ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ ദേശീയ സമ്മേളനം കന്യാകുമാരിയില്‍
Thursday, October 23, 2014 12:17 AM IST
മുംബൈ: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ (ഐസിപിഎ) ദേശീയ സമ്മേളനം കന്യാകുമാരിയിലെ ജസ്യൂട്ട് റിന്യൂവല്‍ സെന്ററായ തോഴമയി ഇല്ലത്ത് നാളെ ആരംഭിക്കും. രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റീസ് സിറിയക് ജോസഫ്, സിബിസിഐ സാമൂഹിക മാധ്യമ വിഭാഗം ചെയര്‍മാന്‍ ബിഷപ് ഡോ. സാല്‍വദോര്‍ ലോബോ, ഐസിപിഎ പ്രസിഡന്റ് ഫാ. അല്‍ഫോന്‍സോ ഇലഞ്ഞിക്കല്‍, സിസ്റര്‍ മാരിയോള സെക്യൂര, ജനറല്‍ സെക്രട്ടറി ജോസ് വിന്‍സെന്റ് എന്നിവര്‍ പ്രസംഗിക്കും. മാധ്യമപ്രവര്‍ത്തകരുടെ സമകാലിക ദൌത്യം എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.വി വിളനിലം പ്രഭാഷണം നടത്തും.

സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറാള്‍ ഫാ.ജോസ് പന്തപ്ളാംതൊട്ടിയില്‍ മോഡറേറ്ററായിരിക്കും. ഫാ. ഫ്രാന്‍സിസ് കാരയ്ക്കാട്ട് എസ്ഡിബി ആമുഖപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സെമിനാറില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ മോഡറേറ്ററായിരിക്കും. ഫാ. സെഡ്രിക് പ്രകാശ് (അഹമ്മദാബാദ്), കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി, എസ്പി ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം നാലിനു നടത്തുന്ന സംഘടനാതല ചര്‍ച്ചകള്‍ക്കു ഫാ. ജോര്‍ജ് പ്ളാത്തോട്ടം, ഫാ. ജൊവാക്കീം ഫെര്‍ണാണ്ടസ് എന്നിവര്‍ നേതൃത്വം നല്‍കും.


ശനിയാഴ്ച രാവിലെ ഒമ്പതിനു മാധ്യമങ്ങളുടെ ശാക്തീകരണം എന്ന വിഷയത്തില്‍ റവ.ഡോ എം.സി. രാജന്‍, ഫാ. എം.ജെ എഡ്വിന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിനു സമാപന സമ്മേളനത്തില്‍ ഐസിപിഎ ദേശീയ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിക്കും. തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന് ലൂയിസ് കരോന അവാര്‍ഡും പട്ടിക ജാതി പിന്നോക്ക വിഭാഗക്ഷേമ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ദീപിക തിരുവനന്തപുരം ലേഖകന്‍ റിച്ചാര്‍ഡ് ജോസഫിനും മികച്ച ഹിന്ദി മാധ്യമത്തിനുള്ള പുരസ്കാരം ഡല്‍ഹിയില്‍നിന്നുള്ള പ്രസിദ്ധീകരണമായ ബുലന്ദ് പ്രജാതന്ത്രയ്ക്കും മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ സമ്മാനിക്കും. കന്യാകുമാരി ജില്ലാ പോലീസ് ചീഫ് എന്‍. മണിവണ്ണന്‍, ഫാ. അല്‍ഫോന്‍സോ ഇലഞ്ഞിക്കല്‍, ജോസ് വിന്‍സെന്റ്, ഇഗ്നേഷ്യസ് ഗോല്‍സാവന്‍സ്, മാര്‍ഷല്‍ ഫ്രാങ്ക്, ഫാ. എഡ്വിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.