സ്കൂളിന്റെ മൂന്നാംനിലയില്‍നിന്നു വീണു വിദ്യാര്‍ഥിനിക്കു ഗുരുതര പരിക്ക്
Wednesday, October 22, 2014 12:28 AM IST
തളിപ്പറമ്പ്: സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെക്കുറിച്ച് അധ്യാപകര്‍ ചോദ്യംചെയ്യുന്നതിനിടെ സ്കൂളിന്റെ മൂന്നാംനിലയില്‍നിന്നു വീണ പ്ളസ്വണ്‍ വിദ്യാര്‍ഥിനിക്കു ഗുരുതരമായി പരിക്കേറ്റു. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അണ്‍-എയ്ഡഡ് വിഭാഗത്തിലെ വിദ്യാര്‍ഥിനി പട്ടുവം സ്വദേശിനിയായ ജസീല(17)യ്ക്കാണു പരിക്കേറ്റത്. നട്ടെല്ലിനു പരിക്കേറ്റ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സ്കൂളില്‍ കലോത്സവം നടക്കുന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് അവധി നല്കിയിരുന്നു. അതിനിടെ, ക്ളാസില്‍ ജസീല മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു കണ്ട അധ്യാപിക സ്റാഫ് റൂമിലേക്കു കൂട്ടിക്കൊണ്ടുപോവുകയും മറ്റ് അധ്യാപകര്‍ ചേര്‍ന്നു ശാസിക്കുകയും ചെയ്തുവത്രേ. രക്ഷിതാവിനെ കൊണ്ടുവന്നാല്‍ മാത്രമേ ഫോണ്‍ തിരികെ തരൂ എന്നു പറഞ്ഞതു കേട്ട ഉടനെ കുട്ടി പുറത്തേക്കോടി മൂന്നാംനിലയില്‍നിന്നു താഴേക്കു ചാടുകയായിരുന്നുവെന്നാണു സ്കൂള്‍ അധികൃതര്‍ പറയുന്നത്.

എന്നാല്‍, ശാസനയ്ക്കിടെ വടികൊണ്ട് അടിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയ കുട്ടി താഴേക്കു വീണതാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. സാരമായി പരിക്കേറ്റ ജസീലയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയും സ്കാനിംഗില്‍ നട്ടെല്ലിനു പൊട്ടല്‍ കണ്ടതിനെത്തുടര്‍ന്നു മംഗലാപുരത്തേക്കു കൊണ്ടുപോകുകയുമായിരുന്നു.


വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണതറിഞ്ഞിട്ടും കലോത്സവ പരിപാടികള്‍ തുടര്‍ന്ന സ്കൂള്‍ അധികൃതര്‍ക്കെതിരേ വന്‍ ജനരോഷമുയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, എസ്ഡിപിഐ പ്രവര്‍ത്തകര്‍ സ്കൂളിലെത്തി ബഹളം വച്ചതിനെ ത്തുടര്‍ന്നു പിന്നീടു പരിപാടികള്‍ നിര്‍ത്തിവച്ചു. അതിനിടെ, അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ കടുത്ത വാക്കേറ്റവുമുണ്ടായി.

തളിപ്പറമ്പ് അഡീഷണല്‍ എസ്ഐ പി. രാമചന്ദ്രന്‍, ട്രാഫിക് യൂണിറ്റ് എസ്ഐ കെ.എസ്. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്കൂള്‍ അധികൃതര്‍ പിടിച്ചെടുത്ത വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ പോലീസിനു കൈമാറുമെന്നു സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവമറിഞ്ഞു ശിശുക്ഷേമ സമിതി അംഗം വി.സി. വിജയരാജന്‍ സ്കൂളിലെത്തി അന്വേഷണം നടത്തി. വിദ്യാര്‍ഥികളില്‍നിന്നു മൊഴിയെടുത്തശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.