റബര്‍ ഇറക്കുമതി നിറുത്തണം: ഡോ.എം.സി. ജോര്‍ജ്
Saturday, October 25, 2014 12:41 AM IST
കോട്ടയം: മേക്ക് ഇന്‍ ഇന്ത്യ എന്ന് പ്രഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ റബറിന്റെ കാര്യത്തില്‍ തായ്ലന്‍ഡിലെ പട്ടാളഭരണകൂടം പ്രഖ്യാപിച്ച ആനുകൂല്യം മനസിലാക്കി അടിയന്തരമായി റബര്‍ ഇറക്കുമതി നിറുത്തലാക്കണമെന്ന് ഇന്‍ഫാം ട്രസ്റി ഡോ. എംസി ജോര്‍ജ് അഭിപ്രായപ്പെട്ടു. കര്‍ഷകരാണ് ഭാരതത്തിന്റെ സൃഷ്ടി കര്‍ത്താക്കളെങ്കില്‍ വ്യവസായികള്‍ക്കുവേണ്ടിയല്ല കര്‍ഷകര്‍ക്കുവേണ്ടിയാവണം സര്‍ക്കാര്‍ നിലകൊള്ളേണ്ടത്. റബര്‍ ഉത്പാദനം കര്‍ഷകര്‍ നിറുത്തിവയ്ക്കുന്ന സാഹചര്യത്തിലെങ്കിലും ഇറക്കുമതി നിറുത്തിവയ്ക്കാന്‍ കര്‍ഷകപ്രീണനം പറയുന്ന നേതാക്കള്‍ ആത്മാര്‍ഥത കാണിക്കണം.

റബറിനും മാത്രമല്ല പെട്രോളിയത്തിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും വില ഇടിഞ്ഞുകൊണ്ടിരിക്കെ ഇതിന്റെ അനുബന്ധ ഉത്പന്നമായ ടയറിന്റെ വില ന്യായമായും കുറയണം. ഇപ്പോഴത്തെ നിലയില്‍ വിലയില്‍ കുറഞ്ഞത് 30 ശതമാനമെങ്കിലും കുറവ് വരേണ്ടതാണ്. നയാപൈസയുടെ കുറവ് ടയര്‍ വിലയില്‍ നയാപൈസ കുറവുണ്ടായിട്ടില്ല.


ഇവിടെ റബര്‍ കൃഷി ഇല്ലാതായാലും സര്‍ക്കാരിനും വ്യവസായിക്കും പ്രശ്നമല്ല. ഒരു ഹെക്ടര്‍ സ്ഥലത്ത് റബര്‍ കൃഷി ചെയ്ത് ടാപ്പിംഗ് ആരംഭിക്കുമ്പോള്‍ നിലവില്‍ മൂന്നര ലക്ഷം രൂപ ചെലവുണ്ട്. ഇതിന്റെ പകുതിപോലും ചെലവില്ലാത്ത തായ്ലന്‍ഡില്‍ കര്‍ഷകര്‍ക്ക് പട്ടാളഭരണകൂടം പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അറിയുമ്പോഴാണ് ഇവിടത്തെ സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ സമീപനം തിരിച്ചറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.