ഫ്ളെക്സ് ബോര്‍ഡുകള്‍ അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക്
Thursday, October 30, 2014 12:20 AM IST
തിരുവനന്തപുരം: ഫ്ളെക്സ് ബോര്‍ഡ് നിയന്ത്രണം സംബന്ധിച്ചു മന്ത്രിസഭാ ഉപസമിതി നല്‍കിയ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പാരിസ്ഥിതിക-പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ ഉറപ്പാക്കുന്ന ഫ്ളെക്സ് ബോര്‍ഡുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍, വര്‍ഷങ്ങളായി ഫ്ളെക്സ് ബോര്‍ഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭകരുടെയും തൊഴിലാളികളുടെയും താത്പര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കും. ഉടനടി പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താതെ ഘട്ടംഘട്ടമായി നിയന്ത്രണം ഏര്‍പ്പെടുത്തും.

നിയമാനുസൃത അനുമതി കൂടാതെ പരസ്യാവശ്യത്തിനും പ്രചാരണത്തിനുമുള്ള ഫ്ളെക്സ് ബോര്‍ഡുകള്‍ ഒരു സ്ഥലത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. അനധികൃത ഫ്ളെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണം.

സര്‍ക്കാര്‍ ചടങ്ങുകളിലും പരസ്യങ്ങളിലും ഫ്ളെക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിക്കും. ഇത് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. പൊതു സ്ഥലങ്ങളില്‍ പ്രത്യേക അനുമതി കൂടാതെ ഫ്ളെക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായി തടയും. ട്രാഫിക് തടസം ഉണ്ടാകുന്ന രീതിയില്‍ മറ്റു സ്ഥലങ്ങളില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും അനുമതി നല്‍കില്ല. പൊതുനിരത്തിലെ വൈദ്യുതി പോസ്റുകളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍, നോട്ടീസുകള്‍, ഫ്ളെക്സ് ബോര്‍ഡുകള്‍, എഴുത്തുകള്‍ എന്നിവ നീക്കം ചെയ്യും. അവയ്ക്കു ചുറ്റിലും നിശ്ചിത വലിപ്പത്തില്‍ മെറ്റല്‍ ക്ളാഡിംഗ് സ്ഥാപിച്ചു പെയ്ന്റ് ചെയ്തു വൃത്തിയാക്കി നിശ്ചിത ഫീസ് ഈടാക്കി പരസ്യം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കും. വൈദ്യുതി പോസ്റുകളുടെ ഉടമസ്ഥാവകാശം കെഎസ്ഇബിയില്‍തന്നെ നിക്ഷിപ്തമാക്കി തുടര്‍ നടപടികളെടുക്കുവാന്‍ ക്ളീന്‍ കേരള കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വൈദ്യുതി പോസ്റുകളില്‍ പരസ്യം സ്ഥാപിക്കുന്നവര്‍ ക്ളീന്‍ കേരള കമ്പനിയെ നേരിട്ട് സമീപിക്കണം. അവരുടെ വ്യവസ്ഥകള്‍ പ്രകാരം പരസ്യ ബോര്‍ഡുകള്‍/നോട്ടീസുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് അനുമതി നല്‍കും.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമ്പോള്‍ അനുവദിക്കപ്പെട്ട കാലാവധി, അപേക്ഷകന്റെ പേര്, ലൈസന്‍സ് നമ്പര്‍ എന്നിവ പരസ്യത്തില്‍ പ്രദശിപ്പിക്കണം. ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തേണ്ടതാണ്.

മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമേ ഫ്ളെക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. അനുമതിയില്ലാത്ത മേഖലകളിലും നിരോധിത മേഖലകളിലും കാലാവധിക്കു ശേഷവും പ്രദര്‍ശിപ്പിക്കുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം. ഇത്തരം കേസുകളില്‍പ്പെട്ടവര്‍ക്കു പിന്നീട് ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കില്ല. ഫ്ളെക്സ് ബോര്‍ഡുകള്‍ പുനരുപയോഗപ്പെടുത്തുന്നതിന് അവ പരസ്യം നല്‍കിയ സ്ഥാപനങ്ങളെയോ പ്രിന്റ് ചെയ്ത സ്ഥാപനത്തെയോ തിരികെ ഏല്‍പ്പിക്കാനുള്ള ചുമതല ബന്ധപ്പെട്ട പരസ്യ ഏജന്‍സികള്‍ക്കോ/ സ്ഥാപിക്കുന്നവര്‍ക്കോ ആയിരിക്കും.

മരത്തിന്റെയോ പൈപ്പിന്റെയോ ചട്ടക്കൂട്ടില്‍ റോഡരികുകളില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഫ്ളെക്സ് ബോര്‍ഡുകളും ബാനറുകളും തണല്‍മരങ്ങളില്‍ ആണിയടിച്ച് പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. റോഡ് ഡിവൈഡറുകളിലും ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലും പ്രദര്‍ശനാനുമതി നല്‍കരുത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന ഫ്ളെക്സ് ബോര്‍ഡുകളും ബാനറുകളും മറ്റ് ഫ്ളെക്സ് പരസ്യങ്ങളും 2011-ലെ പ്ളാസ്റിക് വേസ്റ് (മാനേജ്മെന്റ് ആന്‍ഡ് ഹാന്‍ഡ്ലിംഗ്) ചട്ടങ്ങള്‍ പ്രകാരം നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.