തെങ്ങിനെക്കുറിച്ച് മത്സരിച്ചെഴുതാം, സമ്മാനം നേടാം
Saturday, October 25, 2014 12:58 AM IST
കൊച്ചി: കേരസംസ്കാരത്തെ പുതുതലമുറയിലേക്കു കൈമാറുവാനുള്ള പ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായി നാളികേര വികസന ബോര്‍ഡിന്റെയും അക്ഷയ പുസ്തകനിധിയുടെയും സംയുക്താഭിമുഖ്യത്തില്‍ രചനാ മത്സരം നടത്തും.

തെങ്ങ് ഒരു കല്പവൃക്ഷം എന്ന വിഷയത്തില്‍ യുപി വിഭാഗത്തിനും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന വിഷയത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനും നാളികേരത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കും നീര നല്‍കും സമ്പദ് സമൃദ്ധി എന്ന വിഷയത്തില്‍ പൊതുവിഭാഗത്തിനുമാണ് ഉപന്യാസ രചനാ മത്സരം. തെങ്ങിന്റെ ഐതിഹ്യ കഥകള്‍ എന്ന വിഷയത്തില്‍ കഥ, ഇളനീര്‍ എന്ന വിഷയത്തില്‍ കവിത, നാളികേര സംബന്ധിയായ വിഷയത്തില്‍ കാര്‍ട്ടൂണ്‍ മത്സരങ്ങളും ഇതിനോടൊപ്പം എല്ലാ വിഭാഗത്തിനുമായി നടത്തുന്നുണ്ട്.

വിദ്യാര്‍ഥികളും അധ്യാപകരും അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം രചനകള്‍ അയയ്ക്കണം. സ്കൂള്‍ വിലാസം, വീട്ടുവിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടാവണം. ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് 4000, 3000, 2000 എന്നിങ്ങനെ കാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്കും. തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ ഇന്ത്യന്‍ നാളികേര ജേര്‍ണലിന്റെ കുരുത്തോലപന്തലില്‍ പ്രസിദ്ധീകരിക്കും. സമ്മാനാര്‍ഹരില്ലാത്ത റവന്യു ജില്ലകളില്‍നിന്നുള്ള മികച്ച രചനകള്‍ക്കു 1,000 രൂപ പ്രോത്സാഹന സമ്മാനം നല്കും. രചനകള്‍ 2014 നവംബര്‍ 12നു മുമ്പായി ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേരഭവന്‍, കൊച്ചി-682011 എന്ന വിലാസത്തില്‍ ലഭിക്കണം. ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്സി, ഐസിഎസ്ഇ വിഭാഗം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.