തായ്ലന്‍ഡിന്റെ കാര്‍ഷിക പ്രതിബദ്ധത തിരിച്ചറിയണം: പി.സി. സിറിയക്
തായ്ലന്‍ഡിന്റെ കാര്‍ഷിക പ്രതിബദ്ധത തിരിച്ചറിയണം: പി.സി. സിറിയക്
Saturday, October 25, 2014 12:40 AM IST
കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ റബര്‍ ഉത്പാദകരാജ്യമായ തായ്ലന്‍ഡിലെ പട്ടാളഭരണകൂടം റബര്‍ കര്‍ഷകര്‍ക്കു വന്‍ധനസഹായ പദ്ധതി ഏര്‍പ്പെടുത്തിയ നടപടി സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കണമെന്ന് മുന്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പിസി സിറിയക്.

കഷ്ടനഷ്ടങ്ങളില്‍ നട്ടം തിരിയുന്ന ചെറുകിട കര്‍ഷകരില്‍നിന്ന് കേവലം അഞ്ചു രൂപ അധികം നല്‍കി റബര്‍ സംഭരിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം യാതൊരു പ്രയോജനവും നല്‍കില്ല.

150 രൂപ നിരക്കില്‍ സംസ്ഥാനം കര്‍ഷകരില്‍നിന്ന് അടിയന്തരമായി റബര്‍ സംഭരിക്കണം. ഇതിനായി കുറഞ്ഞത് 100 കോടി രൂപ വകയിരുത്തണം. ഇതേ വേളയില്‍ തന്നെ കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനം സമ്മര്‍ദം ചെലുത്തി ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാന്‍ നടപടിയെടുപ്പിക്കണം.

തീരുവ വര്‍ധിപ്പിച്ചാല്‍ ഇറക്കുമതി ചെയ്യുന്ന റബറിന്റെ വില 150 രൂപയോളം എത്തും. ഈ സാഹചര്യത്തില്‍ വ്യവസായികള്‍ ഇറക്കുമതി നിറുത്താന്‍ നിര്‍ബന്ധിതരാകും- പി.സി. സിറിയക് പറഞ്ഞു.

റബര്‍ ഒട്ടുംതന്നെ ഇറക്കുമതി ചെയ്യാത്ത രാജ്യമാണ് തായ്ലന്‍ഡ്. അവിടത്തെ ആഭ്യന്തര ഉത്പാദനം 45 ലക്ഷം ടണ്ണോളമാണ്. തായ്ലന്‍ഡില്‍ റബര്‍ അധിഷ്ഠിതവ്യവസായം കുറവും ഉത്പാദനം അധികവുമായിട്ടും റബര്‍ കര്‍ഷകരെ സഹായിക്കാന്‍ പട്ടാള ഭരണകൂടം മുന്നോട്ടുവന്നിരിക്കുന്നു.


ആഭ്യന്തര വിപണയില്‍ 60,000 ടണ്‍ റബര്‍ കെട്ടിക്കിടക്കുമ്പോഴാണ് തുച്ഛമായ തീരുവയും വലിയ ഇളവുകളും നല്‍കി വ്യവസായികള്‍ക്ക് ഇറക്കുമതി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ താത്പര്യപ്പെടുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെയല്ല, മറിച്ച് വ്യവസായികളുടെ താത്പര്യമാണു സംരക്ഷിക്കുന്നതെന്നു വ്യക്തം. തായ്ലന്‍ഡില്‍ ഒന്നര ലക്ഷം കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്കു വായ്പ ലഭ്യമാക്കാന്‍ 208 കോടി രൂപയും സംഭരണത്തിന് 4000 കോടിയും അനുവദിച്ചിരിക്കെ കേരളത്തില്‍ 10 കോടി രൂപ പോലും ഇത്തരത്തില്‍ നീക്കിവയ്ക്കാനോ സംഭരണം പ്രായോഗികമാക്കാനോ സാധിച്ചിട്ടില്ല. ഇതിനു സമാനമായി റീപ്ളാന്റിംഗ് നടത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഹെക്ടറിന് ഏഴായിരം രൂപയോളം വരുന്ന സഹായം അവിടെ അനുവദിച്ചിരുന്നു. ഇവിടെയാകട്ടെ ആവര്‍ത്തനകൃഷിക്കുള്ള സബ്ഡിഡി പോലും കൃത്യമായി നല്‍കാന്‍ സാധിച്ചിട്ടില്ല.

പട്ടാള ഭരണകൂടം തായ്ലന്‍ഡില്‍ ഇത്ര വലിയ കാര്‍ഷിക പ്രതിബദ്ധത തെളിയിച്ചിരിക്കെ ഇവിടത്തെ ഭരണകൂടം കര്‍ഷകവിരുദ്ധരാണോ എന്നു സംശയിച്ചാല്‍ അതില്‍ തെറ്റില്ല-പി.സി. സിറിയക് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.