ട്രെയിനുകളിലെ സ്ത്രീസുരക്ഷ: കേന്ദ്രമന്ത്രിക്കു കത്തയച്ചെന്നു ചെന്നിത്തല
ട്രെയിനുകളിലെ സ്ത്രീസുരക്ഷ: കേന്ദ്രമന്ത്രിക്കു കത്തയച്ചെന്നു ചെന്നിത്തല
Thursday, October 23, 2014 11:54 PM IST
ആലുവ: ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമം പെരുകുന്ന സാഹചര്യത്തില്‍ സ്ത്രീസുരക്ഷയ്ക്കു കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദഗൌഡയ്ക്കു കത്തയച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആലുവ പോലീസ് വനിതാ സെല്‍ ആന്‍ഡ് ഫാമിലി കൌണ്‍സലിംഗ് സെന്ററിന്റെ പുതിയ മന്ദിരം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ സ്റേഷന്‍ വരെ മാത്രമേ സംസ്ഥാന പോലീസിന് അധികാരമുള്ളൂ. ട്രെയിനുകളില്‍ ആര്‍പിഎഫിനാണ് അധികാരം.

നിര്‍ഭയ പദ്ധതി സ്ത്രീകള്‍ക്കു സംരക്ഷണം ഉറപ്പു നല്‍കാന്‍ പര്യാപ്തമാണ്. പോലീസില്‍ വനിതാപ്രാതിനിധ്യം പത്തു ശതമാനമെങ്കിലും ആക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. വൈകാതെ 60 വനിതാ എസ്ഐമാരെ നേരിട്ടു നിയമിക്കും. 260 വനിതാ പോലീസുകാര്‍ക്കു പിഎസ്സി വഴി നിയമനം നല്‍കും.ആലുവ പോലീസ് സ്റേഷന്‍ മന്ദിരം പുനര്‍നിര്‍മിക്കുന്നതും എടത്തല പോലീസ് സ്റേഷന്‍ തുടങ്ങുന്നതും ആലുവ വനിതാ സെല്‍ വനിതാ സ്റേഷനാക്കുന്ന കാര്യവും ആലുവ ട്രാഫിക് യൂണിറ്റ് സ്റേഷനാക്കി ഉയര്‍ത്തുന്ന കാര്യവും ഉടന്‍ നടപ്പാ ക്കും. ആലുവയില്‍ 12 പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ കൂടി നിര്‍മിക്കും. അതിലൊന്നു വനിതാ പോലീസിനാണെന്നും ചെന്നിത്തല പറഞ്ഞു.


2,500 ചതുരശ്ര അടിയില്‍ നിര്‍മിച്ചിട്ടുള്ള വനിതാസെല്‍ ആന്‍ഡ് ഫാമിലി കൌണ്‍സലിംഗ് സെന്ററിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ക്കായി രണ്ടു ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ടി. ജേക്കബ്, വൈസ് ചെയര്‍പേഴ്സണ്‍ ലിസി ഏബ്രഹാം, കൌണ്‍സിലര്‍ എം.പി. സൈമണ്‍, മധ്യമേഖലാ ഐജി എം.ആര്‍. അജിത്കുമാര്‍, എറണാകുളം റൂറല്‍ എസ്പി എസ്. സതീഷ് ബിനോ, വനിതാ സെല്‍ അഡ്വൈസറി ബോര്‍ഡംഗം ഡോ. മ്യൂസ് മേരി ജോര്‍ജ്, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഹന്‍രാജ്, ഡിവൈഎസ്പി സനല്‍കുമാര്‍, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കെ.ജി. വിജയന്‍, വനിതാ സെല്‍ സിഐ പി.കെ. രാധാമണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.