പൈനാപ്പിള്‍ കൃഷിക്കെതിരേയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന്
Thursday, October 23, 2014 12:10 AM IST
മൂവാറ്റുപുഴ: പൈനാപ്പിള്‍ കൃഷിക്കെതിരേ ഉയര്‍ന്ന പരാതികള്‍ അടിസ്ഥാനരഹിതമാണെന്നും കളനാശിനിയായി ഉപയോഗിക്കുന്ന കീടനാശിനികള്‍ കൃഷിവകുപ്പ് അംഗീകാരം നല്‍കിയിരിക്കുന്നവയാണെന്നും കൃഷിവകുപ്പ്. പൈനാപ്പിള്‍ ഒരേസമയത്തു പുഷ്പിക്കാന്‍ ഉപയോഗിക്കുന്ന എത്തിഫോണ്‍ കീടനാശിനിയല്ലെന്നും വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. കര്‍ഷകരെയും പൊതുജനങ്ങളെയും ഇക്കാര്യം ബോധ്യപ്പെടുത്തണമെന്ന് എല്ലാ കൃഷി ഓഫീസര്‍മാര്‍ക്കും നല്‍കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും പൈനാപ്പിള്‍ മിഷനും സംയുക്തമായി കാര്‍ഷിക വിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തി നടത്തിയ ശില്പശാലയിലെ തീരുമാനമനുസരിച്ചാണു കൃഷി ഡയറക്ടറുടെ ഉത്തരവ്.

പൈനാപ്പിള്‍ കൃഷിക്കെതിരേ വ്യാജപ്രചാരണം നടക്കുന്നതായും കൃഷി ചിലേടങ്ങളില്‍ തടസപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയും പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷനും നല്‍കിയ നിവേദനത്തെതുടര്‍ന്നാണു സര്‍ക്കാരിന്റെ ഈ വിഷയം സംബന്ധിച്ചു ശില്പശാല സംഘടിപ്പിച്ചത്. അന്യസംസ്ഥാനങ്ങളിലേക്കും നിരവധി രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്ന ഏക പഴവര്‍ഗമായ പൈനാപ്പിള്‍ ആരോഗ്യത്തിന് ഗുണകരമാണെന്നു ശില്‍പശാല അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


പൈനാപ്പിള്‍ മേഖലയില്‍ അടുത്ത കാലത്ത് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഈ ഉത്തരവ് സഹായകരമാണെന്നു ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ പറഞ്ഞു. വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ശാസ്ത്രീയ പിന്‍ബലത്തിന്റെ അടിസ്ഥാനത്തിലും പഠന, നിരീക്ഷണങ്ങള്‍ക്കു ശേഷവുമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.