കുടുംബ ഭാഗപത്ര ഫീസ് വര്‍ധന പിന്‍വലിക്കുന്നതില്‍ ദുരഭിമാനമില്ലെന്ന് ഉമ്മന്‍ ചാണ്ടി
കുടുംബ ഭാഗപത്ര ഫീസ് വര്‍ധന പിന്‍വലിക്കുന്നതില്‍  ദുരഭിമാനമില്ലെന്ന് ഉമ്മന്‍ ചാണ്ടി
Thursday, October 30, 2014 12:17 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്ര ഉടമ്പടിക്കുള്ള സ്റാമ്പ്ഡ്യൂട്ടി, രജിസ്ട്രേഷന്‍ നിരക്കുകളില്‍ വരുത്തിയ പരിഷ്കരണം ഒഴിവാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനു ദുരഭിമാനമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനാധിപത്യത്തില്‍ ഒരു തീരുമാനമെടുത്താല്‍ അത് എല്ലാ കാലത്തും നിലനില്‍ക്കുമെന്ന് ആരും ധരിക്കരുത്. അതില്‍ മാറ്റം വരാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ എതിര്‍പ്പുമായി രംഗത്തു വന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തികബുദ്ധിമുട്ടു വന്ന സാഹചര്യത്തിലാണു നേരത്തേയുണ്ടായിരുന്ന നികുതിനിരക്ക് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഒരു കാര്യം മനസിലാക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന അധികഭാരം എടുത്തുകളഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ഏര്‍പ്പെടുത്തേണ്ടിവന്നത് എന്നതാണ്. ഇനി അതും പുനഃപരിശോധിക്കണമെങ്കില്‍ അതു ചെയ്യും.

നികുതിഭാരം അടിച്ചേല്‍പിച്ചു എന്നു പറയുന്നവര്‍ ഏതു നികുതിയാണു കൂട്ടിയത് എന്നു വ്യക്തമാക്കണം. ഭാഗപത്ര ഉടമ്പടിയുടെ നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന പരിധി എടുത്തുകളഞ്ഞതു കുറച്ചുപേര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഭരണ- പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ഇതുസംബന്ധിച്ച് നിവേദനം കിട്ടിയിട്ടുണ്ട്. ഇക്കാര്യം ഗൌരവത്തിലെടുക്കും. പ്രതിപക്ഷം ഭരണത്തിലിരിക്കെ കൊണ്ടുവന്ന നികുതിവര്‍ധന എടുത്തുകളഞ്ഞതു പുനഃസ്ഥാപിച്ചപ്പോഴാണു ബുദ്ധിമുട്ടെന്നു പറഞ്ഞു ബഹളംവയ്ക്കുന്നത്. ഇതു ജനത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ്. അവരുടെ കാലത്തു വെള്ളത്തിന്റെ നിരക്ക് കൂട്ടി. പല സമരങ്ങള്‍ നടന്നിട്ടും ഒരു പൈസ കുറച്ചോ?


എംജി കോളേജില്‍ പോലീസിനെ ആക്രമിച്ച കേസ് പിന്‍വലിക്കാനെടുത്ത തീരുമാനത്തിനെതിരേ പോലീസ് അസോസിയേഷന്‍ രംഗത്തുവന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പോലീസ് അസോസിയേഷന് അഭിപ്രായം പറയുന്നതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു മറുപടി. ഇതിനുമുമ്പു പല കേസുകളും പിന്‍വലിച്ചപ്പോഴൊന്നും എതിര്‍ത്തിട്ടില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണും 11 അംഗ സംഘവും ഓസ്ട്രേലിയയിലേക്കു പോകുന്നതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഇവരുടെ യാത്ര സര്‍ക്കാരിന് അധിക ഭാരമാകില്ല. ആവശ്യങ്ങള്‍ ഒന്നും നിറവേറ്റാതെ യാത്ര ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.