ഛാന്ദാ നിയുക്ത ബിഷപ് റവ. ഡോ.എഫ്രേം നരികുളത്തിന്റെ സ്ഥാനാരോഹണം നാളെ
ഛാന്ദാ നിയുക്ത ബിഷപ് റവ. ഡോ.എഫ്രേം നരികുളത്തിന്റെ സ്ഥാനാരോഹണം നാളെ
Thursday, October 23, 2014 11:54 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: മഹാരാഷ്ട്രയിലെ ഛാന്ദാ രൂപതയുടെ നിയുക്ത മെത്രാന്‍ റവ.ഡോ.എഫ്രേം നരികുളത്തിന്റെ സ്ഥാനാരോഹണം നാളെ നടക്കും. ബല്ലാര്‍ഷാ സെന്റ് തോമസ് കത്തീഡ്രലില്‍ രാവിലെ 9.30ന് മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു ശുശ്രൂഷകള്‍.

നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുത്തുകുളങ്ങര, രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം എന്നിവര്‍ മുഖ്യസഹകാര്‍മികരാകും. തുടര്‍ന്നു നവാഭിഷിക്ത ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ ജോസഫ് കുന്നോത്ത്, മാര്‍ സൈമണ്‍ സ്റോക്ക് പാലാത്ര, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ആന്റണി ചിറയത്ത്, ഡോ.പോള്‍ ദുപാരെ, ഡോ.ഏല്യാസ് ഗൊണ്‍സാല്‍വസ്, ഡോ.പോള്‍ മയ്പാന്‍ എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞു മൂന്നിനു ബിഷപ്സ് ഹൌസ് അങ്കണത്തില്‍ നടക്കുന്ന അനുമോദന സമ്മേളനത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ മത, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ നവാഭിഷിക്ത മെത്രാന് ആശംസകളര്‍പ്പിക്കും.


സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി, എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി റവ.ഡോ.കുര്യാക്കോസ് മുണ്ടാടന്‍, രൂപതയിലെ വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍, റവ.ഡോ. ആന്റണി നരികുളം ഉള്‍പ്പെടെ നിയുക്തമെത്രാന്റെ കുടുംബാംഗങ്ങള്‍, മാതൃഇടവകയായ നായരമ്പലത്തെയും മാര്‍ നരികുളം നേരത്തെ സേവനം ചെയ്ത സ്ഥലങ്ങളിലെയും പ്രതിനിധികള്‍ എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കും.

വിരമിച്ച മാര്‍ വിജയാനന്ദ് നെടുംപുറത്തിന്റെ പിന്‍ഗാമിയായാണു റവ.ഡോ.നരികുളം സ്ഥാനമേല്‍ക്കുന്നത്.

കേരളത്തിനു പുറത്തു സ്ഥാപിതമായ ആദ്യത്തെ സീറോ മലബാര്‍ രൂപതയാണു ഛാന്ദ. 1977ലാണു തുടക്കം. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍, ഗഡ്ചിറോളി, വാര്‍ധ എന്നീ ജില്ലകളിലാണു രൂപത വ്യാപിച്ചുകിടക്കുന്നത്. നാഗ്പൂരില്‍നിന്നു 300 കിലോമീറ്റര്‍ ദൂരത്തുള്ള ബല്ലാര്‍ഷായിലാണു രൂപതയുടെ ആസ്ഥാനം. സിഎംഐ സഭാംഗങ്ങളായ മാര്‍ ജാനുവാരിയൂസ് പാലാത്തുരുത്തിയും മാര്‍ വിജയാനന്ദ് നെടുംപുറവുമാണു നിയുക്ത മെത്രാന്റെ മുന്‍ഗാമികള്‍. എറണാകുളം- അങ്കമാലി അതിരൂപതയിലെ നായരമ്പലം ഇടവകയില്‍ നരികുളം പരേതരായ തോമസിന്റെയും ത്രേസ്യാമ്മയുടെയും മകനാണു മാര്‍ എഫ്രേം നരികുളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.