വാരിക്കുഴിയില്‍ വീണ കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്തി
വാരിക്കുഴിയില്‍ വീണ കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്തി
Saturday, October 25, 2014 12:27 AM IST
കോതമംഗലം: വാരിക്കുഴിയില്‍ വീണ കുട്ടിക്കൊമ്പനെ വനപാലകരും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി. വടാട്ടുപാറ പലവന്‍പടി വഞ്ചിക്കടവില്‍ ഇടമലയാര്‍ പുഴയ്ക്ക് അക്കരെ വനാന്തരത്തിലെ എട്ടടിയോളം താഴ്ചയുള്ള വാരിക്കുഴിയിലാണു കുട്ടിക്കൊമ്പന്‍ വീണത്. കുട്ടിക്കൊമ്പനൊപ്പം വലിയ ആനയും കുഴിയില്‍ വീണതിന്റെ കാല്‍പാടുകള്‍ ഉണ്ടായിരുന്നു. പിടിയാനയ്ക്കൊപ്പമാകാം കുട്ടിക്കൊമ്പന്‍ വീണത്. വ്യാഴാഴ്ച രാത്രിയിലാണ് ആനകള്‍ കുഴിയില്‍ വീണതെന്നു സംശയിക്കുന്നു. ഇന്നലെ രാവിലെ ഈറ്റവെട്ടുകാരും വാച്ചര്‍മാരുമാണു കാട്ടാനയും കുഞ്ഞും വാരിക്കുഴിയില്‍ വീണു കിടക്കുന്നത് ആദ്യം കണ്ടത്. കുട്ടിക്കൊമ്പനൊപ്പം വീണ വലിയ ആന കുഴിയില്‍നിന്ന് ഇതിനകം കരയ്ക്കുകയറി രക്ഷപ്പെട്ടിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കാട്ടാനക്കൂട്ടം ഏറെ പരിശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. കുഴിയുടെ മുകളിലെ വാവട്ടം ഭാഗത്തെ മണ്ണ് ഇടിച്ചും മരക്കൊമ്പുകള്‍ പിഴുതിട്ടും കുട്ടികൊമ്പനെ രക്ഷപ്പെടുത്താന്‍ ആനക്കൂട്ടം നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.

ഈറ്റവെട്ടുകാരും വാച്ചര്‍മാരും അറിയിച്ചതനുസരിച്ചു വടാട്ടുപാറ ഫോറസ്റ് സ്റ്റേഷന്‍, കുട്ടമ്പുഴ റെയ്ഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍നിന്നു വനപാലകര്‍ സ്ഥലത്തെത്തിയ ശേഷമാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. വാരിക്കുഴിയുടെ ഏതാനും മീറ്റര്‍ മാറി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതു മൂലം എല്ലാവരും ഭയാശങ്കയിലായിരുന്നു. കുട്ടിക്കൊമ്പനാണെങ്കില്‍ രക്ഷപ്പെടാനായി ചുറ്റിനുമുള്ള മണ്ണ് ഇടിച്ചു നിരപ്പാക്കികൊണ്ടിരുന്നു. ശ്രമം വിഫലമാകുമ്പോള്‍ ദേഷ്യം വന്ന് ഇടയ്ക്കിടെ ചിന്നം വിളിക്കും. കുഞ്ഞന്റെ ചിന്നംവിളി ഉയരുമ്പോള്‍ അപ്പുറത്തു തമ്പടിച്ചിട്ടുള്ള കാട്ടാനക്കൂട്ടവും കാടു കുലുങ്ങുമാറു ശബ്ദകോലാഹലം ഉണ്ടാക്കി. ഇടയ്ക്കു വനപാലകര്‍ മുകളില്‍നിന്ന് ഒരു ഞരളവള്ളിയുടെ തണ്ട് മുറിച്ചു കുട്ടിക്കൊമ്പനു നേരേ ഇട്ടു കൊടുത്തു. തുമ്പിക്കൈകൊണ്ടു വള്ളിയില്‍ പിടിത്തമിട്ട കുഞ്ഞന്‍ ആഞ്ഞു വലിച്ചു മുകളില്‍ കയറാന്‍ പലവട്ടം ശ്രമം നടത്തി. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ തുമ്പികൈയും കൈകാലുകളും മസ്തകവുംകൊണ്ടു കുഴിക്കു ചുറ്റിനുമുള്ള മണ്ണിടിച്ച് അരിശം തീര്‍ക്കുന്നതു കാണാമായിരുന്നു. ഏറെ നേരം വാരികുഴിയില്‍നിന്നിട്ടും കുഞ്ഞന്റെ കുറുമ്പ് ഏറിയതേയുള്ളൂ. ചെളിയില്‍ കിടന്ന് ഉരുണ്ട് ദേഹമാസകലം ചെളിയുടെ നിറമായിരുന്നു.


വനപാലകരും വാച്ചര്‍മാരുംചേര്‍ന്നു കുഴിയുടെ അരികിലെ മണ്ണ് കമ്പിപ്പാരയും മരക്കമ്പ് കൊണ്ടും ഇടിച്ചു ചാലുകീറി. മണ്ണിടിച്ചു പാതി ചെരിവുണ്ടാക്കിയപ്പേഴേക്കും കുഞ്ഞന്‍ തുമ്പിക്കൈ അമര്‍ത്തി കൈകള്‍ മുന്നോട്ടാഞ്ഞെങ്കിലും ഊര്‍ന്നു വീണു. പത്തു മിനിട്ടുകൊണ്ടു ചെരിവ് ശരിയാക്കിയതോടെ കുട്ടിക്കൊമ്പന്‍ തുമ്പിക്കൈ കുത്തി കൈകാലുകള്‍ അമര്‍ത്തി മുകളിലേക്കു കയറി. ആനയുടെ ഇരുവശത്തുനിന്നു രണ്ടു പേര്‍ കമ്പിപ്പാരയും മരക്കമ്പും ഉപയോഗിച്ചു ചെറുതായി താങ്ങികൊടുക്കുകയും ചെയ്തു. കുഴിക്കു മുകളില്‍ എത്തിയ കുട്ടികൊമ്പന്‍ അല്പസമയം അവിടെനിന്നു.

കുഴിയിലേക്കു വീണ്ടും എത്തിനോക്കി. മരക്കമ്പുകൊണ്ടു തട്ടി ശബ്ദമുണ്ടാക്കി മാറ്റിയിട്ടു. അഞ്ച് മിനിട്ടോളം ചെലവഴിച്ചശേഷം പതുക്കെ പിന്നോട്ടു നടന്നുനീങ്ങി തുമ്പിക്കൈ ഉയര്‍ത്തി ചിന്നം വിളിച്ച് ആനക്കൂട്ടത്തിനു സമീപത്തേക്കു മടങ്ങി. രണ്ടു വര്‍ഷം മുമ്പ് ഇതിനു സമീപത്തുള്ള മറ്റൊരു വാരിക്കുഴിയില്‍ കാട്ടാനയും കുഞ്ഞും വീണിരുന്നു. അന്നും വനപാലകരാണു രക്ഷപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.