ഡോക്ടര്‍മാരുടെ കൂട്ടഅവധി തെറ്റെന്നു മനുഷ്യാവകാശ കമ്മീഷന്‍
Thursday, October 23, 2014 11:53 PM IST
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ കേവലം ശമ്പളക്കാരായി നിയമാനുസൃതം ജോലിചെയ്യേണ്ടവരല്ലെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി. അതു ദൈവികമായ കര്‍ത്തവ്യമാണെന്നും അവര്‍ കൂട്ട അവധിയെടുത്തു സമ്മേളനത്തിനു പോകുന്നതു ശരിയല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ഒക്ടോബര്‍ 11 ന് നടന്ന അനസ്തേഷ്യ ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജിലെ അനസ്തേഷ്യ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത സംഭവത്തെക്കുറിച്ചു വിശദീകരണം സമര്‍പ്പിക്കാനും കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. കേരളത്തില്‍ എത്ര അനസ്തേഷ്യ ഡോക്ടര്‍മാരുണ്െടന്നും ഇവരില്‍ എത്രപേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജോലിചെയ്യുന്നുണ്െടന്നും സര്‍ക്കാര്‍ വിശദീകരിക്കണം. അവരില്‍ എത്രപേര്‍ അനസ്തേഷ്യ സമ്മേളനത്തില്‍ പങ്കെടുത്തെന്നും അറിയിക്കണം.

കോട്ടയം മെഡിക്കല്‍ കോളജിലെ അനസ്തേഷ്യ വിഭാഗത്തില്‍ എത്ര ഡോക്ടര്‍മാരുണ്െടന്നും എത്ര പിജി വിദ്യാര്‍ഥികള്‍ ഉണ്െടന്നും അവരില്‍ എത്രപേര്‍ ഒക്ടോബര്‍ 11 ന് മുന്‍കൂര്‍ അവധി നല്‍കിയെന്നും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിശദീകരിക്കണം. അന്ന് എത്രപേര്‍ അവധി നല്‍കാതെ വരാതിരുന്നെന്നും അറിയിക്കണം. ഒക്ടോബര്‍ 11ന് മേജര്‍ ഓപ്പറേഷന്‍ ഏതെങ്കിലും നടന്നോ എന്നും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിക്കണം.ഒക്ടോബര്‍ 11 ന് കോട്ടയം മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്യാനെത്തിയ കമ്മീഷന്‍ അധ്യക്ഷനോടു രോഗികളുടെ ബന്ധുക്കള്‍ നേരിട്ടു പറഞ്ഞ പരാതിയുടെയും പത്രവാര്‍ത്തയുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റര്‍ ചെയ്ത കേസിലാണു നടപടി.


സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ പണമില്ലാത്തവര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്തെങ്കില്‍ അതു തെറ്റുതന്നെയാണെന്ന് ജസ്റീസ് ജെ.ബി. കോശി നോട്ടീസില്‍ നിരീക്ഷിച്ചു. കേരളത്തില്‍ 1700 ലധികം അനസ്തേഷ്യ ഡോക്ടര്‍മാര്‍ ഉള്ളതില്‍ സമ്മേളനത്തില്‍ പങ്കെടുത്തത് അതിന്റെ നാലിലൊന്നു പേര്‍ മാത്രമാണെന്ന് വിവരം ലഭിച്ചതായും കമ്മീഷന്‍ നിരീക്ഷിച്ചു.കോട്ടയം മെഡിക്കല്‍ കോളജ് അനസ്തേഷ്യ വിഭാഗം മേധാവിയും ഐഎംഎ സെക്രട്ടറിയും നവംബര്‍ 30 നകം തിരുവനന്തപുരത്ത് കമ്മീഷന്‍ ആസ്ഥാനത്ത് വിശദീകരണം ഫയല്‍ ചെയ്യണം. കേസ് ഡിസംബറില്‍ കോട്ടയത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.