മനോജ് വധം: സിപിഎമ്മും സംഘ്പരിവാറും സത്യഗ്രഹ സമരം നടത്തി
മനോജ് വധം: സിപിഎമ്മും സംഘ്പരിവാറും സത്യഗ്രഹ സമരം നടത്തി
Thursday, October 30, 2014 12:23 AM IST
തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു സിപിഎമ്മും സംഘ്പരിവാറും തലശേരിയില്‍ സത്യഗ്രഹസമരം നടത്തി. മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ള യുഎപിഎ നിയമം പിന്‍വലിക്കുക, അന്വേഷണത്തിന്റെ പേരിലുള്ള പോലീസ് ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശേരിയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസിനു മുന്നില്‍ സത്യഗ്രഹസമരം നടത്തിയത്.

പുതിയ ബസ്സ്റാന്‍ഡില്‍നിന്നു പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിനു നൂറു വാര അകലെ സിവില്‍ സ്റേഷനു മുന്നിലെ ബസ് ഷെല്‍ട്ടറിനു സമീപമാണു സമരം നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു.

മനോജ് വധക്കേസ് ഉപയോഗിച്ചു സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്െടന്നും ടി.പി. കേസ് ഉപയോഗിച്ചു പാര്‍ട്ടിയെ വേട്ടയാടിയ പോലീസിലെ ക്രിമിനല്‍ സംഘമാണു വീണ്ടും സിപിഎമ്മിനെതിരെ തിരിഞ്ഞിട്ടുള്ളതെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

ബോംബുകൊണ്ട് ആര്‍എസ്എസും കള്ളക്കേസുകൊണ്ടു പോലീസും സിപിഎം വേട്ടയ്ക്കിറങ്ങിയിരിക്കുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം.വി. ജയരാജന്‍ പറഞ്ഞു. മനോജ് വധം അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ആര്‍എസ്എസിന്റെ വേഷമാണുള്ളത്. കാസര്‍ഗോട്ട് സിപിഎം പ്രവര്‍ത്തകന്‍ മുരളി കൊല്ലപ്പെട്ടപ്പോള്‍ യുഎപിഎയും സിബിഐയും പ്രത്യേക അന്വേഷണ സംഘവുമൊന്നുമില്ല. അതും രാഷ്ട്രീയ കൊലപാതകമാണ്. മനോജ് കൊല്ലപ്പെട്ടപ്പോള്‍ എഫ്ഐആറില്‍ തന്നെ യുഎപിഎ വന്നെന്നും എം.വി ജയരാജന്‍ പറഞ്ഞു. പി. ജയാരജന്‍, കെ.കെ. രാഗേഷ്, അഡ്വ. എ.എന്‍. ഷംസീര്‍, എം.സി. പവിത്രന്‍ എന്നിവരും പ്രസംഗിച്ചു.


മനോജ് വധത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുക, പോലീസ് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി നിയമസംവിധാനം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, കൊല്ലപ്പെട്ടവരേക്കാള്‍ വലിയ മനുഷ്യവകാശം കൊലയാളികള്‍ക്ക് നല്‍കാതിരിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണു സംഘ്പരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ്സ്റാന്‍ഡ് പരിസരത്ത് സത്യഗ്രഹ സമരം നടത്തിയത്. ബിജെപി ദേശീയ സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സമരം ഉദ്ഘാടനം ചെയ്തു.

തങ്ങള്‍ തല്ലുകയും കൊല്ലുകയും ചെയ്താലും അന്വേഷണം നടത്തുകയോ കേസെടുക്കുകയോ ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയാണ് സിപിഎം ഉയര്‍ത്തുന്നതെന്നു അഡ്വ.പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്ന സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നും മനോജ് വധക്കേസ് സിബിഐ അന്വേഷിക്കുന്നതോടെ സിപിഎമ്മിലെ രക്തരക്ഷസുകളുടെ അടിവേര് പിഴുതെറിയപ്പെടുമെന്നും അദേഹം പറഞ്ഞു.

ഇരുപക്ഷത്തിന്റേയും സത്യഗ്രഹ സമരത്തെ തുടര്‍ന്ന് തലശേരിയിലും പരിസര പ്രദേശങ്ങളിലും പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.