കാട്ടുനായ്ക്കള്‍ ഓടിച്ച മ്ളാവിന്‍കുട്ടി കനാലിലെ ചതുപ്പില്‍ പൂണ്ടു
കാട്ടുനായ്ക്കള്‍ ഓടിച്ച മ്ളാവിന്‍കുട്ടി കനാലിലെ ചതുപ്പില്‍ പൂണ്ടു
Thursday, October 30, 2014 12:26 AM IST
കോതമംഗലം: കാട്ടുനായ്ക്കളുടെ ആക്രമണത്തില്‍നിന്നു പ്രാണരക്ഷാര്‍ഥം ഓടിയ മ്ളാവിന്റെ കുഞ്ഞ് കനാലിലെ ചതുപ്പില്‍ വീണു പരിക്കേറ്റു. വനപാലകര്‍ എത്തി രക്ഷപ്പെടുത്തി. ഭൂതത്താന്‍കെട്ട് ഡിടിപിസി റസ്ററന്റിനു സമീപം പെരിയാര്‍വാലി മെയിന്‍ കനാലിലാണു മ്ളാവിന്‍കുട്ടി വീണത്. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് ഏകദേശം രണ്ട് വയസ് തോന്നിക്കുന്ന പെണ്‍കുഞ്ഞു വീണത്.

പുന്നേക്കാടിനും തട്ടേക്കാടിനും മധ്യേ ചേലമല ഭാഗത്തുനിന്നു കാട്ടുനായ്ക്കള്‍ ഓടിച്ചു കൊണ്ടുവന്നതാണ്. മെയിന്‍ കനാല്‍ ബണ്ടിന്റെ കുറുകെ ചാടി രക്ഷപ്പെടാനുളള ശ്രമത്തിനിടയില്‍ കനാലിലേക്ക് വീഴുകയായിരുന്നു. മുപ്പതടി മുകളില്‍നിന്നാണു വീണത്. കനാലില്‍ വെള്ളം ഇല്ലാതിരുന്നതിനാല്‍ വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞ് ചെളിയില്‍ പൂണ്ടു പോയി. കൈകാലുകള്‍ ചേറില്‍ താഴ്ന്ന മ്ളാവിന്‍ കുഞ്ഞിന് എഴുന്നേല്‍ക്കാന്‍ സാധിക്കാതെയായി. മ്ളാവിനു പിന്നാലെ പാഞ്ഞെത്തിയ കാട്ടുനായ്ക്കള്‍ ഇര കനാലില്‍ വീണു കിടക്കുന്നതു കണ്ട് അല്‍പ്പസമയം സ്ഥലത്തു തമ്പടിച്ചു. ഓടിയെത്തിയ പരിസരവാസികള്‍ കല്ലെറിഞ്ഞു പട്ടിക്കൂട്ടത്തെ ഓടിച്ചു. തുടര്‍ന്ന് ആളുകള്‍ സമീപത്തു ചെന്നതോടെ മ്ളാവിന്‍ കുഞ്ഞ് എഴുന്നേറ്റ് നൂറ് മീറ്ററോളം കനാല്‍ വരമ്പിലൂടെ ഓടി.


ഓട്ടത്തിനിടയില്‍ കാല് തെറ്റി തടയണയുടെ സമീപം പൊളിഞ്ഞ കരിങ്കല്ലുകള്‍ക്കിടയിലേക്ക് വീണു. വൈകുന്നേരം ആറോടെ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍നിന്നു വനപാലകര്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി മ്ളാവിന്‍ കുഞ്ഞിനെ കൈകാലുകള്‍ ബന്ധിച്ചു കൊണ്ടുപോയി. ഊഞ്ഞാപ്പാറ വെറ്റനറി ഡോക്ടര്‍ ജെസി. കെ.ജോര്‍ജ് പരിശോധിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. നിരീക്ഷണ ശേഷം ഇന്നു മ്ളാവിനെ വനത്തില്‍ തുറന്നുവിടുമെന്നു സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍ സി.പി. ഔസേഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.