ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍
ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍
Thursday, October 30, 2014 12:18 AM IST
തിരുവനന്തപുരം: ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനു ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആധാര്‍ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ചു സുപ്രിംകോടതിയില്‍ നിലവിലുള്ള കേസില്‍, ആധാര്‍ കര്‍ശനമാക്കരുതെന്ന നിലപാടാവും സര്‍ക്കാര്‍ സ്വീകരിക്കുക. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. പദ്ധതി നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണു സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അറിയിച്ചു.

ആനുകൂല്യ വിതരണത്തിനു ആധാര്‍ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ചു കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാനങ്ങള്‍ക്കു കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു യോഗം ചേര്‍ന്നത്. ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡുകളില്‍ കൃത്രിമത്വം സാധ്യമല്ലാത്തതിനാല്‍ സാധാരണക്കാര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും എല്ലാവിധ സേവനങ്ങളും ലഭ്യമാക്കാനാവുമെന്നു കത്തില്‍ പറയുന്നു. ഒരാള്‍ക്ക് ഒരു കാര്‍ഡ് മാത്രമായതിനാല്‍ ലോകത്തെവിടെയും തിരിച്ചറിയാനാവുമെന്നും ബാങ്കിംഗ് സേവനങ്ങള്‍ സൌകര്യമാവുമെന്നും കത്തില്‍ പറഞ്ഞിരുന്നു. യോഗത്തില്‍ യുഐഡിഎഐ, എല്‍പിആര്‍, സംസ്ഥാന ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.