അരുണ്‍ നാസയില്‍ പോയിട്ടില്ലെന്ന് അമ്മ
Thursday, October 30, 2014 12:31 AM IST
കാഞ്ഞിരപ്പള്ളി: അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസയിലെ ജോലിക്കായി ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന നിലപാടെടുത്തു നാസയുടെ അഭിനന്ദനവും ജോലിയും നേടിയതായി പ്രചരിപ്പിക്കപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി പി.വി.അരുണ്‍ അമേരിക്കയില്‍ പോയിട്ടില്ലെന്നു വെളിപ്പെടുത്തല്‍. അരുണ്‍ നാസയില്‍ പോയിട്ടില്ലെന്ന് അരുണിന്റെ അമ്മ തന്നെയാണു വെളിപ്പെടുത്തിയത്. നാസയില്‍ ജോലി നേടിയെന്നതിന്റെ പേരില്‍ അരുണിനു വ്യാപകമായ സ്വീകരണങ്ങളും മറ്റും ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഇയാള്‍ രാജ്യത്തിനു പുറത്തുപോയിട്ടില്ലെന്ന ആരോപണം ഉയര്‍ന്നത്.

നേപ്പാളിലെത്തിയാല്‍ ഇവിടെനിന്ന് അമേരിക്കയില്‍ എത്തിക്കാമെന്ന് ആരോ ഒരാള്‍ അരുണിനെ അറിയിച്ചിരുന്നതായി അമ്മ പറയുന്നു. ഇതേത്തുടര്‍ന്ന് അരുണ്‍ നേപ്പാളില്‍ എത്തിയെങ്കിലും ഇയാളെ കണ്െടത്താനായില്ല. മകന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. എന്നാല്‍, ഇയാള്‍ ആരാണെന്ന് അരുണ്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും മാതാവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തുടര്‍ന്ന് അരുണിനു നാട്ടിലേക്കു മടങ്ങി വരാന്‍ കഴിയാത്തതിനാല്‍ ഭൂട്ടാനിലെത്തി തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് അധ്യാപകനായി ജോലി തരപ്പെടുത്തി. മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിനായിട്ടാണ് ഇക്കാര്യമെല്ലാം മറച്ചുവച്ചതെന്നും സത്യാവസ്ഥ അറിഞ്ഞിരുന്നെങ്കില്‍ തുടര്‍ന്നുള്ള സ്വീകരണങ്ങളില്‍നിന്നു വിലക്കുമായിരുന്നെന്നും മാതാവ് പറഞ്ഞു.

നാസയിലെ യുവ ശാസ്ത്രജ്ഞനെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ അരുണിന്റെ വാദങ്ങള്‍ പൊള്ളയാണെന്നു കണ്െടത്തിയതു നെറ്റിസണ്‍ പോലീസാണ്. ഓണ്‍ലൈന്‍വഴിയുള്ള തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള നെറ്റിസണ്‍ പോലീസ് എന്ന ഫേസ്ബുക്ക് സംഘമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. എന്നാല്‍, ഇവര്‍ പോലീസ് സേനയുമായി ബന്ധമില്ലാത്ത സ്വതന്ത്ര സംഘമാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ അരുണ്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഈ സംഘം കണ്െടത്തിയിരുന്നു.


അരുണ്‍ നേരത്തെ ബിടെക് പഠിച്ചിരുന്ന പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡിയുമായി ബന്ധപ്പെട്ടവര്‍ നിജസ്ഥിതി അറിയാന്‍ കഴിഞ്ഞ ദിവസം അരുണിന്റെ വീട്ടിലെത്തിയിരുന്നു. വിദേശയാത്ര നടത്തിയിട്ടുണ്േടായെന്നറിയാന്‍ ഇവര്‍ പാസ്പോര്‍ട്ടും മറ്റു രേഖകളും പരിശോധിച്ചു. വിദേശ രാജ്യങ്ങളിലേക്കു പോകുമ്പോള്‍ പാസ്പോര്‍ട്ടില്‍ പതിപ്പിക്കുന്ന സ്റാമ്പ് അരുണിന്റെ 2012ല്‍ എടുത്ത പാസ്പോര്‍ട്ടില്‍ പതിച്ചിട്ടില്ലെന്നും കണ്െടത്തി.

ഇന്നലെ അരുണിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈകുന്നേരത്തോടെ അരുണിന്റെ മാതാപിതാക്കളും വീട്ടില്‍നിന്ന് അപ്രത്യക്ഷരായി. നാട്ടുകാര്‍ ഇവര്‍ക്കായി ബന്ധുവീടുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്െടത്താനായിട്ടില്ല.

കാഞ്ഞിരപ്പള്ളിയിലെ സമീപ പ്രദേശങ്ങളിലെ മിക്ക സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അരുണിനു സ്വീകരണം നല്‍കിയിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അരുണിനെ അഭിനന്ദിക്കുകയും ചെയ്തു. ഇവിടങ്ങളിലെല്ലാം വാക്ചാതുര്യത്തോടെയാണു ക്ളാസുകള്‍ നയിച്ചിരുന്നതെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു.കുര്യാക്കോസ് പറഞ്ഞു. എന്നാല്‍, അരുണിനെതിരേ ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൌരത്വം ഉപേക്ഷിക്കില്ല എന്നു പ്രഖ്യാപിച്ചതിനു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചതായും പ്രചരിപ്പിക്കപ്പെട്ടിരുന്നു.

നാസയുടെ പേരില്‍ കള്ളപ്രചരണം നടത്തിയതു സംബന്ധിച്ച് ഇന്റര്‍പോള്‍ അരുണിനെതിരേ അന്വേഷണം നടത്തുന്നതായും സൂചനയുണ്ട്. ഗവേഷക വിദ്യാര്‍ഥിയായിരുന്നെന്ന് അവകാശപ്പെടുന്ന 2013 ജൂലൈ മുതല്‍ 2014 വരെയുള്ള കലത്ത് ഭൂട്ടാന്‍ റോയല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ അധ്യാപകനായിരുന്നതായുള്ള രേഖകള്‍ വീട്ടിലെത്തി പരിശോധന നടത്തിയവര്‍ക്കു ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.