തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്കു ഗ്രീന്‍ സിഗ്നല്‍
Saturday, October 25, 2014 11:57 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ റെയില്‍ പദ്ധതിക്കു മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ നാലു മാസത്തിനകം നിര്‍മാണജോലികള്‍ തുടങ്ങാന്‍ തീരുമാനം. ലൈറ്റ് മെട്രോയ്ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ സമര്‍പ്പിച്ച വിശദമായ പദ്ധതിരേഖ കേരള മെട്രോ റെയില്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കുമെന്നു പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

2021 ഓടെ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 6,728 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ഇതിനായി പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കു സംസ്ഥാനത്ത് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ നേരത്തേതന്നെ പരിഗണിക്കുന്നുണ്ട്. 20 ശതമാനം വീതമാകും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുതല്‍മുടക്ക്. ബാക്കി തുക കൊച്ചി മെട്രോ മാതൃകയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കാനാണ് ആലോചിച്ചിട്ടുള്ളത്.

മോണോ റെയില്‍ ഉപേക്ഷിച്ച് ലൈറ്റ് മെട്രോയ്ക്ക് അംഗീകാരം നല്‍കിയതോടെ കേരള മോണോ റെയില്‍ കോര്‍പറേഷനെ കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ (കെആര്‍ടി) എന്ന് നാമകരണം ചെയ്യാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായിരിക്കും കെആര്‍ടി.

കൊച്ചി മെട്രോ മാതൃകയില്‍ മറ്റ് ഏതെങ്കിലും ഏജന്‍സിക്ക് ടേണ്‍ കീ അടിസ്ഥാനത്തില്‍ നിര്‍മാണക്കരാര്‍ നല്‍കും. കെആര്‍ടിക്ക് ആവശ്യത്തിനു സാങ്കേതിക വിദഗ്ധരില്ലാത്തതിനാല്‍ പൊതു കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനാകില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു നോഡല്‍ ഏജന്‍സിയാകാന്‍ തീരുമാനിച്ചത്. പദ്ധതിച്ചെലവും ഇത്തരത്തില്‍ കുറയ്ക്കാനും. ആറു കമ്പനികള്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കു മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ കമ്പനി പ്രതിനിധികളുമായി 20 ദിവസത്തിനകം ചര്‍ച്ചനടത്തും. പിന്നീടാകും ടെന്‍ഡര്‍ നടപടികളിലേക്കു കടക്കുകയെന്ന് കൊച്ചി മെട്രോ റെയില്‍ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു.


ഇപ്പോള്‍ രണ്ടു നഗരങ്ങളിലേക്കുമായി 5,510 കോടി രൂപ പദ്ധതിച്ചെലവു കണക്കാക്കിയതാണ് 2021-ല്‍ 6,728 കോടിയായി ഉയരുന്നത്.

21.821 കിലോമീറ്റര്‍ നീളം വരുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് ഇപ്പോള്‍ 3,453 കോടിയാണ് ചെലവു കണക്കാക്കിയിട്ടുള്ളത്. കോഴിക്കോട് 13.30 കിലോമീറ്ററാണ് നീളം. ചെലവ് 2,057 കോടിയും. കിലോമീറ്ററിന് ശരാശരി നിര്‍മാണച്ചെലവ് 156 കോടി. 2021 ഓടെ ചെലവ് തിരുവനന്തപുരത്തേതിന് 4,219 കോടിയും കോഴിക്കോടിന് 2,509 കോടിയുമാകുമെന്നാണു കരുതുന്നത്.

പദ്ധതിയില്‍ 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുതല്‍ മുടക്കണം. അതായത്, രണ്ടിടത്തേക്കുമായി 869 കോടി നേരിട്ടും 409 കോടി രൂപ വിവിധ നികുതികളുടെ വിഹിതമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കേണ്ടിവരും.

തിരുവനന്തപുരത്ത് 8.9 ഹെക്ടറും കോഴിക്കോട്ട് 8.58 ഹെക്ടറും സര്‍ക്കാര്‍ ഭൂമി പദ്ധതി പ്രദേശത്തുണ്ട്. ഇതിന് 361 കോടി രൂപയാണു വില കണക്കാക്കിയിട്ടുള്ളത്. ഇതു സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായിരിക്കും. കോഴിക്കോട്ട് 1.58 ഹെക്ടറും തിരുവനന്തപുരത്ത് 3.04 ഹെക്ടറും സ്വകാര്യ ഭൂമി ലൈറ്റ് മെട്രോയ്ക്കായി ഏറ്റെടുക്കേണ്ടിവരും.

തിരുവനന്തപുരത്ത് ആദ്യഘട്ടമായി ടെക്നോസിറ്റി മുതല്‍ കാര്യവട്ടം വരെയുള്ള 6.5 കിലോമീറ്റര്‍ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാകും. കേശവദാസപുരം മുതല്‍ കരമന വരെ വരുന്ന 7.5 കിലോമീറ്ററിനു മൂന്നുവര്‍ഷവും കാര്യവട്ടം മുതല്‍ കേശവദാസപുരം വരെ നീളുന്ന 8.5 കിലോമീറ്ററിന് അഞ്ചു വര്‍ഷവുമാണ് നിര്‍മാണ കാലയളവ് കണക്കാക്കിയിട്ടുള്ളത്.

ഇതേസമയംതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് മുതല്‍ മാനാഞ്ചിറ വരെ 7.3 കിലോമീറ്റര്‍ മൂന്നുവര്‍ഷംകൊണ്ടും മാനാഞ്ചിറ മുതല്‍ മീഞ്ചന്ത വരെയുള്ള ആറു കിലോമീറ്റര്‍ നാലു വര്‍ഷംകൊണ്ടും പൂര്‍ത്തിയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.