതയില്‍ വനവാസം നടത്തുകയായിരുന്നില്ല. സമൂഹത്തിന്റെ നടുവില്‍, സമൂഹത്തിനുവേണ്ടി, സമൂഹത്തിന്റെ നാനാവിധമായ അഭിവൃദ്ധിക്കുവേണ്ടി ജീവിച്ച യുഗപുരുഷന്‍കൂടിയായിരുന്നു അദ്ദേഹം.

ആഗോളസഭയോടു ചേര്‍ന്നുനിന്നുകൊണ്ടുതന്നെ സുറിയാനി സഭയുടെ സ്വയംഭരണത്തിനായി ചാവറയച്ചന്‍ നടത്തിയ പ്രയത്നങ്ങള്‍ സഭാചരിത്രത്തിലെ നാഴികക്കല്ലാണ്. പള്ളിയുടെയും പള്ളിക്കൂടങ്ങളുടെയും നടത്തിപ്പിനും സമൂഹത്തിലെ നാനാജാതി മതസ്ഥരായ പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി ചാവറയച്ചന്‍ തുടക്കമിട്ട പിടിയരിപ്പിരിവും കെട്ടുതെങ്ങുപിരിവുമൊക്കെ ഉപവിയുടെയും പങ്കുവയ്ക്കലിന്റെയും ഉദാത്ത മാതൃകയായിരുന്നു.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കേരളസമൂഹത്തെ ബോധ്യപ്പെടുത്തുക മാത്രമല്ല, സാര്‍വത്രിക വിദ്യാഭ്യാസത്തിനുള്ള വഴിതെളിക്കുകയും ചെയ്തു ചാവറയച്ചന്‍. വിദ്യ വരേണ്യവര്‍ഗ കുത്തകയായിരുന്ന കാലത്ത് ദളിതരുള്‍പ്പെടെയുള്ള കീഴാളര്‍ക്കും വിദ്യാഭ്യാസം സാധ്യമാക്കാന്‍ സ്കൂളില്‍ ഉച്ചക്കഞ്ഞി നല്‍കുന്നതടക്കമുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കണ്െടത്തിയ വിപ്ളവകാരിയാണ് അദ്ദേഹം.

ചാവറയച്ചന്‍ ആദ്യം സ്ഥാപിച്ചതു സംസ്കൃത സ്കൂള്‍ ആയിരുന്നു. വരേണ്യഭാഷ എല്ലാവര്‍ക്കും പ്രാപ്യമാക്കിയതിലൂടെ വലിയൊരു സാമൂഹ്യ വിപ്ളവത്തിനു വഴിയൊരുക്കി. അക്ഷരവും ഭക്ഷണവും ആവശ്യമറിഞ്ഞു ലഭ്യമാക്കാനാണു പള്ളിക്കൂടങ്ങളില്‍ ഉച്ചക്കഞ്ഞി വിതരണത്തിന് ചാവറയച്ചന്‍ തുടക്കം കുറിച്ചത്. ഒരു നൂറ്റാണ്ടിനുശേഷമാണു രാജ്യത്തു ജനകീയ ഭരണകൂടങ്ങള്‍ അതിന്റെ പ്രാധാന്യം മനസിലാക്കിയത്. ശ്രീനാരായണഗുരുവിനും മുമ്പേ കേരളസമൂഹത്തില്‍ പിന്നോക്കവിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിനു മാര്‍ഗം തെളിച്ച പരിഷ്കര്‍ത്താവാണു ചാവറയച്ചന്‍ എന്നതു പലരും തമസ്കരിച്ച ചരിത്രസത്യമാണ്.


എഴുത്തുകാരനായിരുന്ന ചാവറയച്ചന്‍ അച്ചടിയുടെ സാധ്യതകള്‍ മനസിലാക്കിയതില്‍ അദ്ഭുതമില്ല. എന്നാല്‍, കൈയെത്താദൂരത്തെ സാങ്കേതികവിദ്യയായിരുന്ന അച്ചടി സ്വായത്തമാക്കാനും അതുവഴി വിജ്ഞാനം പ്രചരിപ്പിക്കാനും ചാവറയച്ചന്‍ നടത്തിയ ശ്രമങ്ങള്‍ അത്യാവേശകരമാണ്. മാന്നാനത്ത് അദ്ദേഹം 1846ല്‍ സ്ഥാപിച്ച അച്ചുകൂടത്തിനു കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. കേരളത്തിലെ അന്നത്തെ കത്തോലിക്കാ സമുദായനേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍, നിധീരിക്കല്‍ മാണിക്കത്തനാര്‍ സ്ഥാപക പത്രാധിപരായി 1887-ല്‍ ദീപിക പിറന്നത് ആ അച്ചുകൂടത്തില്‍നിന്നാണെന്നതു ഞങ്ങളെ അഭിമാനഭരിതരാക്കുന്നു. ചാവറയച്ചന്‍ സ്ഥാപിച്ച സിഎംഐ സ ഭ ഒരു നൂറ്റാണ്ടിലേറെ ദീപികയെ നയിക്കുകയും ചെയ്തു. ചാവറയച്ചന്റെ ദിവ്യചൈതന്യം ഒരു കെടാവിളക്കായി ഇന്നും ദീപികയോടൊപ്പമുണ്ട്.

ചാവറയച്ചന്റേതുപോലെ സംഭവബഹുലവും നാനാകര്‍മനിരതവും സമൂഹമധ്യത്തിലുള്ളതുമായ ജീവിതമായിരുന്നില്ല എവുപ്രാസ്യമ്മയുടേത്. ഭാരതസഭയുടെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ ജീവിതവുമായാണ് ഈ അമ്മയുടെ ജീവിതത്തിനു കൂടുതല്‍ സാമ്യം. പ്രാര്‍ഥനയിലൂടെയും ദൈവത്തിനു സ്വയം സമര്‍പ്പിച്ചുകൊണ്ടും സമൂഹത്തിനു നന്മ ചൊരിയുകയായിരുന്നു എവുപ്രാസ്യമ്മ. ത ന്നെ സമീപിച്ചവര്‍ക്കെല്ലാം സാന്ത്വനവും സമാശ്വാസവും പകരാന്‍ ജീവിതകാലത്തുതന്നെ അമ്മയ്ക്കു കഴിഞ്ഞു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നാളെ ആയിരക്കണക്കിനു ഭാരതീയരുള്‍പ്പെടെ പതിനായിരക്കണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും സഭയുടെ വിശുദ്ധഗണത്തിലേക്ക് അവരോധിക്കുമ്പോള്‍ അതു ഭാരതസഭയ്ക്ക് ആത്മനിര്‍വൃതിയുടെ വേളയാകും. ഭാരതസമൂഹത്തില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് ഇവിടത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ നേരിടുന്ന പ്രതിസന്ധികളോടൊപ്പം അനുഭവവേദ്യമാകുന്ന വലിയ നന്മകളും വിസ്മരിക്കാനാവില്ല. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശുദ്ധവായു ഇവിടെ ലഭ്യമാണെന്നതു ചെറിയ കാര്യമല്ല. വത്തിക്കാനിലെ നാമകരണച്ചടങ്ങില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിസംഘം പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍നിന്നും ഔദ്യോഗിക സംഘമുണ്ട്. ഇതുകൂടാതെ നാട്ടില്‍നിന്നും മറുനാട്ടില്‍നിന്നും നിരവധി മലയാളികള്‍ വത്തിക്കാനിലെത്തുന്നു.

ആഗോള സമൂഹത്തില്‍ കത്തോലിക്കാസഭ ചെലുത്തുന്ന ധാര്‍മിക സ്വാധീനം വളരെ വലുതാണ്. ആള്‍ബലത്തെക്കാളും അര്‍ഥശക്തിയെക്കാളും പ്രധാനമാണത്. ആ ധാര്‍മിക ചൈതന്യം ഈ നാമകരണവേളയില്‍ ഭാരതത്തിലെ, വിശിഷ്യ കേരളത്തിലെ പൊതുസമൂഹത്തിനു പ്രകാശം പ കരട്ടെ.

ചീഫ് എഡിറ്റര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.