കേരളം കണ്ടു വണ്ടറടിച്ച് ഉഗാണ്ടന്‍ ധനമന്ത്രി
കേരളം കണ്ടു വണ്ടറടിച്ച് ഉഗാണ്ടന്‍ ധനമന്ത്രി
Thursday, October 30, 2014 12:33 AM IST
സിജോ പൈനാടത്ത്

കൊച്ചി: 'കൊച്ചിയില്‍ വിമാനം ലാന്‍ഡു ചെയ്തപ്പോള്‍ വനത്തിലേ ക്കിറങ്ങുന്ന പ്രതീതിയായിരുന്നു. മനോഹരമായ പച്ചപ്പ്, കണ്ണിനും മനസിനും ആനന്ദം പകരുന്ന കാഴ്ചകള്‍, കേരളം മനോഹരം...! കേരളത്തിലേക്കെത്തിയ ഏതെങ്കിലുമൊരു വിദേശസഞ്ചാരിയുടെ വാക്കുകളല്ലിത്; ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ ധനമന്ത്രി ഫ്രെഡ് ഒമാച്ച് ആണു കേരളം കണ്ടു ത്രില്ലടിച്ചത്. ഔപചാരികതയുടെ പകിട്ടും പരിവാരങ്ങളുമില്ലാതെ അഞ്ചു ദിവസത്തെ കേരളസന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രെഡ് ഇന്നലെ മടങ്ങി.

ലോകബാങ്കില്‍ തന്റെ സഹപ്രവര്‍ത്തകനും ഇപ്പോള്‍ ഉഗാണ്ടയില്‍ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേധാവിയുമായ ആലുവ സ്വദേശി വര്‍ഗീസ് മുണ്ടമറ്റത്തിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനാണു ഫ്രെഡ് ഒമാച്ച് കേരളത്തിലെത്തിയത്. ഇന്ത്യയില്‍ നേരത്തെ പല തവണ വന്നിട്ടുണ്െടങ്കിലും കേരളത്തിലേക്കു ഫെഡ്രിന്റെ വരവ് ആദ്യമാണ്.

വിവാഹച്ചടങ്ങില്‍ ഒതുക്കിയില്ല ആദ്യസന്ദര്‍ശനം. കുമരകം, ഫോര്‍ട്ട്കൊച്ചി, വല്ലാര്‍പാടം, ബോള്‍ഗാട്ടി... മധ്യകേരളത്തിന്റെ പ്രകൃതിസൌന്ദര്യം ആവോളമാസ്വദിച്ചായിരുന്നു മടക്കം. രാജ്യത്തെ മറ്റു സ്ഥലങ്ങളേക്കാളും കേരളം ഏറെ ഇഷ്ടമായെന്നു ഫ്രെഡിന്റെ സാക്ഷ്യം.


ആലുവയിലുള്ള ഡോ. ടോണീസ് ഐ ഹോസ്പിറ്റലില്‍ ഫ്രെഡ് സന്ദര്‍ശിച്ചു നേത്രപരിശോധന നടത്തി. നേത്രരോഗവിദഗ്ധനായ ഡോ.ടോണി ഫെര്‍ണാണ്ടസാണു ഫ്രെഡിനെ പരിശോധിച്ചത്.

ഏതാനും മാസം മുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു ഗുജറാത്തില്‍ ഫ്രെഡ് ഒമാച്ച് സന്ദര്‍ശനം നടത്തിയിരുന്നു. സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട സെമിനാറുകള്‍ക്കു ഹൈദരാബാദിലും നേരത്തെ ഇദ്ദേഹം എത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ പ്രസിദ്ധ സുവിശേഷപ്രഘോഷകനായിരുന്ന ഫാ. ജോസഫ് കെ. ബില്ലുമായി അടുത്ത സൌഹൃദം സൂക്ഷിച്ചിരുന്ന ഫ്രെഡ് ഒമാച്ച്, തികഞ്ഞ കത്തോലിക്കാ വിശ്വാസിയാണ്. സഹപ്രവര്‍ത്തകരായ ഒകേറ്റ ബാസില്‍, പാട്രിക്, ഫ്ളോറ പാട്രിക് എന്നിവരും ഫെഡ്രിനൊപ്പം കേരളത്തിലെത്തിയിരുന്നു. വര്‍ഗീസ് മുണ്ടമറ്റത്തിനൊപ്പം ഉഗാണ്ടയില്‍ സേവനം ചെയ്യുന്ന വടകര സ്വദേശി ഹരീഷ് കുമാറാണു ഫ്രെഡിന്റെയും കൂട്ടരുടെയും കേരള സന്ദര്‍ശനത്തില്‍ വഴികാട്ടിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.