വിസിമാരുടെ യോഗം വിളിച്ച ഗവര്‍ണറുടെ നടപടി: നോ കമന്റ്സ് എന്നു മുഖ്യമന്ത്രി
വിസിമാരുടെ യോഗം വിളിച്ച ഗവര്‍ണറുടെ നടപടി: നോ കമന്റ്സ് എന്നു മുഖ്യമന്ത്രി
Thursday, October 30, 2014 12:18 AM IST
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച ഗവര്‍ണറുടെ നടപടിയെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ ഇതു സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നോ കമന്റ്സ് എന്നു പറയുമ്പോള്‍ അതിലൊരു അതൃപ്തിയുടെ സ്വരമില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പ്രതികരിക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ ഇന്നലെ രംഗത്തുവന്നിരുന്നു.

വൈസ് ചാന്‍സലര്‍ പോലെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ സ്ഥാനത്തിന്റേയും നിറവേറ്റുന്ന ഉത്തരവാദിത്വത്തിന്റെയും ഉന്നത നിലവാരം പുലര്‍ത്തി മുന്നോട്ടുപോകാന്‍ തയാറാകണം. ആരോഗ്യ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറെ നിയമിച്ചപ്പോള്‍ മാധ്യമങ്ങളില്‍ എന്തൊക്കെ വാര്‍ത്തകളാണു വന്നത്. ലിസ്റില്‍ ഇല്ലാത്ത പേരുകള്‍ വരെ സര്‍ക്കാര്‍ നല്‍കി എന്ന പേരില്‍ പ്രചരിപ്പിച്ചു. ജാതി അടിസ്ഥാനത്തില്‍ വിസിമാരെ നിയമിച്ചിട്ടില്ല. നിയമവും നിബന്ധനകളും അടിസ്ഥാനമാക്കിയാണു സര്‍വകലാശാലാ നിയമനവുമായി മുന്നോട്ടുപോകുന്നത്.


സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മികച്ച നിലയിലാണു നടക്കുന്നത്. ഇതിന്റെ നേട്ടങ്ങളുമുണ്ട്. ചിലയിടത്തുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഗൌരവത്തോടെയാണു കാണുന്നത്.

കാലക്കട്ട് സര്‍വകലാശാലയുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ വ്യക്തമായ സന്ദേശം എല്ലാവരെയും ബോധ്യപ്പെടുത്തി. രാജ്യത്തിന്റെ ഭാവി അവിടുത്തെ വിദ്യാഭ്യാസ ഘടനയെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.