ഫാ. സെബാസ്റ്യന്‍ പന്തലാനിക്കലിനു ആദരാഞ്ജലികള്‍
Thursday, October 23, 2014 12:02 AM IST
കറുകച്ചാല്‍: ദിവ്യബലി അര്‍പ്പണത്തിനിടയില്‍ കുഴഞ്ഞുവീണു മരിച്ച ഫാ. സെബാസ്റ്യന്‍ പന്തലാനിക്കലിനു നെടുംകുന്നം നിവാസികളുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹം അവസാനം ബലിയര്‍പ്പിച്ച നെടുംകുന്നം മദര്‍തെരേസാ ഹോമിലും ദിവ്യബലി അര്‍പ്പിക്കാനെത്തിയിരുന്ന കോമാക്കല്‍ ചാപ്പലിലും വൈകുന്നേരം പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മദര്‍തെരേസാ ഹോമില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ഫൊറോന വികാരി റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, മദര്‍തെരേസാ ഹോം ഡയറക്ടര്‍ റവ. ഡോ. ആന്റണി മണ്ണാര്‍കുളം എന്നിവര്‍ കാര്‍മികത്വംവഹിച്ചു. ഫാ. സെബാസ്റ്യന്‍ പന്തലാനിക്കല്‍ ദീര്‍ഘകാലത്തെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം നെടുംകുന്നം മദര്‍തെരേസാ ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴിന് ഇവിടെ ദിവ്യബലി അര്‍പ്പിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നു രാവിലെ 8.30-ന് പൂവരണിയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ പൂവരണി തിരുഹൃദയ ദേവാലയത്തില്‍ സംസ്കാരം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.