മണ്ണാര്‍ക്കാട് തിലകന്‍ വധക്കേസ് വിചാരണയ്ക്കു സ്റേ
Saturday, October 25, 2014 12:44 AM IST
കൊച്ചി: ഒറ്റനമ്പര്‍ ലോട്ടറിക്കച്ചവടക്കാര്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നു മണ്ണാര്‍ക്കാട് ഒറ്റനമ്പര്‍ ലോട്ടറിയുടമ ആലത്തൂര്‍ തെന്നലപുരം മൂച്ചിക്കല്‍ തിലകനെ വാടകഗുണ്ടകളെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഹൈക്കോടതി സ്റേ ചെയ്തു. കേസിലെ 11 പ്രതികള്‍ക്കെതിരേ പാലക്കാട് രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്നുവന്ന കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ജസ്റീസ് എം. മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു. കേസില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ വിചാരണയ്ക്കു സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടു തിലകന്റെ മാതാവ് കെ. സരസ്വതി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു കോടതിയുടെ ഉത്തരവ്.

2005 ജൂലൈ 26ന് നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചു കേസിലെ ഒന്നാംപ്രതി രാമകൃഷ്ണന്‍ രണ്ടാംപ്രതി അന്‍വര്‍ സാദത്ത് എന്നിവര്‍ ഗൂഢാലോചന നടത്തി തിലകനെ വെട്ടിക്കൊലപ്പെടുത്തിയയെന്നാണു പ്രോസിക്യൂഷന്‍ കേസ്. കേസിന്റെ ഗൌരവസ്വഭാവവും പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും കണക്കിലെടുത്തു കാര്യക്ഷമമായ വിചാരണയ്ക്കു പാലക്കാട്ടെ അഭിഭാഷകന്‍ ആര്‍. ആനന്ദിനെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു പരാതിപ്പെട്ടാണു ഹര്‍ജി. ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വേണ്ടത്ര പരിചയമില്ലാത്ത അഭിഭാഷകന്‍ കേസ് നടത്തുന്നതു നീതിപൂര്‍വമായ വിചാരണയ്ക്കു തടസമാവുമെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ.സി.എം.നാസര്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.