കവര്‍ച്ചക്കാരുടെ ആക്രമണം; ഗൃഹനാഥന്‍ മരിച്ചു
കവര്‍ച്ചക്കാരുടെ ആക്രമണം; ഗൃഹനാഥന്‍ മരിച്ചു
Friday, November 21, 2014 12:08 AM IST
തൃശൂര്‍: കണിമംഗലം ഓവര്‍ബ്രിഡ്ജിനു സമീപം വൃദ്ധദമ്പതിമാരെ ആക്രമിച്ചു വീട്ടില്‍നിന്നു സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൈതക്കോടന്‍ വീട്ടില്‍ വിന്‍സന്റ്(67) ആണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നു വിന്‍സന്റിനെ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.45 ഓടെയാണു മരണം സംഭവിച്ചത്. നെഞ്ചിനേറ്റ ക്ഷതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം പോസ്റ്മോര്‍ട്ടം നടപടികള്‍ക്കായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. വിന്‍സന്റും ഭാര്യ ലില്ലിയും പുറത്തുപോയി തിരിച്ചു വീട്ടില്‍ വന്നു വസ്ത്രം മാറുന്നതിനിടെ നാലംഗസംഘം അതിക്രമിച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കീഴ്പ്പെടുത്തി കൈകളും കണ്ണും വായും മൂടി കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. 10 പവനും 50,000 രൂപയുമാണു നഷ്ടപ്പെട്ടത്. വീട്ടുകാരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമാണു കവര്‍ന്നത്.


തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ കൈകളും മുഖവും മറച്ചിരുന്നു. ലില്ലിയുടെ കൈകളിലെ വളകള്‍ പ്ളയര്‍ ഉപയോഗിച്ചു അക്രമിസംഘം മുറിച്ചെടുക്കുകയായിരുന്നു. വിദേശത്തു ജോലിചെയ്തിരുന്ന വിന്‍സന്റ് നാട്ടില്‍ ഇപ്പോള്‍ സ്ഥിരതാമസമാണ്. ഭാര്യ ലില്ലി ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളിലെ റിട്ടയേഡ് പ്രധാനാധ്യാപികയാണ്.മക്കള്‍: വിനോയ്(എന്‍ജിനിയര്‍, കോയമ്പത്തൂര്‍), ആഗ്നല്‍(ഇന്‍ഫോസിസ്, തിരുവനന്തപുരം), ലിന്‍വി സന്തോഷ്(അമേരിക്ക). മക്കള്‍ ദുരന്തവാര്‍ത്ത അറിഞ്ഞു നാട്ടില്‍ എത്തിയശേഷം ശനിയാഴ്ച കൂര്‍ക്കഞ്ചേരി നിര്‍മലപുരം പള്ളിയില്‍ സംസ്കാരം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.