അരനൂറ്റാണ്ടിന്റെ ഓര്‍മക്കൂട്ടം
Thursday, October 23, 2014 11:55 PM IST
കോട്ടയം: ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ അരനൂറ്റാണ്ടിനു ശേഷം അവര്‍ ഒത്തുചേരും. 1964 ഒക്ടോബര്‍ 24-നു കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനം വിട്ടു കേരള സ്റുഡന്റ്സ് കോണ്‍ഗ്രസ് (കെഎസ്സി) എന്ന പ്രത്യേക സംഘടനയ്ക്കു രൂപംകൊടുത്ത ചങ്ങനാശേരി നളന്ദാ ട്യൂട്ടോറിയല്‍ തന്നെയാണ് ആ സംഘടനയുടെ നാളിതുവരെയുള്ള നേതാക്കളുടെ അപൂര്‍വവും വ്യത്യസ്തവുമായ സുഹൃദ് സംഗമത്തിനു വേദിയാവുന്നത്. സംസ്ഥാന പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എംപി-എംഎല്‍എമാര്‍, സര്‍വകലാശാല യൂണിയന്‍ ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

1964 ഒക്ടോബര്‍ 24 രാവിലെ പത്തിനാണു മധ്യതിരുവിതാംകൂറിലെ കോളജുകളില്‍നിന്നുള്ള ഒമ്പതു വിദ്യാര്‍ഥി നേതാക്കള്‍ നളന്ദാ ട്യൂട്ടോറിയല്‍ കോളജിലെ ചെറിയ ക്ളാസ് മുറിയില്‍ ഒത്തുചേര്‍ന്നത്. ചങ്ങനാശേരി എന്‍എസ്എസ് കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ഉസ്മാന്‍ കങ്ങഴ, എസ്ബി കോളജിലെ വി.വി. ജോഷി എന്നിവരായിരുന്നു മുഖ്യ സംഘാടകര്‍. രണ്ടാഴ്ച മുമ്പ് ഒക്ടോബര്‍ ഒമ്പതിനു 15 കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട കേരള കോണ്‍ഗ്രസിനോടുള്ള വിദ്യാര്‍ഥി ലോകത്തിന്റെ പ്രതികരണമായി യോഗം. പങ്കെടുത്തവരെല്ലാം കോണ്‍ഗ്രസ് അനുകൂല ഓള്‍ കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. (അന്നു കെഎസ്യുവിനോടൊപ്പം ഈ സംഘടനയും കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗം).

യോഗം പുതിയ സംഘടനയ്ക്കു രൂപം നല്‍കി. ആദ്യ പേര് കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് (കെവിസി) പ്രസിഡന്റ് യോഗാധ്യക്ഷനായ ഉസ്മാന്‍ കങ്ങഴ. വി.വി. ജോഷി ജനറല്‍ സെക്രട്ടറി. അടുത്തവര്‍ഷം ബാബു ആറാട്ടുപുഴ പ്രസിഡന്റായി. അദ്ദേഹം സൈനിക സേവനം തൊഴിലാക്കി കേരളം വിട്ടപ്പോള്‍ ഉസ്മാന്‍ കങ്ങഴ ഒരിക്കല്‍ക്കൂടി പ്രസിഡന്റായി.

1967-68 ല്‍ സണ്ണി മണ്ണത്തൂക്കാരന്‍ പ്രസിഡന്റായിരിക്കെയാണു സംഘടനയുടെ പേര് കെഎസ്സി (കേരള സ്റുഡന്റ്സ് കോണ്‍ഗ്രസ്) എന്നായത്. തുടര്‍ന്നു സ്റീഫന്‍ ചാമപ്പറമ്പില്‍, തോമസ് കുതിരവട്ടം, സാമുവല്‍ കുമ്പഴ, ടി.എം. ജേക്കബ്, പി.സി. ജോസഫ് എന്നിവര്‍ അധ്യക്ഷരായി. 1976 മുതല്‍ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുകള്‍ കെഎസ്സിയിലേക്കും പടര്‍ന്നു.

അരനൂറ്റാണ്ടിനിടെ പ്രതിഭാധനരുടെ നീണ്ട നേതൃനിരയെ കെഎസ്സി കേരളത്തിനു നല്‍കി. ടി.എം. ജേക്കബ് പലതവണ എംഎല്‍എയും മന്ത്രിയുമായി. തോമസ് കുതിരവട്ടം, കെ. മോഹന്‍ദാസ്, ജോയി ഏബ്രഹാം എന്നിവര്‍ എംപിമാരായി. ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ്, ജോണി നെല്ലൂര്‍, പി.സി. ജോര്‍ജ്, തോമസ് കല്ലമ്പള്ളി, ജോയി ഏബ്രഹാം, മാത്യു സ്റീഫന്‍, പി.എം. മാത്യു, ജോസഫ് എം. പുതുശേരി, ആന്റണി രാജു, തോമസ് ഉണ്ണിയാടന്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റിന്‍ എന്നിവരൊക്കെ എംഎല്‍എമാരായി.


സാബു വര്‍ഗീസ് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായി. ടി.വി. ഏബ്രഹാം, വി.എ. ഉലഹന്നാന്‍, കുര്യന്‍ ജോസഫ്, ജോസ് ടോം, ഡിജോ കാപ്പന്‍, ജോണ്‍ ജോസഫ്, തോമസ് കട്ടക്കയം, ഷേര്‍ലി ഏബ്രഹാം, ഡാലിയ മൈക്കിള്‍ എന്നിവര്‍ കേരള സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളായി. 1983 ല്‍ രൂപീകൃതമായ മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായി ആന്റണി എം. ജോണും കൊച്ചി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി പി.ഡി. സെബാസ്റ്യനും തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കുന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.

സംഘടനയുടെ അമരക്കാരായി ധീരോദാത്തമായ നേതൃത്വം നല്‍കി ലോകത്തെ വിട്ടുപിരിഞ്ഞ ടി.എം. ജേക്കബ്, സാമുവര്‍ കുമ്പഴ, ടി.വി. ഏബ്രഹാം, തോമസ് കല്ലംപള്ളി, ടി.ഐ. ദാനിയേല്‍, ടി.ബി. നന്ദകുമാര്‍, സക്കറിയാസ് കാട്ടുവള്ളി തുടങ്ങിയവരെ സഹപ്രവര്‍ത്തകര്‍ വേദനയോടെ അനുസ്മരിക്കുന്നു. കാലാകാലങ്ങളില്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നവരും അകാലത്തില്‍ വിട്ടുപിരിഞ്ഞവരുമായ മറ്റു നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും സ്മരിക്കുന്നു.

കഴിഞ്ഞകാലങ്ങളില്‍ പാര്‍ട്ടിവിട്ടവരും സജീവ രാഷ്ട്രീയം ഉപേക്ഷിച്ചവരും ഏറെയാണ്. വിദേശത്തായിരുന്ന ആദ്യ പ്രസിഡന്റ് ഉസ്മാന്‍ കങ്ങഴ എറണാകുളത്ത് എസ്ആര്‍എം റോഡിലുള്ള വീട്ടില്‍ വിശ്രമജീവിതം നയിക്കുന്നു. വി.വി. ജോഷി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗവും സ്റീഫന്‍ ചാമപ്പറമ്പില്‍ മാവേലിക്കര ബാറില്‍ അഭിഭാഷകനുമായി. പി.എം. മാത്യു, ശോഭനാ ജോര്‍ജ് തുടങ്ങി പലരും കോണ്‍ഗ്രസിലേക്കു മടങ്ങി. വര്‍ഗീസ് ജോര്‍ജ് കോളജ് പ്രഫസറും ജനതാദള്‍ സെക്രട്ടറി ജനറലുമായി. ഐ.പി. പോള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തൃശൂര്‍ മേയറായി.

നാളെ രാവിലെ 10-ന് ചരിത്രത്തിന്റെ പുനരാവര്‍ത്തനമായി, അരനൂറ്റാണ്ടു മുമ്പ് കെഎസ്സി ജന്മമെടുത്ത ചങ്ങനാശേരി നളന്ദാ ട്യൂട്ടോറിയല്‍ ആ വിദ്യാര്‍ഥി സംഘടനയിലൂടെ രാഷ്ട്രീയ ജീവിതത്തിനു തുടക്കംകുറിച്ചവരുടെ സ്നേഹസംഗമം നടക്കുന്നു. കലാലയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഊഷ്മളമായ ഓര്‍മകളും ആഴത്തിലുളള സ്നേഹവും പങ്കുവയ്ക്കപ്പെടുന്ന ഈ കൂട്ടായ്മയിലേക്കു കഴിയുന്നത്ര നേതാക്കളെ നേരിട്ടു ക്ഷണിച്ചിട്ടുണ്െടന്നും ഇതുവരെ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ ഇതൊരറിയിപ്പായി കണക്കാക്കി ഒത്തുചേരലില്‍ പങ്കെടുക്കണമെന്നും സംഘാടകര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ക്കു ഡിജോ കാപ്പന്‍ ഫോണ്‍: 9447300978.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.