പുഴകളുടെ സംരക്ഷണത്തിനായി പുഴ മുതല്‍ പുഴ വരെ പദ്ധതി
പുഴകളുടെ സംരക്ഷണത്തിനായി പുഴ മുതല്‍ പുഴ വരെ പദ്ധതി
Friday, November 21, 2014 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പുഴകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി പുഴ മുതല്‍ പുഴ വരെ എന്ന പദ്ധതി റവന്യു വകുപ്പ് നടപ്പാക്കുന്നു. ജനുവരിയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നു റവന്യു മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

പുഴയെ അറിയുക, ആദരിക്കുക എന്ന സന്ദേശം വരുംതലമുറയ്ക്കു കൈമാറി, അവരെ നദീസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്നതാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പുഴയോരങ്ങളെ സൌന്ദര്യവത്കരിച്ചുകൊണ്ട് കൈയേറ്റങ്ങള്‍ തടയുക, പുഴകളെ മാലിന്യവിമുക്തമാക്കുക, പുഴകളുടെ സൌന്ദര്യം ആസ്വദിക്കാന്‍ അവസരമൊരുക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും.

പദ്ധതിയില്‍ ആദ്യഘട്ടമായി ഭാരതപ്പുഴ, അച്ചന്‍കോവിലാര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാരതപ്പുഴയുടെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മുതല്‍ തിരുനാവായ വരെയുള്ള മൂന്നു കിലോമീറ്ററില്‍ ഉള്‍പ്പെടുന്ന 527 ഏക്കര്‍, അച്ചന്‍കോവിലാറിന്റെ പത്തനംതിട്ട ജില്ലയില്‍ തൃപ്പാറ ക്ഷേത്രത്തിനു സമീപത്തെ ഒരേക്കര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന പ്രദേശം. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നു 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ച് നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ പരിശോധിക്കുന്ന സംസ്ഥാന ഉന്നത തല സമിതിയാണ് പുഴ മുതല്‍ പുഴ വരെ പദ്ധതിക്ക് അന്തിമരൂപം നല്കിയത്.


പദ്ധതി പ്രദേശങ്ങളുടെ തുടര്‍പരിപാലനവും സംരക്ഷണവും അതാതു പ്രദേശങ്ങളിലെ പുഴസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലായിരിക്കും. പദ്ധതി പ്രദേശത്തെ വില്ലേജ് ഓഫീസര്‍മാരായിരിക്കും മേല്‍നോട്ടം. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും നടത്തിപ്പ്. ജില്ലാ കളക്ടര്‍മാര്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിര്‍മിതി കേന്ദ്രവും. പുഴകളില്‍ നിന്നുള്ള മണലെടുപ്പ്, മണ്ണു വാരല്‍ തുടങ്ങിയുള്ള അനധികൃതമായ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.