എന്‍ഡോസള്‍ഫാന്‍: പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
എന്‍ഡോസള്‍ഫാന്‍: പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
Thursday, October 30, 2014 12:21 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ എന്‍ആര്‍എച്ച്എമ്മിനു കീഴില്‍ പ്രവര്‍ത്തിച്ചുവന്ന 79 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. നവംബര്‍ ഒന്നുമുതല്‍ പുനര്‍നിയമനം നല്‍കി ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനു നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഡിസംബര്‍ 31 വരെ കാലാവധി വച്ചാണ് ഇവര്‍ക്കു പുനര്‍നിയമനം നല്‍കുന്നത്.

കാലാവധി 2015 മാര്‍ച്ച് 31 വരെ നീട്ടുന്നതിനായി ധനവകുപ്പിന്റെ അനുമതിക്കായി ഫയല്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധനവകുപ്പ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് മെഡിക്കല്‍ കോളജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ് എന്നിവയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി എന്‍ആര്‍എച്ച്എമ്മിനു കീഴില്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ജോലി ചെയ്തുവരികയായിരുന്ന 28 ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും 51 ജൂണിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരെയുമാണു സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത്. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച ഗ്രാമങ്ങളുടെ പുനരധിവാസത്തിനായി യത്നിച്ച ജെഎച്ച്ഐ, ജെപിഎച്ച്എന്‍ സ്റാഫിനെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വ്യാപക പ്രതിഷേധത്തിനു വഴിവച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ രോഗികളെ മെഡിക്കല്‍ ക്യാമ്പില്‍ എത്തിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ചുമതലയുണ്ടായിരുന്ന ഇവരുടെ പിരിച്ചുവിടല്‍ വിവിധ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. ആരോഗ്യ പ്രവര്‍ത്തരുടെയും ജീവനക്കാരുടെ സംഘടനയുടെയും ശക്തമായ പ്രതിഷേധവും ഇതേത്തുടര്‍ന്ന് ഉണ്ടായി. എന്‍ആര്‍എച്ച്എം എംപ്ളോയീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.പി. മോഹനനെ സന്ദര്‍ശിച്ചു നിവേദനം നല്‍കിയിരുന്നു. മന്ത്രിയുടെയും മറ്റും സമ്മര്‍ദത്തെത്തുടര്‍ന്നാണു ജീവനക്കാരെ തിരിച്ചെടുക്കാന്‍ തീരുമാനമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.